യുപിഐ ചാര്‍ജുകള്‍ക്ക് മര്‍ച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് ഈടാക്കാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കില്ല. ഉത്സവ സീസണ്‍ കഴിയുന്നതു വരെ ഫീസ് ഈടാക്കേണ്ടെന്നാണ് നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. നേരത്തെ ഒക്ടോബര്‍ 15 മുതല്‍ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കും എന്നായിരുന്നു തീരുമാനം. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഉത്സവകാല വിൽപ്പനയെ ബാധിക്കുമെന്ന വികാരം ചൂണ്ടിക്കാട്ടി എംഡിആര്‍ ഈടാക്കുന്നത് നീട്ടിവെയ്ക്കാന്‍ എന്‍പിസിഐയോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എംഡിആര്‍ നടപ്പാക്കുന്നത് ജനുവരിയിലേക്ക് നീട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദീപാവലിക്കു ശേഷം ഉടനെ നടപ്പിലാക്കുമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് എന്‍പിസിഐ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.
സെപ്റ്റംബര്‍ 15 നാണ് 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കാന്‍ എന്‍പിസിഐ തീപുമാനിച്ചത്. 0.40 ശതമാനമാണ് എംഡിആര്‍. റെയിൽവേ, ടെലികമ്യൂണിക്കേഷൻ, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യവും കുറഞ്ഞ ലാഭവിഹിതവുമുള്ള മേഖലകളിൽ 2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് 5 രൂപ നിരക്കിൽ ഫ്ലാറ്റ് നിരക്ക് ഈടാക്കും. ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് ഇടപാടുകൾക്ക് നിരക്ക് 0.02 ശതമാനമായിരിക്കും. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ മാത്രമേ എംഡിആർ ഈടാക്കുകയുള്ളൂ.
എംഡിആര്‍ ഈടാക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന് ഇതില്‍ നിന്നും വരുമാനമൊന്നും ലഭിക്കുന്നില്ല. എംഡിആറിന്റെ 40 ശതമാനം ഉപഭോക്താവിന്റെ ബാങ്കിനു ലഭിക്കും. പേയ്മെന്റ് ഗേറ്റ്‌വേകൾക്ക് 30 ശതമാനം ലഭിക്കും. ഉപഭോക്താവിന്റെ ബാങ്കിൽനിന്ന് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാൻ സാങ്കേതിക സഹായം നൽകുന്നവരാണ് പേയ്മെന്റ് ഗേറ്റ്‌വേകൾ ( Razorpay, Cashfree തുടങ്ങിയവ ഉദാഹരണം). 20 ശതമാനമാണ് യുപിഐ ആപ്പുകൾക്ക് ലഭിക്കുക. ഗൂഗിൾ പേ, ഫോൺപേ എന്നീ കമ്പനികളാണ് വിപണിവിഹിതത്തിന്റെ സിംഹഭാഗവും കൈയാളുന്നത്. തേഡ് പാർട്ടി യുപിഐ ആപ്പുകൾക്ക് ബാങ്കിങ് സേവനം സ്പോൺസർ ചെയ്യുന്ന ബാങ്കിന് 10 ശതമാനം ലഭിക്കും.