ഓപ്പറേഷന്‍ സിന്ദൂറോടെ പാക്കിസ്ഥാന് പ്രതിരോധ കരാറുകളില്‍ വലിയ കുതിപ്പെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇതോടെ ഭാവിയില്‍ രാജ്യാന്തര നാണയ നിധിയില്‍ നിന്നും കടമെടുക്കേണ്ട ആവശ്യം വരില്ലെന്നാണ് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ വാദം.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാക്കിസ്ഥാന്‍ രാജ്യാന്തര നാണയ നിധിയില്‍ നിന്നും വലിയ തുക കടമെടുത്താണ് മുന്നോട്ട് പോകുന്നത്. ഏഴു ബില്യണ‍് (700കോടി) ഡോളറിന്‍റെ ഐഎംഎഫ് സാമ്പത്തിക സഹായ പദ്ധതി പാക്കിസ്ഥാന് ലഭിക്കുന്നുണ്ട്. ഐഎംഎഫിന്‍റെ ചട്ടങ്ങള്‍ പ്രകാരം, കടം കയറി മുടിഞ്ഞ പാക്കിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഈയിടെ വിറ്റിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറോടെ പാക്കിസ്ഥാന്‍റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ വലിയ ഡിമാന്‍റുണ്ടെന്നാണ് ഖവാജ ആസിഫിന്‍റെ വാദം. എയര്‍ഫോഴ്സ് ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ചു. പാക്കിസ്ഥാന്‍റെ നിശ്ചയദാര്‍ഢ്യവും സൈന്യത്തിന്‍റെ ശേഷിയും ലോകം തിരിച്ചറിഞ്ഞു. പ്രതിരോധ കരാറില്‍ നിന്നും നിന്നുമുള്ള ലാഭം കൊണ്ട പാക്കിസ്ഥാന് ഐഎംഎഫില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന്‍റെ ആവശ്യമില്ലാതാക്കും എന്നുമാണ് ഖവാജ ആസിഫ് പാക്ക് മാധ്യമമായ ജിയോ ന്യൂസിനോട് പറഞ്ഞത്.
വില്‍ക്കുന്നത് ജെഎഫ്-17
2025 ല്‍ 10 ബില്യണ്‍ (1000 കോടി) ഡോളറിന്‍റെ കയറ്റുമതി കരാറില്‍ പാക്കിസ്ഥാന്‍ ഒപ്പുവച്ചിട്ടുണ്ട്. ഒരു വര്‍ഷം പാക്കിസ്ഥാന്‍ നേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കയറ്റുമതി കരാറാണിത്. ഇതില്‍ പ്രധാന പങ്ക് ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ക്കും മുഷ്ഷാക്ക് പരിശീലന വിമാനങ്ങള്‍ക്കുമാണ്. പാക്കിസ്ഥാനും ചൈനയും സംയുക്തമായി നിര്‍മിച്ച യുദ്ധവിമാനമാണ് ജെഎഫ് -17. പാകിസ്ഥാൻ എയറോനോട്ടിക്കൽ കോംപ്ലക്‌സാണ് മുഷ്ഷാക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് നിര്‍മിക്കുന്നത്.
വാങ്ങാന്‍ ഈ രാജ്യങ്ങള്‍
ഡിസംബറില്‍ പാക്കിസ്ഥാനില്‍ നിന്നും 16 ജെഎഫ്-17 യുദ്ധവിമാനങ്ങളും 12 സൂപ്പര്‍ മുഷ്ഷാക്ക് വിമാനങ്ങളും വാങ്ങാന്‍ ലിബിയ കരാറിലെത്തിയിരുന്നു. 4.6 ബില്യണ്‍ (460കോടി) ഡോളറിന്‍റെ കരാര്‍. പാക്ക് സൈനിക മേധാവി, അസിം മുനീറും ലിബിയന്‍ നാഷണല്‍ ആര്‍മി ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സദ്ദാം ഖലിഫ ഹഫ്ദറുവിന്‍റെയും മേല്‍നോട്ടത്തിലാണ് ഇടപാട് നടന്നത്. പാക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഡീലാണെങ്കിലും യുഎന്നിന്‍റെ ആയുധ ഉപരോധം നേരിടുന്ന ലിബിയയുമായി എങ്ങനെ വ്യാപാരം നടക്കും എന്നത് ചോദ്യമാണ്.
യുദ്ധവിമാനങ്ങളും പരിശീലന വിമാനത്തിനുമൊപ്പം ഡ്രോണുകളും ചെറിയ ആയുധങ്ങളുമാണ് പാക്കിസ്ഥാന്‍ വില്‍ക്കുന്നത്. ലിബിയയെ കൂടാതെ അസര്‍ബൈജാന്‍, സിംബാബ‍്‍വെ, നൈജീരിയ, മ്യാന്‍മാര്‍ എന്നിവരാണ് പാക്കിസ്ഥാനില്‍ നിന്നും ജെഎഫ്-17 വാങ്ങുന്നത്. 2025 ഡിസംബറില്‍ 52 സൂപ്പര്‍ മുഷ്ഷാക്ക് ട്രെയിനിങ് വിമാനങ്ങള്‍ തുര്‍ക്കിക്ക് കൈമാറിയിരുന്നു. അതേസമയം, ബംഗ്ലാദേശിന് ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള ചര്‍ച്ചകളും ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നുണ്ട്.
വില്‍ക്കുന്നത് ഇന്ത്യ തകര്‍ത്തവ
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ എഫ്–16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 12 സൈനിക വിമാനങ്ങളാണ് ഇന്ത്യ നശിപ്പിക്കുകയോ കേടുപാട് വരുത്തുകയ ചെയ്തത് എന്നാണ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് പറഞ്ഞത്. ഹാംഗറിൽ ഉണ്ടായിരുന്ന ഒരു സി–130 വിമാനത്തിനു നാശനഷ്ടമുണ്ടായെന്നതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു എഇഡബ്ല്യുആൻഡ്സി (എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ) വിമാനം, കുറഞ്ഞതു 4–5 യുദ്ധവിമാനം എന്നിവയ്ക്കും നാശനഷ്ടമുണ്ടായി. ഇന്ത്യൻ വ്യോമസേന 300 കിലോമീറ്റർ ദൂരത്തേക്കു നടത്തിയ ആക്രമണത്തിൽ എഇഡബ്ല്യുആൻഡ്സി അല്ലെങ്കിൽ സിഗ്നൽ ഇന്റലിജൻസ് വിമാനവും എഫ്–16, ജെഎഫ്17 വിഭാഗങ്ങളിലേതെന്നു കരുതുന്ന 5 യുദ്ധവിമാനങ്ങളും തകർന്നു. ഇതിനു വ്യക്തമായ തെളിവുകളുണ്ട്– അദ്ദേഹം പറഞ്ഞു.