പണം സ്വരുക്കൂട്ടി സ്വർണം വാങ്ങാൻ കാത്തിരുന്നവരെ ഞെട്ടിച്ച വർഷമാണ് 2025. പവന് 57,000 രൂപയിൽ നിന്ന് ലക്ഷത്തിന് മുകളിലേക്കാണ് സ്വർണ വില സഞ്ചരിച്ചത്. ട്രംപ് തൊട്ട് രൂപ വരെ വില കൂടാന്‍ കാരണങ്ങൾ പലതുണ്ട്. എന്തായാലും സ്വർണം സാധാരണക്കാരന് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലായി. ഇന്ന് ഒരു പവൻ ആഭരണമായി വാങ്ങാൻ 1,17,000 രൂപയ്ക്ക് മുകളിൽ വേണം. എന്തൊക്കെയാണ് 2025ലുണ്ടായ വിലക്കയറ്റത്തിന് കാരണങ്ങള്‍? 2026ലും ഈ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുമോ?
രാജ്യാന്തര വില
ഈ വർഷം രാജ്യാന്തര സ്വര്‍ണവില 70 ശതമാനത്തിലേറെ വർധിച്ചു. 1979 ന് ശേഷമുള്ള ഏറ്റവും വലിയ വർധന. റഷ്യ–യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ–ഹമാസ് യുദ്ധം, ഡോണൾഡ് ട്രംപിന്‍റെ വ്യാപാര യുദ്ധം, യു.എസ് ഫെഡറൽ റിസർവിന്‍റെ സ്വതന്ത്രപദവിക്ക് വന്ന ഭീഷണി, ഗോൾഡ് ഇടിഎഫുകളില്‍ ഉണ്ടായ നിക്ഷേപവര്‍ധന, കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ തുടങ്ങി പല കാരണങ്ങള്‍ സ്വര്‍ണ വില ഉയര്‍ത്തി.
4,500 ഡോളര്‍ കടന്ന വില
2008ലെ മാന്ദ്യസമയത്താണ് രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വർണവില ട്രോയ് ഔണ്‍സിന് 1,000 ഡോളർ കടന്നത്. 2020ൽ കോവിഡ് കാലത്ത് 2,000 ഡോളര്‍ പിന്നിട്ടു. 2023 ഡിസംബറിൽ 1,800 ഡോളറായിരുന്നു രാജ്യാന്തര സ്വര്‍ണ വില. ട്രംപ് രണ്ടാമതും അധികാരമേറ്റ ശേഷം വന്ന യു.എസ് താരിഫ് ഭീഷണി സ്വർണ വിലയെ 3000 ഡോളർ കടത്തി. 2025ല്‍ തന്നെയാണ് രാജ്യാന്തര വില 4,000 ഡോളറും വര്‍ഷാന്ത്യത്തില്‍ 4,500 ഡോളറും പിന്നിട്ടത്.
57,000 രൂപയില്‍ നിന്ന് ലക്ഷത്തിലേക്ക്
കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ 80 ശതമാനം വിലവര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായത്. ജനുവരി ഒന്നിന് പവന് 57,200 രൂപയായിരുന്നു. ജനുവരി 20ന് വില 60,000 കടന്നു. ഫെബ്രുവരിയിൽ 64,600 വരെ എത്തി. മാർച്ചിൽ 67,400 വരെ കുതിച്ചു. 70,000 രൂപ എന്ന നാഴികകല്ല് പിന്നിട്ടത് ഏപ്രിലിൽ. മേയിൽ കുറഞ്ഞെങ്കിലും ജൂണില്‍ 74,500 പിന്നിട്ടു.
15 വര്‍ഷത്തിനിടയിലെ 10 ഗ്രാം സ്വര്‍ണത്തിന്‍റെ വില. Image Credit: X/@deepak4748
പവന് വില മുക്കാൽ ലക്ഷത്തിലെത്തിയത് ജൂലൈയിലാണ്. സെപ്റ്റംബറിൽ ഒറ്റയടിക്ക് 80,000 കടന്ന് മാസാവസാനമായപ്പോള്‍ 86,760 ലെത്തി. ഒക്ടോബറിലെ കുതിപ്പ് ഞെട്ടിപ്പിക്കുന്നതായിരുന്നു. വില ഒരു ലക്ഷം എത്തുമെന്ന് തോന്നിപ്പിച്ച മാസം, 90,000 കടന്ന് പവന് 97,360 രൂപയിലെത്തി. സര്‍വകാല റെക്കോര്‍ഡ്. നവംബറിൽ താഴേക്കായിരുന്നു സ്വർണ വില. 95,200 രൂപ ആയിരുന്നു ആ മാസത്തെ ഉയര്‍ന്ന നിരക്ക്. ഡിസംബര്‍ 23 നാണ് 1 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് സ്വർണ വില എത്തിയത്, 1,01600 രൂപ. ഇന്ന് 1,03,560 രൂപ.
