donald-trump

യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ താരിഫ് ഇന്ത്യയ്ക്ക് ചുമത്തിയത് 25 ശതമാനമാണ്. ഇന്ത്യ ഉള്‍പ്പടെ ചെറുതും വലുതുമായ രാജ്യങ്ങള്‍ക്ക് 10 മുതല്‍ 41 ശതമാനം വരെയാണ് ട്രംപിന്‍റെ നികുതി. താന്‍ ചുമത്തിയ നികുതി അമേരിക്കയെ വീണ്ടും സമ്പന്നവും മഹത്തരവുമാക്കും എന്നാണ് ട്രംപിന്‍റെ അവകാശ വാദം. താരിഫ് ചുമത്തിയതോടെ മറ്റു രാജ്യങ്ങള്‍ നികുതി അടയ്ക്കേണ്ടി വരുമെന്നാണ് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം സമീപ മാസങ്ങളില്‍ യു.എസിന്‍റെ നികുതി വരുമാനത്തില്‍ വര്‍ധനവും ഉണ്ടായിട്ടുണ്ട്. 

എന്നാല്‍ ട്രംപ് പറയുന്നത് പോലെ അത്ര ലളിതമല്ല കാര്യങ്ങള്‍. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് നികുതി നല്‍കുന്നത് യു.എസ് കമ്പനികള്‍ തന്നെയാണ്. കയറ്റുമതിക്കാരന്‍ മുതല്‍ യു.എസിലെ ഇറക്കുമതിക്കാരനും വിതരണക്കാരനും റീട്ടെയിലറും ഒടുവില്‍ ഉപഭോക്താവിനെ വരെ ബാധിക്കുന്നതാണ് താരിഫ്. വാസ്തവത്തില്‍ ട്രംപ് ഈടാക്കുന്ന നികുതി ഫലത്തില്‍ നല്‍കേണ്ടി വരുന്നത് അമേരിക്കകാര്‍ തന്നെയാണ്. 

ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ ചുമത്തുന്ന നികുതിയാണ് താരിഫ്. ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനും വരുമാനം ഉണ്ടാക്കാനും മറ്റു രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും അടക്കം വിവിധ ലക്ഷ്യങ്ങള്‍ താരിഫിനുണ്ട്. യു.എസ് ഒരു രാജ്യത്തിന് താരിഫ് ചുമത്തുമ്പോള്‍ വിദേശ സര്‍ക്കാരോ കയറ്റുമതിക്കാരനോ നേരിട്ട് നികുതി നല്‍കേണ്ടി വരുന്നില്ല. മറിച്ച് ഉല്‍പ്പന്നം രാജ്യത്തേക്ക് എത്തുമ്പോള്‍ ഇറക്കുമതിക്കാരനാണ് നികുതി നല്‍കേണ്ടത്. അതായത് ഉല്‍പ്പന്നം ഇറക്കുമതി ചെയ്യുന്ന യു.എസ് കമ്പനിയാണ് ഇവിടെ നികുതി നല്‍കേണ്ടത്. 

ഉദാഹരണമായി ചൈനയില്‍ നിന്നും കംപ്യൂട്ടര്‍ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന യു.എസ് ഇലക്ട്രോണിക്സ് റീട്ടെയിലര്‍, ഉല്‍പ്പന്നം യു.എസിലെ തുറമുഖത്തിലെത്തുമ്പോള്‍ നികുതി നല്‍കേണ്ടി വരും. യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍‍ഡര്‍ പ്രൊട്ടക്ഷന് അടയ്ക്കുന്ന നികുതി നേരെ ഫെഡറല്‍ ട്രഷറിയിലേക്ക് എത്തും. അതിനാല്‍ വിദേശ കയറ്റുമതിക്കാരന് യു.എസില്‍ നികുതി നല്‍കേണ്ട യാതൊരു നിയമപരമായ ബാധ്യതയുമില്ല. ചൈനയും മറ്റു രാജ്യങ്ങളും നികുതി അടയ്ക്കും എന്ന ട്രംപിന്‍റെ വാദത്തിന് നേര്‍വിപരീതമാണ് ഇത്. 

ഇവിടെ നികുതി ബാധ്യത കുറയ്ക്കാനായി വിലയില്‍ കുറവു വരുത്താന്‍ യു.എസ് ഇറക്കുമതിക്കാരന്‍ വിദേശത്തെ വിതരണക്കാരോട് ആവശ്യപ്പെടാം. യു.എസ് വിപണിയിലേക്ക് പ്രവേശനം ലഭിക്കാന്‍ ഭാഗികമായ കിഴിവുകള്‍ നല്‍കാന്‍ വിദേശ വിതരണക്കാര്‍ സമ്മതിച്ചേക്കാം. എന്നാല്‍ അധിക ചെലവുകള്‍ താഴെതട്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ ഉയര്‍ന്ന വിലയുടെ ആഘാതം വഹിക്കേണ്ടി വരിക ഉപഭോക്താക്കളായിരിക്കും.  

സാങ്കേതികമായി പറഞ്ഞാല്‍ യു.എസ് ഇറക്കുമതിക്കാരാണ് നികുതി മുഴുവനും നല്‍കുന്നതെങ്കിലും വിദേശ രാജ്യങ്ങള്‍ നികുതിയെ ഭയക്കാനും കാരണമുണ്ട്. ട്രംപിന്‍റെ നികുതിയോടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരുന്നതും യു.എസ് വിപണിയില്‍ മല്‍സരക്ഷമത നഷ്ടപ്പെടുന്നതുമാണ് വിദേശ വിതരണക്കാരെ ആശങ്കയിലാക്കുന്നത്. വില കൂടുമ്പോള്‍ ഉല്‍പ്പന്ന വാങ്ങുന്നത് കുറയുകയോ ആഭ്യന്തര ഉല്‍പ്പന്നങ്ങളിലേക്ക് മാറുകയോ ചെയ്യും. അല്ലെങ്കില്‍ നികുതി കുറഞ്ഞ, വിദേശ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങിലേക്ക് മാറും. ഇത് വിദേശ രാജ്യങ്ങള്‍ക്ക് സാമ്പത്തികമായ നഷ്ടമുണ്ടാക്കും.  

ENGLISH SUMMARY:

Donald Trump's tariffs, including the 25% duty on India, aim to boost US revenue but primarily burden American consumers and importers, not foreign governments. These import taxes impact global trade by increasing product prices, reducing competitiveness, and potentially causing economic losses for foreign suppliers.