ഉയർന്ന യു.എസ് തീരുവ ഒഴിവാക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് ഉൽപ്പാദനം മാറ്റിയ പല നിർമാക്കളും ഒരു വർഷത്തിന് ശേഷം ചൈനയിലേക്ക് തന്നെ മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനയിലെ നിർമാണ അന്തരീക്ഷം അതേപടി മറ്റൊരു രാജ്യത്ത് പുനഃസൃഷ്ടിക്കുക എന്നത് പ്രയാസകരമായതിനാലാണിത്.

'ചൈന പ്ലസ് വൺ' നയത്തിലെ തിരിച്ചടികൾ

ചൈനയിലെ മാത്രം വിതരണക്കാരെ ആശ്രയിക്കാതെ, ബിസിനസ്സ് നഷ്ട സാധ്യത കുറയ്ക്കുന്നതിനും കുറഞ്ഞ തീരുവയുടെ ആനുകൂല്യം ലഭിക്കുന്നതിനുമായി ഉൽപ്പാദനം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന നയമാണ് ചൈന പ്ലസ് വൺ. തെക്കുകിഴക്കൻ ഏഷ്യൻ വ്യവസായ കേന്ദ്രങ്ങളിൽ ബിസിനസുകൾ ഇപ്പോഴും നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ചൈന പ്ലസ് വൺ നയം നടപ്പിലാക്കുന്നത് കൂടുതൽ പ്രയാസകരമായി മാറിയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 

ചൈന നൽകുന്ന പ്രധാന അനുകൂല ഘടകങ്ങൾ

ഉൽപ്പാദനം തിരിച്ചെത്തുന്നതിന്റെ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമായിട്ടില്ലെങ്കിലും വിദേശ രാജ്യങ്ങളിലെ ഫാക്ടറികൾക്ക് ചൈനയ്ക്ക് സമാനമായ സൗകര്യങ്ങൾ നൽകാൻ സാധിക്കുന്നില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. വിദഗ്ധരായ തൊഴിലാളികളുടെ ലഭ്യത, ശക്തമായ വിതരണ ശൃംഖല, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത എന്നിവ പ്രധാന ഘടകങ്ങളാണ്. ഉൽപ്പാദന പരിമിതികളും സപ്ലൈ ചെയിൻ വൈകുന്നതും കാരണം പ്രമുഖ യു.എസ് റീട്ടെയിലറായ ടാർഗെറ്റ് തങ്ങളുടെ ചില ഓർഡറുകൾ വീണ്ടും ചൈനീസ് വിതരണക്കാർക്ക് തന്നെ നൽകി. എന്നാൽ ഈ ഓർഡറുകളുടെ മൂല്യമോ കാലയളവോ വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഷീനും തങ്ങളുടെ വിയറ്റ്നാമിലെ പ്രവർത്തനങ്ങൾ ചുരുക്കുകയാണ്. സ്ക്രൂകളും കപ്പ് ഹോൾഡർ മോൾഡുകളും ഉൾപ്പെടെയുള്ള അടിസ്ഥാന ഉപകരണങ്ങൾ പോലും വിയറ്റ്നാമിൽ ലഭ്യമല്ലാത്തതിനാൽ ചൈനയിൽ നിന്ന് തന്നെ ഇറക്കുമതി ചെയ്യേണ്ടി വരുന്നു എന്നതിനാല്‍ ചെലവുകൾ കണക്കാക്കിയപ്പോൾ വലിയ ലാഭമില്ലെന്ന് മനസ്സിലായതുകൊണ്ടാണ് വ്യാപാരികളുടെ ഈ പിന്‍മാറ്റം. 

മാറിമറിയുന്ന തീരുവ നിരക്കുകൾ 

ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ്  പുറത്തുവിട്ട ജൂലൈയിലെ തീരുവ നിരക്കുകൾ പ്രകാരം വിയറ്റ്നാമിന് 6.1%, ഇന്തോനേഷ്യയ്ക്ക് 13.4%, തായ്‌ലൻഡിന് 4.5% എന്നിങ്ങനെ യു.എസ് തീരുവ നിരക്ക് നിലനിൽക്കുമ്പോൾ ചൈനയ്ക്ക് നേരിടേണ്ടി വന്നത് ഏകദേശം 20% ഫലപ്രദമായ തീരുവ നിരക്കാണ്. എങ്കിലും വാഷിങ്ടൺ കൂടുതൽ രാജ്യങ്ങളിലേക്ക് തീരുവ വ്യാപിപ്പിച്ചതോടെ ഈ ആനുകൂല്യം കുറഞ്ഞുവെന്നും ഇത് ചില ചൈനീസ് നിർമ്മാതാക്കളെ വിദേശ നിക്ഷേപങ്ങളെക്കുറിച്ച് പുനർചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും EIU വ്യക്തമാക്കുന്നു.

China Plus One Strategy Facing Challenges:

China Plus One strategy is seeing manufacturers return to China after attempting to shift production overseas to avoid US tariffs. This shift back is attributed to the difficulty in replicating China's robust manufacturing ecosystem in other countries