2025 ല്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ റെയില്‍വേ നിരക്കുയര്‍ത്തുന്നത്. ജൂലൈയില്‍ കിലോ മീറ്ററിന് അന്‍പത് പൈസ വര്‍ധിച്ച ശേഷം ഡിസംബറിലെ വര്‍ധനവ് രണ്ട് പൈസ. കിലോ മീറ്റര്‍ നിരക്കില്‍ നിസാര വര്‍ധനവാണെങ്കിലും 600 കോടി രൂപയാണ് മൂന്നു മാസം കൊണ്ട് റെയില്‍വേയുടെ ഖജനാവിലെത്തുക.
Also Read: ദീർഘദൂര യാത്രകൾ ചെലവേറും; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; പുതുക്കിയ നിരക്കുകള്‍ അറിയാം
റെയില്‍വേ പാസഞ്ചര്‍ സര്‍വീസ് നഷ്ടത്തിലാണ്. ടിക്കറ്റ് നിരക്കുകള്‍ യഥാര്‍ഥ നിരക്കിനേക്കാള്‍ 45 ശതമാനം താഴെയാണ്. ചരക്കു ഗതാഗതത്തിലെ ലാഭം ഉപയോഗിച്ചാണ് ഈ നഷ്ടം നികത്തുന്നത്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ താരിഫ് ഘടന ക്രമീകരിക്കാനും പാസഞ്ചര്‍ സര്‍വീസിന്‍റെ സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കാനും സഹായിക്കും എന്നാണ് റെയില്‍വേ പറയുന്നത്.
റെയില്‍വേ കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനായി പുതിയ ജീവനക്കാരെ നിയമിച്ചു. ഇതോടെ ശമ്പള ഇനത്തിലുള്ള ചെലവ് 1.15 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. പെന്‍ഷന്‍ ചെലവ് 60,000 കോടി രൂപയായി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആകെ പ്രവര്‍ത്തന ചെലവ് 2.63 ലക്ഷം കോടി രൂപയായി വര്‍ധിച്ചിരുന്നു. ഉയര്‍ന്ന ശമ്പള ചെലവ് നേരിടാനാണ് പാസഞ്ചര്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഇതിനൊപ്പം ചരക്കുനീക്കം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നതായി റെയില്‍വേ വ്യക്തമാക്കി.
2026 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ പ്രതീക്ഷിക്കുന്ന ഓപ്പറേറ്റിങ് റേഷ്യോ 98.43 ശതമാനമാണ്. കമ്പനിയുടെ പ്രവര്‍ത്തന ചെലവും വരുമാനവും താരതമ്യം ചെയ്യുന്ന അനുപാതമാണിത്. പ്രവർത്തനക്ഷമത അളക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 97.45 ശതമാനമായിരുന്നു ഓപ്പറേറ്റിങ് റേഷ്യോ. 2021-22 കാലത്ത് 107.39 ശതമാനമായി.
2022-23 ല്‍ 98.14%, 2023-24 ല്‍ 98.43%, 2024-25 ല്‍ 98.32% എന്നിങ്ങനെയായിരുന്നു ഓപ്പറേറ്റിങ് റേഷ്യോ. 2025-26 കാലത്ത് 98.43 ശതമാനമായിരിക്കും ഓപ്പറേറ്റിങ് റേഷ്യോ എന്നാണ് ബജറ്റ് അനുമാനം. റെയിൽവേയുടെ ഓപ്പറേറ്റിങ് റേഷ്യോ 98.43 ശതമാനമാണെന്ന് പറയുമ്പോള്‍ 100 രൂപ സമ്പാദിക്കാൻ റെയിൽവേ ഏകദേശം 98 രൂപ 43 പൈസ ചെലവാക്കുന്നു എന്നാണ് അര്‍ഥം.
500 കിലോ മീറ്റര്‍ യാത്ര ചെയ്യുന്നൊരാള്‍ക്ക് നോണ്‍ എസി കോച്ചില്‍ 10 രൂപയാണ് അധിക നിരക്ക് വരിക. മുംബൈ ഡല്‍ഹി യാത്രയ്ക്ക് മെയില്‍ എക്സ്പ്രസിന് എസി ക്ലാസില്‍ 1384 കിലോ മീറ്റര്‍ യാത്രയ്ക്ക് 27.68 രൂപ അധികമാകും.