• റെക്കോർഡ് സ്വർണ ഇറക്കുമതി മൂലം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിലുണ്ടാകുന്ന ചോർച്ച തടയാനും രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനുമാണ് കേന്ദ്ര സർക്കാറിന്റെ നീക്കം.

കേരളത്തിലടക്കം വിവാഹ തിരക്കുകള്‍ സജീവമാകാന്‍ പോകുന്നതിനിടെയാണ് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന വരുന്നത്. വിവാഹങ്ങള്‍ വിദേശത്ത് നടത്തുന്നത് ഒഴിവാക്കാനും അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങരുതെന്നുമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. മോദിയുടെ വാക്കുകള്‍ ജുവല്ലറി ഓഹരികളെ തളര്‍ത്തി. എന്തിനാണ് പ്രധാനമന്ത്രി തുടര്‍ച്ചയായി ഇത്തരം ആഹ്വാനം നടത്തുന്നത്? 

Also Read: ‘വിദേശ ടൂര്‍ വേണ്ട, ചുമ്മാ സ്വര്‍ണം വാങ്ങരുത്, കല്യാണവും ഇന്ത്യയില്‍ മതി

സ്വര്‍ണ ഇറക്കുമതി കുറച്ചാല്‍ രാജ്യത്തിന്‍റെ വിദേശ നാണ്യശേഖരത്തിന് ആശ്വാസമുണ്ടാകും. ഇതിനാണ് മോദിയുടെ അഭ്യര്‍ഥന. ലോകത്തെ സ്വര്‍ണ ഉപഭോക്താക്കളില്‍ മുന്നിലാണ് ഇന്ത്യ. എന്നാല്‍ ആവശ്യത്തിന് സ്വര്‍ണം രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നില്ല. ആഭരണത്തിനും നിക്ഷേപത്തിനും കരുതുന്ന സ്വര്‍ണമെല്ലാം ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 24 ശതമാനത്തിലധികം വർധിച്ച് റെക്കോർഡ് തുകയായ 71.98 ബില്യൺ ഡോളറിലെത്തി. 2023-24 കാലത്ത് 45.54 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതി. 

സ്വർണ ഇറക്കുമതി കൂടുമ്പോള്‍ ഡോളറിനുള്ള ആവശ്യം വർധിക്കുകയും അതുവഴി വിദേശനാണ്യ ശേഖരത്തെ അത് ബാധിക്കുകയും ചെയ്യുന്നു. 

പശ്ചിമേഷ്യയിലെ യുദ്ധവും ക്രൂഡ് ഓയിൽ വിലയിലെ വർധനവും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ ബാധിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപ കനത്ത ഇടിവിലേക്ക് പോകുന്നതും സമ്മർദമുണ്ടാക്കുന്നു. ഇതിനിടെയില്‍ സ്വർണ ഇറക്കുമതി രാജ്യത്തിന്റെ വ്യാപാരക്കമ്മി വര്‍ധിപ്പിക്കും. രാജ്യത്തിന്‍റെ വിദേശ നാണ്യശേഖരത്തെ പിടിച്ചുനിര്‍ത്താനാണ് മോദിയുടെ അഭ്യര്‍ഥന. സ്വർണ ഇറക്കുമതി കുറയ്ക്കുന്നത് വിദേശനാണ്യം സംരക്ഷിക്കാനും രൂപയുടെ മേലുള്ള സമ്മർദം ലഘൂകരിക്കാനും സഹായിക്കും.

സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനുള്ള സര്‍ക്കാറിന്‍റെ നിരവധി നടപടികളിലൊന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. ഈയിടെയാണ് ഇറക്കുമതി തീരുവ ആറു ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തിയത്. അതേസമയം, വീടുകളിലിരുന്ന സ്വര്‍ണം വിപണിയിലെത്തിക്കാന്‍ പദ്ധതികള്‍ വേണമെന്നാണ് സ്വര്‍ണ വ്യാപാരരംഗത്തുള്ളവരുടെ ആവശ്യം. 

ജുവല്ലറി ഓഹരികളെ തളര്‍ത്തി 

മേയ് മാസത്തില്‍ സ്വര്‍ണം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടപ്പോഴും ജുവല്ലറി ഓഹരികള്‍ ഇടിഞ്ഞിരുന്നു. ഇന്ന് ടൈറ്റാന്‍ 1.120 ശതമാനം ഇടിഞ്ഞ് 5045.50 രൂപയിലെത്തി. കല്യാണ്‍ ജുവലറി ഓഹരി 4.50 ശതമാനം ഇടിഞ്ഞ് 587 രൂപയിലെത്തി. ഓഗ്‌മോണ്ട് എന്റർപ്രൈസസ്, പി.സി. ജൂവലർ എന്നിവയിലും ഇടിവ് നേരിട്ടു. 

ENGLISH SUMMARY:

Prime Minister Narendra Modi has urged citizens to avoid buying gold unless absolutely necessary and to refrain from hosting weddings abroad to curb rising import bills. The appeal aims to protect India's foreign exchange reserves and reduce the trade deficit caused by a record $71.98 billion in gold imports during FY 2025-26. Following the Prime Minister's remarks, major jewellery stocks including Titan and Kalyan Jewellers witnessed a sharp decline in the market. Decreasing gold imports is expected to ease the demand for US dollars and relieve the ongoing pressure on the Indian Rupee.