US President Donald Trump walks to board Marine One at the White House in Washington, DC, on January 20, 2026. Trump is heading to the Swiss ski resort of Davos to attend the World Economic Forum (WEF). (Photo by SAUL LOEB / AFP)
വെനസ്വേലയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച കരാറിനുള്ള രൂപരേഖ ആയിക്കഴിഞ്ഞുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഉപേക്ഷിച്ചുവെന്നും ഈ കുറവ് വെനസ്വേലയില്‍ നിന്ന് നികത്താന്‍ സഹായിക്കുകയാണ് താനെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയ്ക്ക് മാത്രമല്ല, വേണമെങ്കില്‍ ചൈനയ്ക്കും വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനായി യുഎസുമായി കരാറിലെത്താമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താന്‍ സംസാരിച്ചുവെന്നും ഊര്‍ജ സഹകരണത്തില്‍ ധാരണയായെന്നും വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായ ഡെല്‍സി റോഡ്രിഗസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വെനസ്വേലയുമായുള്ള ഉഭയകക്ഷി ബന്ധം ഇന്ത്യ വര്‍ധിപ്പിക്കുമെന്നും പുതിയ സാധ്യതകളിലേക്ക് വഴി തുറക്കുന്നതാകും അതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്സില്‍ കുറിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളിലൊന്ന് വെനസ്വേലയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇത് സ്വകാര്യമേഖലയ്ക്കായി തുറന്ന് കൊടുത്തിട്ടുണ്ടായിരുന്നില്ല. അടുത്തയിടെയാണ് സ്വകാര്യ നിക്ഷേപത്തിനായി ഇത് തുറന്ന് കൊടുക്കാന്‍ പാകത്തില്‍ നിയമം പരിഷ്കരിച്ചത്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് യുക്രെയ്ന്‍ യുദ്ധത്തെ സഹായിക്കലാണെന്നായിരുന്നു അമേരിക്കന്‍ വാദം. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നതോടെ ഇറക്കുമതി തീരുവയില്‍ 25 ശതമാനം കൂടി ട്രംപ് വര്‍ധന വരുത്തിയിരുന്നു. ഇത് പിന്‍വലിക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലവത്തായിയിരുന്നില്ല.