ട്രപും ഖമനയിയും ഇടഞ്ഞാല്‍ ഇറാനൊപ്പം ആശങ്ക ഇന്ത്യയ്ക്കാണ്. ഇറാനിലെ ഇന്ത്യയുടെ 50 കോടി ഡോളറിന്‍റെ നിക്ഷേപത്തിന്‍റെ ഭാവിയെന്താകും എന്നതാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്നത്. പാക്കിസ്ഥാനെ വെട്ടി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വഴിയാണ് ചബഹാര്‍ തുറമുഖം. ചബഹാറിന്‍റെ ഭാവിയും ട്രംപിന്‍റെ താരിഫും ഇറാനിലെ പ്രക്ഷോഭത്തിനൊപ്പം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.
ഇറാനിലെ പ്രതിഷേധങ്ങള്‍ നീളുന്നതും അധികാര കൈമാറ്റം ഉണ്ടാകുന്നതും ഇന്ത്യയുടെ ദീർഘകാല അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തിരിച്ചടിയാകും. ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള കണക്റ്റിവിറ്റിയുടെ പ്രധാനമാര്‍ഗമാണ് ചബഹാർ തുറമുഖം. ഇറാന്റെ തെക്കുകിഴക്കൻ തീരത്തുള്ള ചബഹാറിലെ സാന്നിധ്യമാണ് പാക്കിസ്ഥനെ ബൈപ്പാസ് ചെയ്ത് ഇന്ത്യൻ ചരക്കുകൾ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും എത്തിക്കാന്‍ സഹായിക്കുന്നത്. ഇതിനാല്‍ വര്‍ഷങ്ങളായി 50 കോടി ഡോളറാണ് തുറമുഖത്തിന്‍റെ പ്രവര്‍ത്തനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി ഇന്ത്യ ചെലവാക്കിയത്.
2018 ല്‍ ഇന്ത്യന്‍ കമ്പനിയായ ഇന്ത്യ പോര്‍ട്സ് ഗ്ലോബല്‍ ഉപസ്ഥാപനമായ ഇന്ത്യ പോര്‍ട്സ് ഗ്ലോബല്‍ ചബഹാര്‍ ഫ്രീസോണ്‍ വഴി 2024 ല്‍ ചബഹാര്‍ തുറമുഖത്തിന്‍റെ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നു. ചബഹാർ തുറമുഖത്തിന്റെ ഷാഹിദ് ബെഹെഷ്തി ടെർമിനൽ സജ്ജീകരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി കമ്പനി ഇറാനിലെ തുറമുഖ, മാരിടൈം ഓർഗനൈസേഷനുമായി പത്ത് വർഷത്തെ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയ സമയത്ത് നേരത്തെ ചബഹാറില്‍ ഇന്ത്യയ്ക്ക് യു.എസ് ഇളവ് ഇളവ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാന്‍റെ വികസനവുമായി ബന്ധപ്പെട്ടതിനാലായിരുന്നു അക്കാലത്തെ ഇളവ്. പുതിയ സാഹചര്യത്തില്‍ ട്രംപിന്‍റെ ഇളവ് ഇന്ത്യയ്ക്ക് ലഭിക്കുമോ എന്നത് സംശയമാണ്. ഉപരോധങ്ങൾ പുതുക്കിയതിനെത്തുടർന്ന് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിലെ സർക്കാർ പ്രതിനിധികളായ ഡയറക്ടർമാർ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ഈ സഹാചര്യത്തില്‍ ഇറാനിലെ ബിസിനസ് സാന്നിധ്യത്തിൽ നിന്നും ഇന്ത്യയ്ക്ക് പിന്മാറേണ്ടി വന്നാല്‍ അവസരം ചൈന മുതലാക്കുമോ എന്നതാണ് ആശങ്ക. സാമ്പത്തിക പിന്തുണ നൽകുന്ന ചൈന പോലുള്ള രാജ്യങ്ങൾക്ക് കരാർ നൽകാൻ ഇറാനും മുതിർന്നേക്കും.