Image Credit:x/AdityaRajKaul

യുദ്ധം അഞ്ചാഴ്ച കൂടി തുടരുമെന്ന ഡോണള്‍ഡ് ട്രംപിന്‍റെ വാക്കുകള്‍ക്ക് പിന്നാലെ ഗള്‍ഫിലെ യുഎസ് എംബസികള്‍ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണുകള്‍ അയച്ചു. വലിയ സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടതിന് പിന്നാലെ തീയും ഉയര്‍ന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉഗ്രസ്ഫോടനത്തിന് പിന്നാലെ മേഘം പോലെ പുകപടലങ്ങള്‍ ആകാശത്ത് നിറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് വലിയ സ്ഫോടനങ്ങള്‍ ഉണ്ടായെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. റിയാദിലെ എംബസി ആക്രമിച്ചതിന് ഇറാന്‍ വലിയ തിരിച്ചടി നേരിടുമെന്നും ലോകം അത് കാണുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം.

കുവൈത്തിലെ യുഎസ് എംബസിക്ക് നേരെയും പുലര്‍ച്ചെ ആക്രമണം ഉണ്ടായി. എംബസി ഇറാന്‍ ലക്ഷ്യമിട്ടതായി യുഎസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.  ആറ് അമേരിക്കന്‍ സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. വലിയ ദുരന്തം വരാനിരിക്കുന്നുവെന്നും അമേരിക്കക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 14 ഗള്‍ഫ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ പൗരന്‍മാരോട് എത്രയും വേഗം രാജ്യം വിടാന്‍ യുഎസ് അടിയന്തര നിര്‍ദേശം നല്‍കി. യുദ്ധം കനക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റിന്‍റെ നിര്‍ദേശം. ബഹ്റൈന്‍, കുവൈത്ത്, ഈജിപ്ത്, ലെബനന്‍, ഇറാന്‍, ഒമാന്‍, ഇറാഖ്, ഖത്തര്‍, ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗാസ, സൗദി അറേബ്യ,ജോര്‍ദന്‍, സിറിയ, യുഎഇ,യെമന്‍ എന്നിവിടങ്ങളിലുള്ളവര്‍ ലഭ്യമായ വിമാനങ്ങളില്‍ സ്വദേശത്തേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം. 

അബുദബിയിലും ബഹ്റൈനിലും ഖത്തറിലും ഇന്നലെ രാത്രിയുംകനത്ത ആക്രമണം ഉണ്ടായി. ഇറാന്‍റെ ബലിസ്റ്റിക് മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചെന്ന് ഖത്തര്‍ അറിയിച്ചു. ന്യായീകരിക്കാന്‍ കഴിയാത്തതാണ് ഇറാന്‍റെ നടപടിയെന്നും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെയുള്ള സ്ഥലങ്ങളിലും ആക്രമണം നടക്കുന്നുവെന്നും ഖത്തര്‍ ആരോപിച്ചു. പ്രദേശത്തിന്‍റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതാണ് ഇറാന്‍റെ ആക്രമണമെന്നും തിരിച്ചടിക്കാന്‍ ഖത്തറിന് അവകാശമുണ്ടെന്നും യുഎന്നിലെ ഖത്തറിന്‍റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍താനി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സംഘടനയ്ക്ക് അവര്‍ കത്തയച്ചു. 

ENGLISH SUMMARY:

In a massive escalation of the Middle East conflict, Iranian drones targeted the US Embassy in Riyadh, causing heavy explosions and fires on March 3, 2026. Simultaneously, a pre-dawn strike hit the US Embassy in Kuwait, following President Donald Trump's warning that the war could last another five weeks. The US State Department has issued an urgent evacuation order for American citizens across 14 countries, including the UAE, Qatar, and Saudi Arabia. Six US soldiers have been confirmed killed in recent strikes, prompting Trump to vow that Iran will pay a "heavy price." Qatar has officially complained to the UN, condemning Iran's "unjustifiable" attacks on civilian and military zones. Airspace across the region remains volatile as residents scramble for available flights.