2025 ലെ റാലിക്ക് കാരണം?
സ്വര്‍ണവും പലിശയും വിപരീത ബന്ധത്തിലാണ് പോകാറ്. യു.എസില്‍ പലിശ കുറയുമ്പോള്‍ സ്വര്‍ണം നേട്ടമുണ്ടാക്കാറുണ്ട്. രാജ്യാന്തര സംഘര്‍ഷങ്ങളിലും സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പരിഗണന ലഭിക്കും. കറൻസികളുടെ വാങ്ങൽ ശേഷി കുറയുമ്പോൾ, പണപ്പെരുപ്പത്തിനെതിരായ സുരക്ഷാ കവചമായാണ് സ്വർണത്തെ കാണുന്നത്. ഇതെല്ലാം ഈ വര്‍ഷം സ്വര്‍ണവില കൂടാന്‍ പല ഘട്ടങ്ങളില്‍ കാരണമായി.
2024 മുതലുള്ള സ്വർണ റാലിയുടെ ഒരു പ്രധാന കാരണം കേന്ദ്ര ബാങ്കുകളുടെ വലിയ വാങ്ങലാണ്. പ്രാഥമിക റിസർവ് കറൻസിയായ ഡോളറിലുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമമാണ് എമെർജിങ് മാർക്കറ്റുകളിലെ കേന്ദ്ര ബാങ്കുകൾ നടത്തുന്നത്. ഒരു പതിറ്റാണ്ടിലേറെയായി കേന്ദ്ര ബാങ്കുകൾ മൊത്തത്തിൽ സ്വർണം വാങ്ങുന്നവരാണെങ്കിലും യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെയാണ് വാങ്ങലിന്‍റെ വേഗത വർധിച്ചത്. ഇത് കാരണവുമുണ്ട്.
ഡീ ഡോളറൈസേഷന്‍
റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യൻ കേന്ദ്ര ബാങ്കിന്‍റെ വിദേശ രാജ്യങ്ങളിലുള്ള ആസ്തികൾ അമേരിക്കയും സഖ്യകക്ഷികളും മരവിപ്പിച്ചു. ഇതോടെ വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ഉപരോധ ഭീഷണി വന്നു. അതോടെ കേന്ദ്ര ബാങ്കുകൾ ഡോളറിൽ നിന്നും സ്വർണത്തിലേക്ക് മാറുകയാണ്. ചൈനയുടെ പീപ്പിൾസ് ബാങ്കാണ് സ്വര്‍ണം വാങ്ങുന്നവരിൽ മുന്നില്‍. ഒക്ടോബർ വരെയുള്ള കണക്കിൽ 13 മാസം തുടർച്ചയായി പീപ്പിൾ ബാങ്ക് സ്വർണം വാങ്ങി. നിലവിൽ 2,200 ടണ്ണിൽ അധികം സ്വർണ ശേഖരം ചൈനയ്ക്കുണ്ട്.
Also Read: ഡോളര്‍ തകരും; ലോകത്തെ രാജാവാകാന്‍ മഞ്ഞ ലോഹം; സ്വര്‍ണ വിലയുടെ കുതിപ്പിന് ബ്രേക്കില്ല!
കേന്ദ്ര ബാങ്കുകളുടെ വിദേശനാണ്യ ശേഖരത്തില്‍ സ്വര്‍ണത്തിന്‍റെ ശതമാനം. Image Credit: JP Morgan
2024 ൽ പോളണ്ടാണ് ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത്. 89.5 മെട്രിക് ടൺ. ഇന്ത്യ 72.6 ടണ്ണും ചൈന 44.2 ടണ്ണും വാങ്ങി. ചെക്ക് റിപ്പബ്ലിക്ക് 20.6 ടൺ, കസാഖിസ്ഥാൻ 16.6 ടൺ എന്നിങ്ങനെയാണ് പ്രധാന വാങ്ങലുകൾ. ലോകത്തെ കേന്ദ്ര ബാങ്കുകളുടെ പക്കൽ ഏകദേശം 36,200 ടൺ സ്വർണമുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക കരുതൽ ശേഖരത്തിന്‍റെ ഏകദേശം 20 ശതമാനം സ്വർണമാണ്. 2023-ന്‍റെ അവസാനത്തിൽ ഇത് 15 ശതമാനമായിരുന്നു.
വില 60,000 രൂപയിലെത്തുമോ?
രണ്ടു വർഷത്തെ കുതിപ്പ് അടുത്ത വർഷം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ജിയോജിത് ഫിനാൻഷ്യൽ സർവീസിലെ ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് വി.കെ.വിജയകുമാറിന്‍റെ നിരീക്ഷണം. ലാഭമെടുപ്പ് ഉണ്ടാകുന്നതിൽ വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നില്ല. കമ്മോഡിറ്റി വിലകളിൽ രണ്ടു വർഷ കുതിപ്പിനു ശേഷം ഒരു ഇടവേള ഉണ്ടാകാറുണ്ട്. എന്നാൽ വലിയ തകർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. പവന് 50,000- 60,000 രൂപയിലെത്തുമെന്ന പ്രവചനങ്ങള്‍ വിജയകുമാര്‍ തള്ളി.
