ഒരു സമയത്ത് സമാധാനനൊബേല്‍ ലഭിക്കാനായി പല തരത്തിലുള്ള നീക്കങ്ങളും നടത്തിയ നേതാവാണ് ഡോണള്‍ഡ് ട്രംപ്. ഇപ്പോഴിതാ അന്ന് നഷ്ടപ്പെട്ട ആ നൊബേലിന് ട്രംപ് തന്നെ അര്‍ഹനാണെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സമാധാനനൊബേല്‍ നേടിയ വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ. താന്‍ തന്റെ പുരസ്കാരം ട്രംപിന് നല്‍കിയെന്നാണ് മച്ചാഡോ പറയുന്നത്. 

വെനസ്വേലയെ സ്വതന്ത്രമാക്കാന്‍ ട്രംപ് നടത്തിയ നീക്കത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം അദ്ദേഹത്തിന് സമര്‍പ്പിച്ചതെന്നാണ് മച്ചാഡോ അവകാശപ്പെടുന്നത്. പുരസ്കാരം കൈമാറിയെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും നല്‍കാന്‍ അവര്‍ തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വിശദീകരിച്ചത്.  സമാധാന നൊബേല്‍ മച്ചാഡോയില്‍ നിന്നും ട്രംപ് സ്വീകരിച്ചുവെന്ന് വൈറ്റ്ഹൗസ് വക്താക്കള്‍ പ്രതികരിച്ചു. 

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു മച്ചാഡോയുടെ വാക്കുകള്‍. 

കഴിഞ്ഞ വര്‍ഷം കാരക്കാസില്‍ തടവിലായ ശേഷം രാജ്യം വിട്ടതുമുതല്‍ മച്ചാഡോയെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. അതേസമയം ഇപ്പോള്‍ ട്രംപുമായി അതീവരഹസ്യമായി ചര്‍ച്ച നടത്തിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. ചര്‍ച്ചയ്ക്കു പിന്നാലെ നന്ദി ട്രംപ് എന്നുകൂടി പറഞ്ഞാണ് മച്ചാഡോ തിരിച്ചത്.

എന്നാല്‍ മച്ചാഡോയെക്കുറിച്ച് പലതവണ സംശയം പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ട്രംപ് ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും ആദ്യംമുതല്‍ അറിയിച്ചിരുന്നു. രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ നിലവില്‍ കൈകാര്യം ചെയ്യുന്ന റോഡ്രിഗസ് മരിയ മച്ചാഡോയുടെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിനിടെയാണ് തന്റെ ആദ്യത്തെ സ്റ്റേറ്റ് ഓഫി ദി യൂണിയന്‍ പ്രസംഗം നടത്തിയതെന്നതും ചില സംശയങ്ങളുയര്‍ത്തുന്നുണ്ട്. 

റോഡ്രിഗസിനെ പിന്തുണച്ചതോടെ ട്രംപ് വെനിസ്വേലയിലെ പ്രതിരോധത്തിന്റെ മുഖമായി നിലകൊണ്ട മാച്ചാഡോയെ പൂർണ്ണമായി പുറംതള്ളിയ നിലയിലായിരുന്നു. യു.എസ്. സർക്കാരിനെയും പ്രധാന കൺസർവേറ്റീവ് നേതാക്കളെയും കൂട്ടുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ട്രംപിനോടും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പോലുള്ള പ്രധാന നേതാക്കളോടും  അടുത്ത ബന്ധം പുലര്‍ത്താന്‍ മച്ചാഡോ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. 

ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മച്ചാഡോയെ അസാധാരണവും ധീരവുമായ ശബ്ദം എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് വിശേഷിപ്പിച്ചെങ്കിലും ട്രംപിന്റെ നിലപാടില്‍ മാറ്റമുണ്ടെന്ന് കരുതാനാവില്ലയെന്ന് എന്‍‍ഡിടിവി റിപ്പോര്‍ട്ട് െചയ്യുന്നു. രാജ്യത്തിനകത്ത് പിന്തുണയില്ലാത്ത മച്ചാഡോയ്ക് അധികാരം കൈമാറേണ്ടെന്ന നിലപാടാണ് ട്രംപിനെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. മഡുറോയെ പിടികൂടിയതിനു പിന്നാലെ തന്നെ ട്രംപ് മച്ചാഡോയ്ക്കെതിരെ നിലപാടെടുത്തിരുന്നു.

സമാധാന നൊബേല്‍ നേടിയ മച്ചാഡോയുടെ നീക്കങ്ങളും തീര്‍ത്തും ദുരൂഹത നിറഞ്ഞതാണെന്നാണ് വിലയിരുത്തല്‍. സമാധാന നൊബേല്‍ സ്വീകരിക്കാനായി മച്ചാഡോ എത്തിയിരുന്നില്ല, പകരം മകളാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.  എന്നാല്‍ ഇതിനു പിന്നാലെ ഡിസംബറില്‍ നോര്‍വേയിലെ ഒസ്‌ലോയില്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇപ്പോള്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള പ്രതികരണവും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 

ENGLISH SUMMARY:

Donald Trump and the Nobel Peace Prize are at the center of recent discussions. The Venezuelan opposition leader, Maria Corina Machado, claims to have symbolically given her Nobel Prize to Trump in recognition of his efforts concerning Venezuela, though the White House has not confirmed this.