റഷ്യൻ എണ്ണയിലെ ആശ്രയത്വം കുറയ്ക്കാൻ ഇന്ത്യ. രണ്ട് പ്രമുഖ റഷ്യൻ എണ്ണ കമ്പനികൾക്ക് യുഎസും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏർപ്പെടുത്തിയതോടെയാണ് നീക്കം. ഇന്ത്യ – യുഎസ് വ്യാപാര ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.
യുഎസിന്റെ കടുത്ത എതിർപ്പിനിടയിലും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയ്ക്ക് ആ നില ഇനി തുടരാൻ കഴിഞ്ഞേക്കില്ല. റഷ്യൻ എണ്ണ ഭീമന്‍മാരായ റോസ്നെഫ്റ്റിനും ലുക്കോയിലിനെയുമാണ് യുഎസും പിന്നാലെ യുറോപ്യന്‍ യൂണിയനും കരിമ്പട്ടികയില്‍പ്പെടുത്തിയത്. യുഎസ് ഉപരോധം പ്രഖ്യാപിച്ചതോടെ ഈ രണ്ട് എണ്ണകമ്പനികളുടെയും വലിയ ഉപയോക്താക്കളായ ഇന്ത്യന്‍ കമ്പനികള്‍ക്കും തീരുമാനം വന്‍ തിരിച്ചടിയാണ്.
ഇന്ത്യൻ കമ്പനികൾ ഉപയോഗിക്കുന്ന റഷ്യൻ എണ്ണയുടെ 60 ശതമാനവും റോസ്നെഫ്റ്റിലും ലുക്കോയിലും നൽകുന്നതാണ്. റോസ്നെഫ്റ്റിൽനിന്ന് എണ്ണ വാങ്ങുന്ന റിലയൻസായിരിക്കും കനത്ത നഷ്ടം നേരിടേണ്ടിവരിക. റഷ്യൻ കമ്പനികൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യൻ എണ്ണയുടെ ഇറക്കുമതി പുനഃക്രമീകരിക്കേണ്ടി വരുമെന്ന് റിലയൻസ് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. സമാനമായ തീരുമാനമെടുക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികളും നിര്‍ബന്ധിതരാകും. ഇനിയെങ്കിലും പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
അതിനിടെ, ഇന്ത്യ യുഎസ് വ്യാപാര ചർച്ചയിൽ പുരോഗതിയുണ്ടെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.