റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണ വില വെള്ളിയാഴ്ചയും പുതിയ ഉയരത്തിലെത്തി. പവന് 1,02,680 രൂപ!. സാധാരണക്കാരന്‍റെ സ്വര്‍ണമെന്ന ആഗ്രഹത്തെ അസ്ഥാനത്താക്കിയുള്ള കുതിപ്പിന് അടുത്തകാലത്തൊന്നും അറുതിയുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. ലോകത്തെ കേന്ദ്ര ബാങ്കുകളുടെ റിസര്‍വ് ആസ്തി എന്ന നിലയിലുള്ള ഡോളറിന്‍റെ സ്ഥാനം സ്വര്‍ണം കൈക്കലാക്കുമെന്നാണ് യൂറോ പസഫിക് അസറ്റ് മാനേജ്‌മെന്റിന്റെ ചീഫ് ഇക്കണോമിസ്റ്റ് പീറ്റർ ഷിഫ് പറയുന്നത്.
ഡോളര്‍ ചരിത്രപരമായ തകര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ്. കേന്ദ്ര ബാങ്കുകളുടെ പ്രാഥമിക റിസര്‍വ് ആസ്തിയായി സ്വര്‍ണം മാറുമെന്നുമാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം.
മറ്റു കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ അപ്രമാധിത്വം തകരുമെന്നും സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വര്‍ണത്തിന്‍റെ വില കുറയുമെന്ന് പറഞ്ഞ് വാങ്ങാന്‍ കാത്തിരുന്നവര്‍ പോലും സ്വര്‍ണവിലയിലെ റാലി നിലനില്‍ക്കമെന്ന് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡോളര്‍ ഇടിയുന്നത് എക്കാലത്തും നേട്ടമാകുന്ന സ്വര്‍ണ വില ഇനിയും മുന്നേറും എന്നു പറയുകയാണ് ഈ നിരീക്ഷണം.
ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 4500 ഡോളറിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. ബുധനാഴ്ചയാണ് സ്വര്‍ണ വില പുതിയ റെക്കോര്‍ഡ് കുറിച്ചത്. നിലവില്‍ 4527 ഡോളറിലാണ് സ്വര്‍ണ വില. ഈ വര്‍ഷം ഇതുവരെ 80 ശതമാനമാണ് സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം. സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിയും കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലവുമാണ് സ്വര്‍ണ വിലയില്‍ മുന്നേറാന്‍ കാരണം. സ്വര്‍ണത്തിന്‍റെ സുവര്‍ണ റാലി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.
കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി വാങ്ങുന്നതും അനിശ്ചിതത്വങ്ങളില്‍ ഡിമാന്‍റുയരുന്നതും വലിയ നേട്ടമുണ്ടാക്കിയ അസറ്റ് ക്ലാസ് എന്ന നിലയില്‍ നിക്ഷേപ സാധ്യതയായി മാറുന്നതും സ്വര്‍ണത്തിന് അനുകൂലമാകുമെന്ന് യാ വെല്‍ത്ത് ഗ്ലോബല്‍ റിസര്‍ച്ച് ഡയറക്ടര്‍ അനുജ് ഗുപ്ത പറഞ്ഞു. ഡോളറിന്റെ മൂല്യം ഇടിയുന്നത് സ്വർണവില വർധിക്കാൻ സഹായിക്കും. അതേസമയം രൂപയുടെ മൂല്യം കുറയുന്നത് ആഭ്യന്തര നിക്ഷേപകർക്ക് കൂടുതൽ റിട്ടേൺസ് നൽകും. ഈ സാഹചര്യത്തില്‍ 2026 ലെ ദീപാവലിയോടെ സ്വര്‍ണ വില 5,000 ഡോളറിലേക്ക് എത്തുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. 2026 ല്‍ സ്വര്‍ണ വില 5000 ഡോളറിലെത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്കയും പ്രവചിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തില്‍ സ്വര്‍ണ വില ഇനിയും 15,000 രൂപയോളം വര്‍ധിക്കും.