കടലില്‍ കുടുങ്ങി കിടക്കുന്ന ഇറാന്‍ എണ്ണയ്ക്ക് ഉപരോധം പിന്‍വലിച്ച് യു.എസ്. നേരത്തെ ടാങ്കറുകളില്‍ ലോഡ് ചെയ്തതും എന്നാല്‍ ഉപരോധം കാരണം വില്‍ക്കാന്‍ സാധിക്കാത്തതുമായ എണ്ണ 30 ദിവസത്തേക്ക് വില്‍ക്കാനാണ് ട്രംപിന്‍റെ ഇളവ്. യു.എസ്– ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ രാജ്യാന്തര വില കുറയ്ക്കാനാണ് യു.എസിന്‍റെ ശ്രമം.
14 കോടി ബാരല്‍ എണ്ണയാണ് ഇതിലൂടെ രാജ്യാന്തര വിപണിയിലേക്ക് എത്തുക. താൽക്കാലിക അംഗീകരാം മാത്രമാണെന്നും ഇതിനകം കപ്പലുകളില്‍ ലോഡ് ചെയ്ത എണ്ണയ്ക്ക് മാത്രമായിരിക്കും ഇളവെന്നും പുതിയ വാങ്ങലുകളോ അനുവദിക്കില്ലെന്നും സ്കോട്ട് ബെസെന്‍റ് പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യു.എസ് ഉപരോധങ്ങള്‍ പിന്‍വലിക്കുന്നത്. വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിക്കുന്നതിൽ ഇറാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുമെന്ന് ബെസെന്‍റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന് മേൽ പരമാവധി സമ്മർദ്ദം ചെലുത്തുന്നതിനായി രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയിലേക്ക് ഇറാനെ തടയുമെന്നും ബെസെന്റ് പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യാന്തര എണ്ണ വില 65 ശതമാനാമണ് ഉയര്‍ന്നത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 79 ഡോളറില്‍ നിന്നും 119 ഡോളറിലേക്കാണ് കുതിച്ചത്. 100 ഡോളറിന് മുകളില്‍ തുടരുന്ന എണ്ണ വില വ്യാഴാഴ്ച 115 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. 14 കോടി ബാരല്‍ എണ്ണയാണ് വിപണിയിലെത്തുക. പത്ത് ദിവസം മുതല്‍ രണ്ടാഴ്ച വരെ ലോകത്ത് ആവശ്യമായ വിതരണത്തിനുള്ള എണ്ണയാണിത്. എണ്ണ വിതരണം വർധിപ്പിക്കുകയും വില കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം ഇറാന്‍ എണ്ണ കൂടി വിപണിയിലെത്തുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാന്‍ എണ്ണ വിപണിയിലെത്തുന്നതോടെ ഇന്ത്യ, ജപ്പാന്‍, മലേഷ്യ അടക്കമുള്ള രാജ്യങ്ങള്‍ക്കാണ് നേട്ടമെന്നാണ് സ്കോട്ട് ബെസന്‍റ് പറഞ്ഞത്. കാലങ്ങളായി ഇറാനിയന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങിയിരുന്നു. 2018 ൽ ഉപരോധങ്ങൾക്ക് മുന്‍പ് ഇറക്കുമതി മൊത്തം ഉപഭോഗത്തിന്റെ 11.5 ശതമാനവും ഇറാനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇറാന്‍റെ ലൈറ്റ്, ഹെവി ഗ്രേഡുകളിലെ ക്രൂഡ് ഓയില്‍ ഇന്ത്യൻ റിഫൈനറികൾക്ക് അനുയോജ്യമായവയാണ്. അനുകൂലമായ വിലയും പണമടയ്ക്കൽ രീതിയും ഇറാന്‍ എണ്ണ വാങ്ങുന്നത് നേട്ടമാകും.