upi
  • ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ പ്രൊസസ് ചെയ്യുന്നതിനായി ബാങ്കുകള്‍ക്ക് വ്യാപാരികള്‍ നല്‍കേണ്ട ഫീസാണ് മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR). 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകള്‍ക്ക് 0.4 ശതമാനം MDR ചാര്‍ജ് 15–ാം തീയതി മുതല്‍ ഈടാക്കാനായിരുന്നു തീരുമാനം

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് പണമീടാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിയേക്കും. തിടുക്കത്തില്‍ തീരുമാനം നടപ്പിലാക്കരുതെന്ന് വാണിജ്യ, വ്യാപാരസംഘടനകള്‍ നാഷനല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ (NPCI) സമീപിച്ചിരുന്നു. ഉല്‍സവ സീസണ്‍ കഴിയുന്നത് വരെ എംഡിആര്‍ നടപ്പിലാക്കുന്നത് നീട്ടി വയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം എന്‍പിസിഐ ധനമന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. Also Read: യുപിഐ എംഡിആറിൽനിന്ന് സർക്കാരിനു ചില്ലിക്കാശ് ലഭിക്കില്ല; കോടികൾ പിന്നെ എങ്ങോട്ട്?

പണപ്പെരുപ്പം കൂടിയതിനാല്‍ ഉല്‍സവകാലത്ത് വ്യാപാരികള്‍ അധികചാര്‍ജ് അടയ്ക്കേണ്ടി വരുന്നത് തിരിച്ചടിയാകുമെന്ന് സര്‍ക്കാരിനും ആശങ്കയുണ്ടെന്ന് ‘മണികണ്‍ട്രോള്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കിന് നല്‍കേണ്ടിവരുന്ന ഈ തുക ഉപഭോക്താക്കളില്‍ നിന്ന് വ്യാപാരികള്‍ ഈടാക്കിയേക്കുമെന്ന ആശങ്ക പൊതുജനങ്ങള്‍ക്കുണ്ടെന്നും ഇത് ഉല്‍സവകാല ഷോപ്പിങ്ങിനെ ബാധിക്കുമെന്നും വാദിക്കുന്നവരുണ്ട്.

എന്താണ് MDR ഫീസ്?

ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ പ്രോസസ് ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് വ്യാപാരികള്‍ നല്‍കേണ്ട ഫീസാണ് മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR). 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകള്‍ക്ക് 0.4 ശതമാനം MDR ചാര്‍ജ് ഈമാസം 15 മുതല്‍ ഈടാക്കാനായിരുന്നു തീരുമാനം. 0.4 ശതമാനം 8 രൂപയോളം വരും. അതായത് ഓരോ 10,000 രൂപയുടെ യുപിഐ ഇടപാടിനും 40 രൂപ വ്യാപാരി ബാങ്കിന് നല്‍കണം.

യുപിഐ സങ്കീര്‍ണമാകുന്നതെങ്ങനെ?

ഡിജിറ്റല്‍ ഇടപാടുകള്‍ സ്വീകരിക്കുന്ന വ്യാപാരികള്‍ക്കെല്ലാം കാറ്റഗറി കോഡുകളുണ്ട്. ഈ കോഡുകള്‍ അടിസ്ഥാനമാക്കിയാണ് പണമിടപാടുകള്‍ പ്രോസസ് ചെയ്യുന്നത്. കാര്‍ഡുകള്‍ക്ക് ഏകീകൃത നിരക്കുകളാണ് ഉള്ളതെന്നിരിക്കെ യുപിഐയില്‍ പലനിരക്കാണ് യൂട്ടിലിറ്റി ഇടപാടുകള്‍ക്കും, ലോണ്‍ തിരിച്ചടവിനും കാപ്പിറ്റല്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ക്കും ഈടാക്കുന്നത്. ഇതില്‍ത്തന്നെ പല പേയ്മെന്‍റുകളും കാര്‍ഡുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയില്ല. ലോണ്‍ തിരിച്ചടയ്ക്കുന്നതിനും കാപ്പിറ്റല്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്നില്ല.

യുപിഐ വ്യാപകമാകുന്നതിന് മുന്‍പ് നെറ്റ് ബാങ്കിങ്, നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ് വഴിയാണ് ഇടപാടുകള്‍ നടന്നുവന്നത്. ഈ ഇടപാടുകള്‍ക്ക് നിരക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എംഡിആര്‍ ഘടനയല്ല പിന്തുടരുന്നത്. പണം അടയ്ക്കുന്ന ആളില്‍ നിന്നും സ്വീകരിക്കുന്നയാളില്‍ നിന്നും നിശ്ചിത തുക ബാങ്ക് നേരിട്ട് ഈടാക്കുകയാണ് ചെയ്യുന്നത്.

ENGLISH SUMMARY:

The implementation of charges on UPI transactions above ₹2,000 may be postponed until next year, with the National Payments Corporation of India (NPCI) reportedly considering a review after requests from traders. Merchants have urged NPCI not to introduce the proposed Merchant Discount Rate (MDR) during the festive season, citing concerns over rising costs amid high inflation. The proposed MDR is 0.4% for UPI transactions above ₹2,000, meaning a merchant would pay ₹40 on a ₹10,000 transaction. The issue has also raised concerns that merchants could pass the additional cost on to consumers, potentially affecting festive-season spending.