ആര്‍എസി യാത്രക്കാരില്‍ നിന്നും മുഴുവന്‍ തുക ഈടാക്കുന്ന റെയില്‍വെ നടപടിക്കെതിരെ പാര്‍ലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി. ഈ നടപടി നീതികരിക്കാന്‍ സാധിക്കുന്നതല്ലെന്നും ഇത്തരം കേസുകളില്‍ പകുതി തുക മടക്കി നല്‍കണമെന്നും കമ്മിറ്റി ഇന്ത്യന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച പാര്‍ലമെന്‍റില്‍ വച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങള്‍. തുക മടക്കി നല്‍കാന്‍ റെയില്‍വെ സംവിധാനം ഉണ്ടാക്കണമെന്നും സ്വീകരിച്ച നടപടികള്‍ പാര്‍ലമെന്‍റിനെ അറിയിക്കമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ചാർട്ട് തയ്യാറാക്കിയതിന് ശേഷവും ബെർത്ത് സൗകര്യമില്ലാതെ ടിക്കറ്റ് ഉടമ ആർ‌എസി വിഭാഗത്തിൽ തുടരുകയാണെങ്കിൽ തുക മടക്കി നല്‍കണമെന്നാണ് ആവശ്യം. നിലവിലെ സംവിധാനത്തില്‍ ആര്‍എസി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും മുഴുവന്‍ തുക നല്‍കണം. യാത്രയില്‍ സീറ്റ് മറ്റൊരു ആര്‍എസി യാത്രക്കാരനുമായി പങ്കിടുകയാണ് ചെയ്യുന്നത്. 

സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളെ തരംതിരിക്കുന്ന രീതിയെയും പാര്‍ലമെന്റ് അക്കൗണ്ട് കമ്മിറ്റി ചോദ്യം ചെയ്തു, നിലവിലെ രീതി പഴഞ്ചനാണെന്നും 2007 ന് ശേഷം ബെഞ്ച്മാര്‍ക്ക് മാറ്റിയിട്ടില്ലെന്നും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പറയുന്നു. ബ്രോഡ് ഗേജിൽ ശരാശരി 55 കിലോമീറ്ററും മീറ്റർ ഗേജിൽ 45 കിലോമീറ്ററും വേഗതയുള്ള ഒരു ട്രെയിനിനെ സൂപ്പർഫാസ്റ്റ് ട്രെയിനായി കണക്കാക്കുന്നതാണ് രീതി. 

നിലവിൽ സർവീസിലുള്ള 478 സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ 123 എണ്ണത്തിന്റെയും വേഗത മണിക്കൂറിൽ 55 കിലോമീറ്ററിൽ താഴെയാണെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തി. എന്നാല്‍ 47 എണ്ണം ബെഞ്ച്മാര്‍ക്കിന് മുകളിലാണ് സര്‍വീസ് നടത്തുന്നതെന്നും അധിക സ്റ്റോപ്പുകളാണ് ശരാശരി വേഗത കുറയ്ക്കുന്നതെന്നുമാണ് റെയില്‍വെയുടെ മറുപടി.

ENGLISH SUMMARY:

Indian Railways PAC report highlights issues with RAC ticket refunds, recommending that passengers be refunded half the fare if they are not provided with a confirmed berth. This parliamentary committee's findings also question the outdated classification of superfast trains, suggesting a review of current speed benchmarks.