Image: Reuters

പ്രസിഡന്‍റ് നിക്കോളസ് മഡുറോയെ പിടികൂടിയ സൈനിക നടപടിക്ക് പിന്നാലെ വെനസ്വേലന്‍ എണ്ണയുടെ ആദ്യ കച്ചവടം പൂര്‍ത്തിയാക്കി അമേരിക്ക. 500 മില്യണ്‍ ഡോളറിന്‍റെ (4,100 കോടി രൂപ) ഡീലാണ് യു.എസ് പൂര്‍ത്തിയാക്കിയതെന്ന് അമേരിക്കന്‍ മാധ്യമമായ സെമാഫോർ റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ എണ്ണ ഇടപാട് നടക്കുമെന്നാണ് വിവരം. 

ഇടപാടിലെ വരുമാനം അടക്കം ഖത്തറിലെ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ അമേരിക്കൻ അക്കൗണ്ടിലേക്കാണ് മാറ്റിയിട്ടുള്ളത്. നിലവില്‍ നടക്കുന്ന എണ്ണ ഇടപാടില്‍ നിന്നുള്ള പണം യു.എസ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്ന് വൈറ്റ്ഹൗസ് വക്താവ് ടെയ്‍ലര്‍ റോഗ്രസ് വ്യക്തമാക്കി.  യു.എസ് കമ്പനികളുടെ സഹകരണത്തോടെ 30 മുതല്‍ 50 മില്യണ്‍  ബാരല്‍ എണ്ണ വില്‍ക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. 

വെനിസ്വേലന്‍ ഊർജ മേഖലയെ പുനർനിർമിക്കുന്നതിന് യു.എസ് കമ്പനികള്‍ നിക്ഷേപം നടത്തുമെന്ന്  ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എണ്ണ കമ്പനികളുമായി ചര്‍ച്ചകള്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നതായും കമ്പനികള്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. 303 ബില്യണ്‍ ബാരലോളം എണ്ണ ശേഖരമാണ് വെനസ്വേലയിലുള്ളത്. 17,119.50 ബില്യണ്‍ ഡോളര്‍ മൂല്യമാണ് വെനസ്വേലന്‍ എണ്ണയ്ക്ക് കണക്കാക്കിയട്ടുള്ളത്. വിപണിയില്‍ 7-8 ഡോളര്‍ ഡിസ്ക്കൗണ്ടിലാണ് വെനസ്വേലന്‍ എണ്ണ വ്യാപാരം ചെയ്യുന്നത്. 

നിലവില്‍ ഷെവ്റോൺ കോർപ്പറേഷൻ എന്ന യു.എസ് കമ്പനി മാത്രമാണ് നിലവില്‍ വെനസ്വേലയില്‍ പ്രവര്‍ത്തിക്കുന്നത്. വെനസ്വേലയില്‍ അധിനിവേശം നടത്തിയെങ്കിലും മികച്ച സൗകര്യങ്ങളൊരുക്കി എണ്ണയുടെ പൂര്‍ണ തോതിലുള്ള ലാഭം ലഭിക്കണമെങ്കില്‍ യു.എസിന് മൂന്നു മുതല്‍ നാലു വര്‍ഷം കാത്തിരിക്കണമെന്നാണ് വിലയിരുത്തല്‍. സള്‍ഫറിന്‍റെ അളവ് കൂടുതലായതിനാല്‍ കട്ടിയുള്ളതാണ് വെനസ്വേലന്‍ എണ്ണ. ഇത് ശുദ്ധീകരിക്കാന്‍ വരുന്ന അധിക ചെലവ് വരുന്നതിനാല്‍ യു.എസ് എണ്ണയേക്കാള്‍ കുറഞ്ഞ വിലയിലാണ് ഇത് വില്‍ക്കുന്നത്. 

ENGLISH SUMMARY:

Venezuela oil trade completes its first deal with the US after the military action against President Nicholas Maduro. The US has completed a $500 million deal, and more oil transactions are expected in the coming days.