അഞ്ച് വര്‍ഷത്തിന് ശേഷം റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. 0.25 ശതമാനമാണ് കുറവ്. 6.25 ശതമാനമാണ് ഇപ്പോള്‍ റിപ്പോ നിരക്ക്. ഇതോടെ വായ്പ പലിശയിലും കുറവുണ്ടാകും. സാമ്പത്തിക വളർച്ചയുടെ വേഗം കുറയുന്നത് ആശങ്കക്കിടയാക്കിയ സാഹചര്യത്തിലാണ് ആര്‍ബിഐ നീക്കം. പണപ്പെരുപ്പം നാല് ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര തീരുമാനം പ്രഖ്യാപിച്ചത്.
2020 മേയ് മാസമാണ് ഇതിനുമുന്‍പ് റീപ്പോനിരക്ക് കുറച്ചത്. റിസർവ് ബാങ്കിന്‍റെ പുതിയ ഗവർണർ സഞ്ജയ് മൽഹോത്ര നേതൃത്വം നല്‍കിയ ആദ്യ എംപിസി യോഗം ഐകകണ്ഠ്യേനയാണ് പലിശ കുറയ്ക്കാന്‍ തീരുമാനിച്ചത്. ആര്‍ബിഐ വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് റിപ്പോ. 2020 മേയില്‍ റിസര്‍ബാങ്ക് 0.40 ശതമാനം പലിശ കുറച്ചിരുന്നു.
2025 ലെ കേന്ദ്രബജറ്റിന് ശേഷമുള്ള പ്രതീക്ഷകൾക്ക് അനുസൃതമായാണ് പുതിയ നീക്കം. നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി ആര്‍ബിഐ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് ചെറിയ മുന്നേറ്റം ഉണ്ടായി. ഡോളര്‍ ഒന്നിന് 87.48 രൂപ എന്ന നിലയിലേക്ക് മൂല്യം ഉയര്‍ന്നു. പലിശ കുറച്ചതിന്‍റെ വലിയ സ്വാധീനം ഓഹരി വിപണിയില്‍ ഉണ്ടായില്ല. എങ്കിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അടിസ്ഥാന പലിശ നിരക്ക് കുറയുന്നതോടെ റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയ വായ്പ പലിശ നിരക്കുകളും കുറയും. ഇത് ഇംഎംഐ അടയ്ക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകും.
2019 ഒക്ടോബറിന് ശേഷം അനുവദിച്ച എല്ലാ റീട്ടെയില്‍ ഫ്ലോട്ടിംഗ്-റേറ്റ് വായ്പകളും എക്സ്റ്റേണല്‍ ബെഞ്ച്‌മാർക്കുമായി ലിങ്ക് ചെയ്‌തവയാണ്. മിക്ക വായ്പകളും റിപ്പോ നിരക്കാണ് ബെഞ്ച്മാര്‍ക്കായി പിന്തുടരുന്നത് എന്നതിനാല്‍ നിരക്ക് കുറയ്ക്കൽ വായ്പയുള്ളവര്‍ക്ക് നേട്ടമാകും. ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് ആശ്വാസമാകും.
ഇന്ത്യയിലെ ഭൂരിഭാഗം ഭവന വായ്പകളും ഫ്ലോട്ടിംഗ് പലിശ നിരക്കാണ് പിന്തുടരുന്നത്. അതിനാല്‍ പലിശഭാരം കുറയുന്നത് ഭവന വായ്പയെടുത്ത വലിയൊരു വിഭാഗത്തിന് ഇത് ആശ്വാസം നൽകും. ഒന്‍പത് ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപയുടെ ഭവന വായ്പ (20 വര്‍ഷത്തെ തിരിച്ചടവ്) എടുത്തയാള്‍ക്ക് 44,986 രൂപയാണ് പ്രതിമാസം തിരിച്ചടവ് (ഇഎംഐ) വരുന്നത്. വായ്പ കാലയളവില്‍ 58 ലക്ഷം രൂപ പലിശയായി അടയ്ക്കേണ്ടി വരും. പുതിയ സാഹചര്യത്തില്‍ മൊത്തം പലിശ ഭാരം 53.6 ലക്ഷം രൂപയായി കുറയും. കാല്‍ ശതമാനം പലിശ കുറയുമ്പോള്‍ ഭവന വായ്പെടുത്തയാള്‍ക്ക് 4.40 ലക്ഷം രൂപയോളം ലാഭം വരും. അതോടൊപ്പം വായ്പ കാലയളവ് 230 മാസമായി ചുരുങ്ങുകയും ചെയ്യും.