2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഒക്ടോബർ 15 മുതലാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കിത്തുടങ്ങുക. 0.4 ശതമാനം മാത്രമാണ് എംഡിആറെങ്കിലും യുപിഐ ഇടപാടുകളുടെ എണ്ണം പരിശോധിക്കുമ്പോൾ കോടിക്കണക്കിനു രൂപ ഫീസായി പിരിച്ചെടുക്കും. ഈ തുകയിൽനിന്ന് ചില്ലിക്കാശ് സർക്കാർ ഖജനാവിലേക്ക് എത്തില്ല. പിന്നെ പണം എങ്ങോട്ടാണ് പോകുന്നത്?
എംഡിആറിൽനിന്നുള്ള വരുമാനം യുപിഐ ഇടപാടുമായി ബന്ധപ്പെട്ട വിവിധ കക്ഷികൾക്കാണ് ലഭിക്കുക. എംഡിആറിന്റെ 40 ശതമാനം ഉപഭോക്താവിന്റെ ബാങ്കിനു ലഭിക്കും. പേയ്മെന്റ് ഗേറ്റ്‌വേകൾക്ക് 30 ശതമാനം ലഭിക്കും. ഉപഭോക്താവിന്റെ ബാങ്കിൽനിന്ന് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാൻ സാങ്കേതിക സഹായം നൽകുന്നവരാണ് പേയ്മെന്റ് ഗേറ്റ്‌വേകൾ ( Razorpay, Cashfree തുടങ്ങിയവ ഉദാഹരണം).
20 ശതമാനമാണ് യുപിഐ ആപ്പുകൾക്ക് ലഭിക്കുക. ഗൂഗിൾ പേ, ഫോൺപേ എന്നീ കമ്പനികളാണ് വിപണിവിഹിതത്തിന്റെ സിംഹഭാഗവും കൈയാളുന്നത്. തേഡ് പാർട്ടി യുപിഐ ആപ്പുകൾക്ക് ബാങ്കിങ് സേവനം സ്പോൺസർ ചെയ്യുന്ന ബാങ്കിന് 10 ശതമാനം ലഭിക്കും. യുപിഐ ആപ്പുകൾക്ക് നേരിട്ട് ബാങ്കിങ് ലൈസൻസ് ഇല്ലാത്തതിനാലാണ് ഇവരുടെ സേവനം ആവശ്യമായി വരുന്നത്.
Also Read: 30 കോടിയുടെ ഓണം ബംപർ ലോട്ടറിയടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും; നികുതി അടയ്ക്കാൻ വൈകിയാൽ നഷ്ടം കോടികൾ
കുറയുമോ ജിഎസ്ടി?
നിലവിൽ 18 ശതമാനമാണ് എംഡിആറിനു മുകളിലുള്ള ജിഎസ്ടി. ഇക്കാര്യത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ എംഡിആറിന്റെ ജിഎസ്ടി അജണ്ടയിലില്ല. എങ്കിലും ഇക്കാര്യം ചർച്ച ചെയ്തേക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
എംഡിആർ നിരക്കുകൾ ഇങ്ങനെ
2,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കാനാണ് തീരുമാനം. റെയിൽവേ, ടെലികമ്യൂണിക്കേഷൻ, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യവും കുറഞ്ഞ ലാഭവിഹിതവുമുള്ള മേഖലകളിൽ 2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് 5 രൂപ നിരക്കിൽ ഫ്ലാറ്റ് നിരക്ക് ഈടാക്കും. ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് ഇടപാടുകൾക്ക് നിരക്ക് 0.02 ശതമാനമായിരിക്കും. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ മാത്രമേ എംഡിആർ ഈടാക്കുകയുള്ളൂ.