ചെറുകാറുകള്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് ലോട്ടറിയായി ജിഎസ്ടി നിരക്കിലെ മാറ്റം. ജിഎസ്ടി 10 ശതമാനം കുറഞ്ഞതോടെ കാറുകള്‍ക്ക് 40,000 രൂപ മുതലാണ് വില കുറയുക. വലിയ കാറുകള്‍ക്ക് സെസ് ഒഴിവാക്കിയതിനാലും വില കുറയും. 3.50 ലക്ഷം രൂപ വരെ ആഡംബര വാഹനങ്ങള്‍ക്ക് വില കുറയുമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.
ജിഎസ്ടി കുറയുന്നത് ഇങ്ങനെ
ചെറുകാറുകളുടെ ജിഎസ്ടി 28% ത്തില്‍ നിന്നും 18% ആക്കിയാണ് കുറച്ചത്. നാല് മീറ്ററില്‍ താഴെ നീളമുള്ളതും പെട്രോള്‍ വിഭാഗത്തില്‍ 1200 സിസി, ഡീസലില്‍ 1500 സിസി ശേഷിയുള്ളവയാണ് ചെറുകാറുകള്‍. 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് നേരത്തെ 28% ജിഎസ്ടിയും 15 ശതമാനം സെസ്സും അതിന് മുകളിലുമാണ് നികുതി. ഓരോ കാറ്റഗറി അനുസരിച്ച് 43-48% വരെയായിരുന്നു വാഹനങ്ങള്‍ക്ക് നികുതി. ഇതാണ് 40% ആക്കി കുറച്ചത്.
വാഹനങ്ങളില്‍ എത്ര കുറയും
ഹ്യൂണ്ടായ് കാറുകള്‍ക്ക് 2.40 ലക്ഷം രൂപ വരെ വില കുറയും. ഗ്രാന്‍ഡ് ഐ10 നിയോസിന് 73,808 രൂപ കുറയും. ഓറ– 78465 രൂപ, എക്സ്റ്റര്‍– 89,209 രൂപ, വെര്‍ണ- 60,640 രൂപ, ക്രെറ്റ- 72,145 രൂപ, ക്രെറ്റ എന്‍ ലൈന്‍- 71,762 രൂപ, ഐ20എന്‍ ലൈന്‍ - 1,08,116 രൂപ, വെന്‍യു- 1,23,659 രൂപ, വെന്‍യു എന്‍ ലൈന്‍– 1,19,390 രൂപ. പുതുക്കിയ വില സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍ വരും.
മഹീന്ദ്ര ശനിയാഴ്ച മുതല്‍ വാഹനങ്ങളുടെ വില കുറച്ചു. കാറുകള്‍ക്ക് 1.56 ലക്ഷം രൂപ വരെയാണ് കുറച്ചത്. ബൊലേറോയ്ക്ക് 1.27 ലക്ഷം രൂപ വരെ കുറയും. XUV3XO പെട്രോള്‍ വാഹനത്തിന് 1.4 ലക്ഷം രൂപയും ഡീസലിന് 1.56 ലക്ഷം രൂപയും കുറയും. ഥാര്‍ മോഡലിന് 1.35 ലക്ഷം രൂപ വരെയും സ്കോര്‍പിയോ ക്ലാസിക്കിന് 1.01 ലക്ഷം രൂപയും കുറയും. സ്കോര്‍പ്പിയോ എന്‍ മോഡലിന് 1.45 ലക്ഷം രൂപയാണ് കുറയുന്നത്.
ടൊയോട്ട കാറുകള്‍ക്കാണ് വലിയ വിലക്കുറവ്. ഫോര്‍ച്യൂണറിന് 3.49 ലക്ഷം രൂപ കുറയും. ഇന്നോ ക്രിസ്റ്റയ്ക്ക് 1.80 ലക്ഷം രൂപയും ഇന്നോവ ഹൈക്രോസ് മോഡലിന് 1.15 ലക്ഷം രൂപയും കുറയും. വെല്‍ഫെയര്‍ മോഡലിന് 2.78 ലക്ഷം രൂപയും ഹിലക്സ് പിക്കപ്പിന് 2.52 ലക്ഷം രൂപയും കുറയും. കാമ്രി– 1.01 ലക്ഷം രൂപ, ലെജൻഡർ– 3.34 ലക്ഷം, അർബൻ ക്രൂയിസർ ഹൈറൈഡർ– 65,400 രൂപ, ഗ്ലാൻസ– 85,300 രൂപ എന്നിങ്ങനെയാണ് വില കുറയുന്നത്.
ടാറ്റ കാറുകള്‍ക്ക് 1.55 ലക്ഷം രൂപ വരെ വില കുറയും. എന്‍ട്രി ലെവല്‍ വാഹനമായ ടിയാഗോയ്ക്ക് 75,000 രൂപ കുറയും ടിഗോറിന് 80,000 രൂപയും കുറയും. ആള്‍ട്രോസ്– 1.10 ലക്ഷം രൂപ, പഞ്ച്-85,000 രൂപ, നെക്സോണ്‍- 1.55 ലക്ഷം രൂപ, കര്‍വ്- 65,000 രൂപ എന്നിങ്ങനെയാണ് മറ്റു കാറുകളുടെ വില കുറയുന്നത്. പ്രീമിയം സെഗ്മെന്‍റില്‍ ഹാരിയറിന് 1.40 ലക്ഷം രൂപ കുറയും. സഫാരിക്ക് 1.45 ലക്ഷം രൂപ കുറയും.
റെനോ യുടെ വാഹനങ്ങളില്‍ ട്രൈബറിന് 53,695 രൂപ മുതല്‍ 80,195 രൂപ വരെ കുറയും, കൈഗറിന് 53,695 രൂപ മുതല്‍ 96,395 രൂപ വരെ കുറയും. ക്വിഡിന് 40,095 രൂപ മുതല്‍ 54,995 രൂപ വരെ കുറയും.