തമിഴ്നാട് ആസ്ഥാനമായ സൗത്ത് ഇന്ത്യയിലെ പ്രമുഖ വെജിറ്റേറിയൻ ഭക്ഷണ ബ്രാൻഡ് അഡയാർ ആനന്ദ ഭവന്റെ ഭൂരിഭാഗം ഓഹരിയും സ്വന്തമാക്കി ബോധി ട്രീ സിസ്റ്റംസ്. 1600 കോടി രൂപയാണ് ബോധി ട്രീ സിസ്റ്റംസ് എ2 ബിയിൽ നിക്ഷേപിച്ചത്. ജെയിംസ് മർഡോക്കും റിലയൻസ് - സിഡ്‌നി ഇന്ത്യ ഉദ്യോഗസ്ഥൻ ഉദയ് ശങ്കറും ചേർന്ന് സ്ഥാപിച്ച കമ്പനിയാണ് ബോധി ട്രീ സിസ്റ്റംസ്.
അഡയാർ ആനന്ദ ഭവനെ രാജ്യാന്തര തലത്തിലേക്ക് ഉയർത്താനും ഉത്തരേന്ത്യയിലും യൂറോപ്പിലും ഔട്ട് ലെറ്റുകൾ തുടങ്ങാനുമാണ് പുതിയ ലക്ഷ്യം. ചെന്നൈയിലെയും ബെംഗളൂരുവിലെയും ഫാക്ടറികൾ നവീകരിക്കാനും ഭാവിയിൽ പ്രാരംഭ ഓഹരിവില്‍പ്പനയ്ക്ക് തയാറെടുക്കാനും പദ്ധതിയുണ്ട്. നിലവിൽ ഇന്ത്യയിൽ 160 ഉം വിദേശത്ത് 30ൽ അധികം റസ്റ്ററൻ്റുകളുമുള്ള A2Bയിൽ 15,000ൽ അധികം ജീവനക്കാരുണ്ട്.
തമിഴ്നാട്ടിൽ വെജിറ്റേറിയൻ ഭക്ഷണമെന്നാൽ ആദ്യം ഓർമ്മ വരുന്ന പേരാണ് A2B. ഈ ബ്രാൻഡ് നെയിമിൽ അറിയപ്പെടുന്ന അഡയാർ ആനന്ദ ഭവന്റെ തുടക്കം തമിഴ്നാട് രാജപാളയത്തെ ചെറിയൊരു മിഠായി കടയിൽ നിന്നായിരുന്നു. 1960 ൽ രാജപാളയത്ത് ശ്രീ ഗുരു സ്വീറ്റ്സ് എന്ന പേരിൽ കെ.എസ്. തിരുപ്പതി രാജയാണ് മിഠായി കട തുടങ്ങിയത്.
പിന്നീട് ശ്രീ ശ്രീനിവാസ സ്വീറ്റ്സ് എന്ന പേരിൽ ബെംഗളൂരുവിലും മിഠായി കട തുടങ്ങി. മക്കളായ കെ.ടി. വെങ്കിടേശനും കെ.ടി. ശ്രീനിവാസ രാജയുമായിരുന്നു സഹായികൾ. തുടർന്ന് ശ്രീ ആനന്ദ ഭവൻ എന്ന പേരിൽ ചെന്നൈയിലും തുടങ്ങി. പിന്നീട് അടയാറിൽ ആരംഭിച്ച ആനന്ദ ഭവൻ വൻ വിജയമായതോടെയാണ് അഡയാർ ആനന്ദ ഭവൻ എന്ന ബ്രാൻഡ് നെയിമിലേക്ക് എത്തിയത്. ആദ്യ കാലങ്ങളിൽ മധുര പലഹാരങ്ങൾ മാത്രം വിറ്റിരുന്ന കട പതിയെ വെജിറ്റേറിയൻ വിഭവങ്ങൾ വിളമ്പി വളരുകയായിരുന്നു.