രാജ്യം പ്രതീക്ഷിച്ചിരുന്ന ഇന്ധന വില വര്‍ധന നിലവില്‍ വന്നതെങ്കിലും കടുത്ത ആശങ്കയിലാണ് സാധാരണക്കാര്‍. ഇതൊരു തുടക്കമാണോ എന്നതാണ് ഏവരെയും അലട്ടുന്ന പ്രശ്നം. രാജ്യാന്തര എണ്ണ വില 50 ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന ശേഷമാണ് രാജ്യത്ത് വില വര്‍ധിപ്പിക്കുന്നത്. മൂന്നു രൂപ വര്‍ധിപ്പിച്ചത് എണ്ണ കമ്പനികള്‍ക്ക് നേരിയ ആശ്വാസമാണെങ്കിലും ഇത്രയും കാലം കമ്പനികള്‍ വഹിച്ച നഷ്ടം നികത്താന്‍ പര്യാപരതമല്ല. അതിനാല്‍ ഇനിയും വില വര്‍ധിക്കാം എന്നാണ് വിപണിയിലെ സംസാരം.
ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധന കാരണം പെട്രോള്‍ വിലയില്‍ ലിറ്ററിന് 20 രൂപയുടെ നഷ്ടം എണ്ണ കമ്പനികള്‍ നേരിടുന്നു എന്നായിരുന്നു പെട്രോളിയം മന്ത്രാലയം കണക്കാക്കിയിരുന്നത്. വിപണി വിലയ്ക്കും താഴെ എണ്ണ വില്‍ക്കുന്നതിലൂടെ എണ്ണ കമ്പനികള്‍ക്ക് 1600-1700 കോടി രൂപയാണ് പ്രതിദിന നഷ്ടം. മൂന്നു രൂപയുടെ വര്‍ധന നേരിയ ആശ്വാസമുണ്ടാക്കുമെങ്കിലും കമ്പനികളുടെ നഷ്ടം നികത്താന്‍ ഇത് പര്യാപതല്ല. അതിനാല്‍ റീട്ടെയില്‍ മാര്‍ജിന്‍ ഉയര്‍ത്താന്‍ ഇനിയും വർധന ഉണ്ടായേക്കാം.
ഇന്ധന വില ഒരു രൂപ വര്‍ധിപ്പിച്ചാല്‍ 15000-16000 കോടി രൂപ വരെ എണ്ണ കമ്പനികള്‍ക്ക് വര്‍ഷത്തില്‍ അധിക ലാഭമുണ്ടാകും. മൂന്നു രൂപ കൂട്ടിയതിനാല്‍ 45000-48000 കോടി രൂപയോളം. എന്നാല്‍ കമ്പനികള്‍ മാസത്തിലുണ്ടാക്കുന്ന നഷ്ടം 1 ലക്ഷം കോടി രൂപയാണ്. അതിനാല്‍ നിരക്ക് വര്‍ധനവ് എണ്ണ കമ്പനികളെ വീണ്ടും ലാഭത്തിലാക്കാന്‍ പര്യാപതമല്ല. മൊത്തത്തില്‍ 10-15 രൂപ ലീറ്ററിന് വര്‍ധിപ്പിച്ചാല്‍ കമ്പനികളുടെ നഷ്ടം നികത്തി, നേരത്തെയുള്ള ലാഭത്തിലേക്ക് എത്താം എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ ചലനങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാകും ഇനിയുള്ള നിരക്ക് വര്‍ധനവുകള്‍.
ഇതിന്‍റെ പ്രതിഫലനം ഇന്ന് പൊതുമേഖലാ എണ്ണ കമ്പനികളുടെ ഓഹരികളില്‍ കണ്ടു. മൂന്നു എണ്ണ കമ്പനി ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഓയില്‍ ഓഹരി 3.82 ശതമാനവും ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരി 2.87 ശതമാനവും ഭാരത് പെട്രോളിയം 3.47 ശതമാനവും ഇടിഞ്ഞു.