പ്രവര്‍ത്തനം താറുമാറായ ഇന്‍ഡിഗോയോട് സര്‍വീസുകള്‍ വെട്ടികുറയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്ന പ്രതിസന്ധിയിലേക്ക് പോയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ഇന്‍ഡിഗോയുടെ 10 ശതമാനം സര്‍വീസുകള്‍ കുറയ്ക്കാനാണ് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. നേരത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അഞ്ച് ശമാനം സര്‍വീസ് വെട്ടികുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഇരട്ടിയാക്കി.
2200 ലധികം പ്രതിദിന വിമാന സര്‍വീസ് നടത്തുന്ന കമ്പനിക്ക് ഇതോടെ ഏകദേശം 216 വിമാനങ്ങള്‍ കുറയ്ക്കേണ്ടതി വരും. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് കേന്ദ്രത്തോട് ഇന്‍ഡിഗോ വിശദീകരിച്ചെങ്കിലും നടപടിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ, ഇൻഡിഗോ മേധാവി പീറ്റർ എൽബേഴ്‌സിനെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.
പ്രതിസന്ധി നേരിട്ട സമയത്ത് ഇന്‍ഡിഗോ ഓഹരിയിലും കാര്യമായ ഇടിവുണ്ടായി. ആറു വ്യാപാര ദിനങ്ങളില്‍ 17 ശതമാനത്തിന് അടുത്താണ് ഓഹരി താഴേക്ക് പോയത്. വിപണി മൂല്യത്തില്‍ 37,000 കോടി രൂപയുടെ കുറവും വന്നു. ഈ സാഹചര്യത്തില്‍ കമ്പനിയുടെ ഭാവിയെ പറ്റി വിലയിരുത്തല്‍ നടക്കുകയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍.
നിലവിലെ പ്രതിസന്ധി കമ്പനിയെ സാമ്പത്തികമായി ബാധിക്കുമെന്നാണ് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അഭിപ്രായപ്പെടുന്നത്.
2026-28 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ചെലവ് ഉയരുമെന്നാണ് പൊതുവില്‍ കണക്കാക്കുന്നത്. ഇതിനൊപ്പം വിമാനങ്ങള്‍ റദ്ദാക്കുന്നത് പ്രതീക്ഷിച്ച വരുമാനത്തെ തടയും.
എഫ്ഡിടിഎല്‍ ചട്ടപ്രകാരം അധിക ക്രൂവിനെ നിയമിക്കേണ്ടി വരും. 2026 ഫെബ്രുവരി പത്തോടെ എഫ്ഡിടിഎല്‍ ചട്ടങ്ങള്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം. ഓരോ വിമാനത്തിനും 20 ശതമാനം അധിക പൈലറ്റുമാരെ ആവശ്യമായി വരും. ഇത് ചെലവുയര്‍ത്തും. രൂപ ഇടിയുന്നത് വഴി ഉയരുന്ന പ്രവര്‍ത്തന ചെലവ് എന്നിവ കമ്പനിക്ക് തിരിച്ചടിയാകാം. എടിഎഫ് വില ആറു ശതമാനം ഉയര്‍ന്നു. നിരക്കുയര്‍ത്താതിരുന്നാല്‍ ലാഭത്തില്‍ 25 ശതമാനം കുറവ് വന്നേക്കാം എന്നും ബ്രോക്കറേജുകള്‍ അഭിപ്രായപ്പെട്ടു.