അർണാബ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മുരശ് തീവ്ര ചുഴലിക്കാറ്റായി. നാളെ ആന്ധ്രയിലെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊടും. ചെന്നൈ അടക്കം തീരദേശ ജില്ലകള്‍ കനത്ത ജാഗ്രതയിലാണ്. ചെന്നൈയിൽ നിന്നും ആന്ധ്രാപ്രദേശിലേക്കുള്ള 11 വിമാനങ്ങളും നിരവധി ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.
ചെന്നൈയില്‍നിന്ന് 160 കിലോമീറ്ററും ആന്ധ്രയിലെ നെല്ലൂരിന് 180 കിലോ മീറ്ററും അകലെ മണിക്കൂറില്‍ 22 കിലോ മീറ്റര്‍ വേഗത്തിലാണ് മുരശിന്റെ സഞ്ചാരം. രാത്രി 11 മണി മുതൽ നാളെ പുലർച്ചെ നാലുമണിവരെയുള്ള സമയത്ത് 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ് കരതൊടുക. വടക്കന്‍ തമിഴ്നാടും ആന്ധ്രയും കനത്ത ജാഗ്രതയിലാണ്. മുഖ്യമന്ത്രി വിജയ്യോടുള്ള ആന്ധ്രാ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് ആന്ധ്രയിലെ വൈദ്യുതി വിതരണ മേഖലയിലെ മുന്‍കരുതലുകള്‍ക്കായി തമിഴ് നാട് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരെ അയക്കുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു. സുരക്ഷ മുന്നൊരുക്കങ്ങള്‍ക്കായി അറക്കോണത്ത് നിന്ന് 30 പേര് അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘം ആന്ധ്രയിലേക്ക് തിരിച്ചു.
ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ തീരദേശങ്ങളിൽ 2 മീറ്റർ ഉയരത്തിൽ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതുപ്രാകരം ബുധനാഴ്ച വരെ മല്‍സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്നാണ് നിര്‍ദേശം. അതേസമയം ചെന്നൈയിലും സമീപ ജില്ലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.