Union Finance Minister Nirmala Sitharaman addresses the media regarding the 56th GST Council meeting, in New Delhi, Wednesday, Sept. 3, 2025.

Union Finance Minister Nirmala Sitharaman addresses the media regarding the 56th GST Council meeting, in New Delhi, Wednesday, Sept. 3, 2025.

ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍ക്ക് മുകളിലുള്ള ചരക്കു സേവന നികുതി ഒഴിവാക്കിയതോടെ പോളിസി നിരക്ക് കുറയുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്ത്. ജിഎസ്ടി പൂജ്യമാക്കിയതോടെ കമ്പനികള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെ‍ഡിറ്റിലുണ്ടാകുന്ന നഷ്ടം നികത്താന്‍ നിരക്ക് വര്‍ധിപ്പിച്ചേക്കാം എന്നാണ് വിലയിരുത്തല്‍. 18 ശതമാനമുണ്ടായിരുന്ന ജിഎസ്ടിയാണ് പൂര്‍ണമായും ഒഴിവാക്കിയത്. 22–ാം തീയതി മുതല്‍ പുതിയ നികുതിഘടന പ്രാബല്യത്തിലാകും. 

ഇന്‍ഷൂറന്‍സ് നിരക്ക് കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി ഒഴിവാക്കിയത്. 10,000 രൂപയുടെ ഇന്‍ഷൂറന്‍സിന് 18 ശതമാനം ജിഎസ്ടി ഒഴിവാകുമ്പോള്‍ 1,800 രൂപ ലാഭമുണ്ടാകേണ്ടതാണ്. എന്നാല്‍ കമ്പനികള്‍ ഇന്‍ഷൂറന്‍സ് നിരക്ക് കൂട്ടേണ്ടി വരും എന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇക്വിറ്റീസ് വിലയിരുത്തല്‍. 

ഇന്‍പുട് ടാക്സ് ക്രെഡിറ്റിലെ നഷ്ടം നികത്താന്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പോളിസി നിരക്കില്‍ 3-5 ശതമാനം വര്‍ധനവ് വരുത്തേണ്ടി വരാം എന്നാണ് റിപ്പോര്‍ട്ട്. കമ്പനികളുടെ ലാഭം നിലനിർത്താൻ നിലവിലുള്ളതും പുതിയതുമായ പോളിസികളുടെ നിരക്കിൽ വർധനവ് വരുത്തേണ്ടി വരുമെന്നും ബ്രോക്കറേജ് വിലയിരുത്തുന്നു. അതേസമയം നിരക്കില്‍ 12-15 ശതമാനം ഇടിവുണ്ടായാല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുമെന്നും ബ്രോക്കറേജ് പറയുന്നു.

ഇന്‍ഷൂറന്‍സ് കമ്പനികളുടെ ചെലവുകളില്‍ ഇന്‍പുട് ടാക്സ് ക്രെഡിറ്റ് അനുവദിക്കുന്നില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടം കമ്പനികള്‍ക്ക് ഉണ്ടാകും. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കുന്ന ജിഎസ്ടി ക്ലെയിം ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്. ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന നികുതിയും അടച്ച നികുതിയും തട്ടികിഴിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുമായിരുന്നു. പരിഷ്കാരത്തോടെ ഇതിനുള്ള സാധ്യത ഇല്ലാതായി എന്നതാണ് കമ്പനികള്‍ക്ക് മുന്നിലുള്ള പ്രശ്നം. 

ENGLISH SUMMARY:

Insurance GST removal might not lead to lower premiums as expected. Companies may increase rates to offset input tax credit losses.