Image Credit:Reuters
ഹോര്‍മുസ് കടലിടുക്കില്‍ കടുത്ത നിയന്ത്രണം ഇറാന്‍ ഏര്‍പ്പെടുത്തിയതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 300 ഡോളര്‍ കടക്കുമെന്ന ഡോണള്‍ഡ് ട്രംപിന്‍റെ പഴയ പ്രവചനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 2011 ലാണ് ട്രംപ് ഈ പ്രവചനം നടത്തിയത്. ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 300 ഡോളര്‍ കടക്കുമെന്നായിരുന്നു ട്രംപ് കുറിച്ചത്. ട്വീറ്റ് ഇങ്ങനെ: 'ഇറാന്‍ ആണവായുധം വികസിപ്പിച്ച് കഴിഞ്ഞാല്‍ , അവര്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കും. ഇന്ധനവില ബാരലിന് 300 യുഎസ് ഡോളര്‍ കടക്കും' എന്നാണ് 2011 നവംബര്‍ 29ന് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഹോര്‍മുസില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതും ഇന്ധനവില കുതിച്ചുയര്‍ന്നതും.
ഹോര്‍മുസിലെ ഇന്ധനനീക്കം പ്രതിസന്ധിയിലായതോടെ യുകെ, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്സ്, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ഹോര്‍മുസിലൂടെ സുരക്ഷിതമായി കപ്പലുകള്‍ക്ക് കടന്നുവരുന്നതിനായുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും രാജ്യാന്തര ഊര്‍ജവിപണിയുടെ നിലനില്‍പ്പിനായി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാമെന്നും യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പറയുന്നു. ഹോര്‍മുസ് അടച്ചുകൊണ്ടുള്ള ഇറാന്‍ സൈന്യത്തിന്‍റെ നടപടി അപലപനീയമാണെന്നും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ,വാതകപ്പാടങ്ങളും ഹോര്‍മുസിലെ കപ്പലുകളും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും രാജ്യങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ധനക്കപ്പലുകള്‍ക്ക് നേരെയുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും മൈന്‍ ആക്രമണം നടത്തരുതെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിക്കുന്നു. സഞ്ചാര സ്വാതന്ത്ര്യം രാജ്യാന്തര നിയമങ്ങളിലെ മൗലികമായ തത്വങ്ങളിലൊന്നാണെന്നും യുഎന്‍ ചട്ടങ്ങളിലും ഇത് പറയുന്നുണ്ടെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇറാന്‍റെ നിലവിലെ നടപടികള്‍ ലോകമെങ്ങുമുള്ള ജനങ്ങളെ ബാധിക്കുന്നുവെന്നും ജീവിതം ദുസ്സഹമാക്കുന്നുവെന്നും കുറിപ്പിലുണ്ട്.
ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കാനുള്ള സന്നദ്ധത വ്യക്തമാക്കുന്ന പ്രസ്താവനയില്‍ രാജ്യാന്തര ഊര്‍ജ ഏജന്‍സി ഉചിതമായ നിലപാട് കൈക്കൊള്ളണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. അതേസമയം, വെടിനിര്‍ത്തല്‍ നിലവില്‍ വരികയോ യുദ്ധം താല്‍കാലികമായെങ്കിലും അവസാനിക്കുകയോ ചെയ്താല്‍ മാത്രമേ തങ്ങള്‍ സംരക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയുള്ളൂവെന്നാണ് ജര്‍മനിയും നെതര്‍ലന്‍ഡ്സും വ്യക്തമാക്കുന്നത്.
എന്നാല്‍ ഇസ്രയേലും അമേരിക്കയും നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മുഴുവന്‍ വില കൊടുക്കേണ്ടി വരുമെന്നും പൂര്‍ണ ഉത്തരവാദിത്തവും ഇസ്രയേലിനും യുഎസിനുമാണെന്നും ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ പ്രതികരിച്ചു. യുദ്ധത്തിന് പിന്നാലെ യൂറോപ്പില്‍ വാതക വിലയില്‍ 60 ശതമാനത്തിലേറെയാണ് വര്‍ധനയുണ്ടായത്. പ്രതിദിനം 18 മില്യണ്‍ ബാരല്‍ എണ്ണ കടന്ന് പോയിക്കൊണ്ടിരുന്ന സ്ഥലത്ത് പരിമിതമായി മാത്രമാണ് ഇപ്പോള്‍ കപ്പലുകള്‍ പോകുന്നത്. ഇതോടെയാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 119 ഡോളറും ഭേദിച്ച് മുന്നോട്ട് പോകുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഹോര്‍മുസിലൂടെയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നത്. സൗത്ത് പാര്‍സിലെ ഇസ്രയേലിന്‍റെ ബോംബാക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ ഖത്തറിലെ റാസ് ലഫാന്‍ ആക്രമിച്ചതോടെ യൂറോപ്പില്‍ ഇന്ധനവിലയില്‍ 35 ശതമാനം വര്‍ധനയും ഉണ്ടായി.