അതീവ സുരക്ഷാ മേഖലയായ കൊച്ചി വില്ലിങ്ഡൻ ഐലൻഡിൽ റെയിൽവേ ട്രാക്ക് അപ്പാടെ മോഷ്ടിച്ചതായി കണ്ടെത്തൽ. നിലവിൽ ട്രെയിൻ സർവീസുകളില്ലാത്ത പാതയിലെ ഏതാണ്ട് അര കിലോമീറ്ററോളം (500 മീറ്റർ) ഭാഗത്തെ റെയിൽവേ ട്രാക്കാണ് കടത്തിക്കൊണ്ടുപോയത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വിചിത്രമായ മോഷണം നടന്നിരിക്കുന്നത്. ' ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാതയിലെ ഒരു ഭാഗമാണ് കാണാതായിരിക്കുന്നത്.

ഈ ഭാഗത്ത് നിലവിൽ ട്രെയിൻ സർവീസുകൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ റെയിൽവേയുടെയോ പോർട്ടിന്റെയോ കൃത്യമായ നിരീക്ഷണമോ സംരക്ഷണമോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് മോഷണം. സി.ഐ.എസ്.എഫ് (CISF), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) എന്നിവരുടെ കനത്ത നിരീക്ഷണവലയത്തിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പരിധിയിൽ നിന്ന് ഇത്രയും ഭാരമേറിയ റെയിൽവേ പാളം എങ്ങനെ ആരുമറിയാതെ കടത്തിക്കൊണ്ടുപോയി എന്നതാണ് അധികൃതരെ കുഴക്കുന്ന പ്രധാന ചോദ്യം.

റെയിൽവേ അധികൃതർക്ക് ലഭിച്ച ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് ഏതാണ്ട് 500 മീറ്ററോളം ട്രാക്ക് പൂർണ്ണമായും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇത്രയും വലിയ റെയിൽവേ പാളങ്ങൾ പെട്ടെന്ന് ഒരാൾക്ക് കടത്തിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നിരിക്കെ, ഇതിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മുൻപ് ഈ ഭാഗത്തെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി ചില അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമങ്ങൾ നടന്നിരുന്നു. ഈ പ്രവൃത്തികളുടെ മറവിൽ  ട്രാക്കുകൾ കടത്തിയതാണോ എന്ന് റെയിൽവേ സംശയിക്കുന്നുണ്ട്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

ENGLISH SUMMARY:

Railway track theft has been discovered in the highly secure area of Kochi's Villingdon Island, with approximately 500 meters of track missing from a disused line. This bizarre theft has authorities puzzled, especially given the presence of CISF and RPF surveillance.