FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi arrive for their joint news conference at Hyderabad House in New Delhi, India, February 25, 2020. REUTERS/Adnan Abidi/File Photo/File Photo
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥ തകര്‍ക്കുന്ന തരത്തില്‍ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യുഎസ്. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്‍റെ ഭീഷണി. അതേസമയം, റഷ്യന്‍ എണ്ണയ്ക്കെതിരായ യൂറോപ്യന്‍ യൂണിയന്‍റ ഉപരോധത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കി. ഊർജ്ജ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
യുദ്ധം തുടരാന്‍ കാരണം, ഈ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതാണ് എന്നാണ് യുഎസിന്‍റെ ആരോപണം. വിലകുറഞ്ഞ റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ തീരുവ ഈടാക്കുമെന്നും സമ്പദ്‌വ്യവസ്ഥയെ ഞങ്ങൾ തകർക്കുമെന്നുമാണ് ഗ്രഹാമിന്‍റെ വാക്കുകള്‍. റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 80 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിലേക്കാണെന്നും ഇതാണ് യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് സഹായമാകുന്നതെന്നും ഗ്രഹാം വാദിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ സംബന്ധിയായ ഇറക്കുമതികള്‍ക്ക് ട്രംപ് 100 ശതമാനം തീരുവ ചുമത്താൻ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കി. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. ഇന്ത്യയ്ക്കുമേലുള്ള വിദേശ രാജ്യങ്ങളുടെ സമ്മർദ്ദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് വിക്രം മിശ്രയുടെ മറുപടി.
ഇന്ത്യയിലെ ജനങ്ങൾക്ക് ഊർജ്ജ സുരക്ഷ നൽകുക എന്നതാണ് ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണന. അക്കാര്യത്തിൽ ഞങ്ങൾക്ക് വേണ്ടത് ഞങ്ങൾ ചെയ്യും എന്നായിരുന്നു മിശ്രയുടെ വാക്കുകള്‍. റഷ്യയ്ക്ക് നേരെ യൂറോപ്യന്‍ യൂണിയന്‍റെ പുതിയ ഉപരോധങ്ങളിലാണ് മിശ്ര നിലപാട് പറഞ്ഞത്.
റഷ്യയുടെ എണ്ണവരുമാനം വെട്ടിക്കുറക്കാനായാണ് യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. റഷ്യൻ ക്രൂഡ് ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഇന്ധനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും എണ്ണവിലയുടെ പരിധി കുറയ്ക്കുകയും ചെയ്തു. റഷ്യൻ എണ്ണ ഭീമൻ റോസ്നെഫ്റ്റിന്റെ ഇന്ത്യയിലെ സംയുക്ത സംരംഭത്തിലുള്ള എണ്ണ ശുദ്ധീകരണശാലയെ ഇത് ബാധിക്കും. റഷ്യൻ ക്രൂഡ് ഓയിലിൽ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ട്. ഈ ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നാണ് വരുന്നതെങ്കിൽ പോലും നിരോധനം ബാധകമാകും.
ഇതോടൊപ്പം റഷ്യൻ എണ്ണയുടെ വില പരിധി ബാരലിന് 60 ഡോളറിൽ നിന്ന് ഏകദേശം 47.60 ഡോളറായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.