സ്വര്‍ണ വില കത്തികയറുന്ന സമയത്തെ കേന്ദ്ര ബജറ്റില്‍ വിലയെ പിടിച്ചു നിര്‍ത്താന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്നും ആറു ശതമാനമായി കുറച്ച നടപടി പോലൊന്ന് വിപണിയുടെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ ഇത്തവണ സ്വര്‍ണാഭരണങ്ങളുടെ ഇറക്കുമതി തീരുവയിലാണ് കേന്ദ്രം ഇടപെടല്‍ നടത്തിയത്.
ബജറ്റില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 20 ശതമാനമാക്കി കുറച്ചു. നേരത്തെയിത് 25 ശതമാനമായിരുന്നു. ഇതിനൊപ്പം രത്നം പതിപ്പിച്ച ആഭരണങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായും കുറച്ചു.
ഫെബ്രുവരി രണ്ട് മുതല്‍ ഇത് നിലവില്‍ വരും. ഇതോടെ ഇറക്കുമതി ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് വില കുറയും. സ്വര്‍ണാഭരണങ്ങളുടെ ഉയര്‍ന്ന ഉപഭോഗമുള്ള ഇന്ത്യയില്‍ തീരുവ കുറയ്ക്കാനുള്ള തീരരുമാനം ആഭ്യന്തര ഡിമാന്‍റ് വര്‍ധിപ്പിക്കുമെന്നാണ് വിപണി പ്രതീക്ഷ. പ്രത്യേകിച്ച് ലക്ഷ്വറി ആഭരണങ്ങളുടെ വിലയില്‍ ഇത് കാര്യമായ കുറവ് വരുത്തും.
ബജറ്റ് തീരുമാനം വന്നതിന് പിന്നാലെ ജുവലറി ഓഹരികള്‍ വലിയ മുന്നേറ്റമുണ്ടാക്കി. പി എന്‍ ഗാഡ്ഗിൽ ജ്വല്ലേഴ്‌സ് 10 ശതമാനം ഉയര്‍ന്നു. സെന്‍കോ ഗോള്‍ഡ് 9.62 ശതമാനവും കല്യാണ്‍ ജുവല്ലേഴ്സ് 14.04 ശതമാനവും ഉയര്‍ന്നു. ടൈറ്റാന്‍ ഓഹരി 6.06 ശതമാനവും ത്രിഭോവൻദാസ് ഭീംജി സവേരി 6.81 ശതമാനവും ഉയര്‍ന്നു.