വില ഉയർന്നാല്‍ മറ്റ് ആസ്തികളിലുള്ളതു പോലുള്ള വലിയ വിൽപ്പന (ലാഭമെടുപ്പ്) സ്വർണത്തിലുണ്ടാകില്ല. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് വിൽക്കാനല്ല. രാജ്യാന്തര വിലയിൽ 10 ശതമാനത്തോളം ഇടിവ് വരികയാണെങ്കിൽ കേന്ദ്ര ബാങ്കുകൾ വീണ്ടും വാങ്ങും. നിക്ഷേപം എന്ന നിലയിലും സ്വർണത്തിന് താൽപര്യം വളർന്ന കാലമായതിനാൽ ഇടിഎഫ് വഴിയും വാങ്ങൽ തുടരും – അദ്ദേഹം വിലയിരുത്തുന്നു.
2026 ൽ സ്വർണ വില എങ്ങനെ
ജെപി മോർഗന്‍റെ 2026 ലെ സ്വർണ വില സംബന്ധിച്ച പ്രവചനം വര്‍ഷാവസാനത്തോടെ 5,055 ഡോളറാണ്. അതായത് സ്വര്‍ണ വില രാജ്യാന്തര തലത്തില്‍ ഇനിയും 50 ഡോളര്‍ വരെ ഉയരാം. രൂപയുടെ ഇടിവ് കണക്കിലെടുക്കുമ്പോള്‍ കേരളത്തില്‍ വില 1.25 ലക്ഷത്തിലേക്കും എത്താം. സാമ്പത്തിക വര്‍ഷത്തെ ഓരോ പാദത്തിലും നിക്ഷേപകരുടെയും കേന്ദ്ര ബാങ്കുകളുടെയും സ്വർണ ആവശ്യകതയും വിലയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ജെപി മോർഗൻ മുന്നേറ്റം പ്രവചിക്കുന്നത്.
2026-ലെ ആദ്യക്വാര്‍ട്ടറില്‍ ശരാശരി 585 ടൺ ഡിമാൻഡാണ് സ്വര്‍ണത്തിന് പ്രതീക്ഷിക്കുന്നത്. ഇതില്‍ 190 ടൺ കേന്ദ്ര ബാങ്കുകളില്‍ നിന്നാണ്. ഓരോ പാദത്തിലും സ്വർണവില ഉയരണമെങ്കിൽ നിക്ഷേപകരിൽ നിന്നും കേന്ദ്ര ബാങ്കുകളിൽ നിന്നുമായി കുറഞ്ഞത് 350 ടൺ ഡിമാൻഡ് ഉണ്ടാകണമെന്നാണ് ജെപി മോർഗന്‍റെ വിലയിരുത്തൽ.
350 ടണ്ണിന് മുകളിൽ ഓരോ 100 ടൺ ഡിമാന്‍ഡ് ഉണ്ടാകുമ്പോഴും ത്രൈമാസത്തില്‍ സ്വർണവിലയിൽ 2 ശതമാനത്തോളം വർധനയുണ്ടാകും. അതിനാല്‍ സ്വർണ വിപണിയെ താങ്ങിനിർത്തുന്ന ഒരു പ്രധാന തൂണായി കേന്ദ്ര ബാങ്കുകൾ തുടരുമെന്ന് ജെപി മോര്‍ഗന്‍ പറയുന്നു.
തുടർച്ചയായ മൂന്നു വർഷം കേന്ദ്രബാങ്കുകള്‍ ശരാശരി വാങ്ങിയ സ്വര്‍ണത്തിന്‍റെ അളവ് 1000 ടണ്ണിന് മുകളിലാണ്. 2026 ലും ഈ ട്രെൻഡ് തുടരും. 755 ടൺ സ്വർണമെങ്കിലും വരുംവര്‍ഷം കേന്ദ്ര ബാങ്കുകൾ വാങ്ങിയേക്കാം. വില 4,000 ഡോളറിന് മുകളിലെത്തിയ സാഹചര്യത്തിൽ വാങ്ങലിൽ നിന്നും സാങ്കേതികമായ പിന്മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.
ഡോളറിന്‍റെ മൂല്യം ഗണ്യമായി ഉയരുകയോ, ട്രംപ് താരിഫ് നയം മാറ്റുകയോ യുക്രെയ്ൻ യുദ്ധം അവസാനിക്കുകയോ ചെയ്താല്‍ സ്വര്‍ണവില കുറഞ്ഞേക്കുമെന്നും ജെപി മോര്‍ഗന്‍ വിലയിരുത്തുന്നു.