ടൂറിസം വ്യവസായത്തിൽ വിപ്ലവകരമായ കുതിപ്പ് ലക്ഷ്യമിട്ട് നിർമിതബുദ്ധി (എഐ) കമ്പനിയുമായി ഐടി ഭീമന്മാരായ ഐബിഎസ് സോഫ്റ്റ്‌വെയർ. നാവിക് ടെക്നോളജി എന്നു പേരിട്ട പുതിയ കമ്പനിയ്ക്കു കൊച്ചിയില്‍ തുടക്കം. എയർലൈൻ, ക്രൂസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് എന്നീ മേഖലയിൽ എഐ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. സോഫ്റ്റ്‌വെയർ സേവനവും കൺസൽറ്റൻസിയും നൽകുന്ന നാവിക്, ഈ മേഖലയിലെ രാജ്യത്തെ ആദ്യ സ്ഥാപനമാകും. പൂർണമായും വ്യക്തിയധിഷ്ഠിതമായി ഓഫറുകളും സേവനങ്ങളും നൽകും. കൊച്ചിയില്‍ നാവിക്കിന്റെ ഉദ്ഘാടനത്തിനുശേഷം ഐ.ബി.എസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ.മാത്യൂസുമായി മനോരമ ന്യൂസ് പ്രതിനിധി പ്രശാന്ത് ആര്‍ നായര്‍ നടത്തിയ അഭിമുഖം. 

 

ചോദ്യം: കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഒരു പ്രധാന എഐ കമ്പനിയ്ക്ക് കൊച്ചി ഇൻഫോപാർക്കിലുള്ള ഐബിഎസ് (IBS)-ന്റെ ക്യാംപസില്‍  തുടക്കമിട്ടിരിക്കുകയാണ്.  . എന്താണ് ഈ 'നാവിക്' (Naviq)?

 

വി. കെ. മാത്യൂസ്: ട്രാവൽ മേഖലയ്ക്ക് വേണ്ടിയുള്ള ഒരു 'വെർട്ടിക്കൽ എഐ കമ്പനി' (Vertical AI Company) എന്ന നിലയിലാണ് നമ്മൾ നാവികിനെ അവതരിപ്പിക്കുന്നത്. 'വെർട്ടിക്കൽ' എന്ന് വച്ചാൽ ഇത് ട്രാവൽ ഇൻഡസ്ട്രിക്ക് വേണ്ടി മാത്രമായിരിക്കും പ്രവർത്തിക്കുക. കാരണം അതാണ് ഞങ്ങളുടെ പ്രധാന പ്രവർത്തന മേഖല (Domain Competence). ഞങ്ങൾ മൂന്ന് പതിറ്റാണ്ടുകളായി ഈ മേഖലയിലാണ് പ്രവർത്തിക്കുന്നത്.  ഇത് അടിസ്ഥാനപരമായി ഒരു എഐ സ്പെഷ്യലിസ്റ്റ് കമ്പനിയാണ്. എയർലൈനുകൾ, ഹോട്ടലുകൾ, ക്രൂയിസ് കമ്പനികൾ തുടങ്ങിയ യാത്രാ കമ്പനികൾക്ക് എഐ സാങ്കേതികവിദ്യയുടെ ഉപയോഗം എങ്ങനെ വേഗത്തിലാക്കാം എന്നതാണ് ഇതിന്‍റെ റോള്‍. അവർക്ക് എഐ ഉപയോഗിച്ച് വരുമാനം വർധിപ്പിക്കാനും, പ്രവർത്തന ചെലവ് കുറയ്ക്കാനും, ഉപഭോക്തൃ ബന്ധങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും. ഇതിന് വലിയ തോതിലുള്ള ആവശ്യക്കാരുണ്ട് (Huge Demand), എന്നാൽ ഇതുവരെ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഇതിൽ നടന്നിട്ടുള്ളൂ. എഐ ജീവിതത്തെ സ്വാധീനിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വലിയ തോതിൽ ഇത് എങ്ങനെ ഉപയോഗിക്കാം? അതാണ് നാവികിന്റെ ലക്ഷ്യം.

 

ഇതൊരു ട്രാവൽ സെക്ടറിന് വേണ്ടിയുള്ള വെർട്ടിക്കൽ എഐ ആണ്. ലോകത്ത് തന്നെ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ഇങ്ങനെ നടക്കുന്നത്. ഒരു എയര്‍ലൈന്‍ കമ്പനിക്ക് പലമടങ്ങായി ബിസിനസ് വളർത്താൻ എഐ എങ്ങനെ ഉപയോഗിക്കാം? അതുപോലെ, നിങ്ങളൊരു ഹോസ്പിറ്റാലിറ്റി കമ്പനിയാണെങ്കിൽ, എഐ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ഉൽപ്പാദനക്ഷമത എങ്ങനെ മെച്ചപ്പെടുത്താം? ഇതിന് പ്രധാനപ്പെട്ട രണ്ട് വശങ്ങളുണ്ട്. ഒന്ന്, ആ മേഖലയെക്കുറിച്ചുള്ള (Domain) നമ്മുടെ അറിവ്. കാരണം, പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും അവസരങ്ങൾ തിരിച്ചറിയാനും ആ അറിവ് അത്യാവശ്യമാണ്. രണ്ട്, ഈ ടൂളുകൾ ഉപയോഗിക്കുന്നതിലുള്ള നമ്മുടെ വൈദഗ്ധ്യം (Proficiency). ഇതിന് ഇപ്പോൾ 'ഫ്ലുവൻസി' (Fluency) എന്നാണ് പറയുന്നത്. എഐ ഫ്ലുവൻസി എന്നാൽ എഐ ഉപയോഗിക്കാനുള്ള നിങ്ങളുടെ കഴിവ്. അതിൽ വളരെ രസകരമായ ഒരു നിരീക്ഷണമുണ്ട്—കഴിഞ്ഞ 24 മാസത്തിനിടെ അമേരിക്കയിൽ എഐ ഫ്ലുവൻസി  ഒരു കഴിവ് എന്ന നിലയിൽ 7 മടങ്ങ് വർധിച്ചു. ചരിത്രത്തിൽ മറ്റൊരു നൈപുണ്യത്തിലും ഉണ്ടാകാത്ത വളർച്ചയാണിത്.

അതിന് രണ്ട് അർത്ഥങ്ങളാണുള്ളത്: ഒന്ന്, ആ കഴിവ് കൂട്ടാൻ പറ്റും. മറ്റൊന്ന്, അത് അത്യന്താപേക്ഷിതമാണ് (Absolute necessity). കാരണം, ഈ ടൂളുകളുടെ ആയുസ്സ് (Shelf life) വളരെ കുറവാണ്. ഇപ്പോൾ നമ്മൾ ഒരു ടൂൾ ഉപയോഗിച്ച് 6 മാസം കഴിയുമ്പോഴേക്കും അടുത്തത് വരും. അതുകൊണ്ട് നിരന്തരമായ പഠനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ടതുണ്ട്.

 

ചോദ്യം:  എയർലൈൻ മേഖലയിലായിരുന്നല്ലോ ഐബിഎസിന്റെ ഒരു ഉത്ഭവം. ഇപ്പോൾ നാവിക് വന്നു കഴിയുമ്പോൾ ക്രൂയിസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക്, ട്രാവൽ എന്ന് പറയുന്ന ഒരു സെഗ്മെന്‍റില്‍ മൊത്തത്തിൽ വരികയാണ്. അപ്പോൾ ഇത് നൽകുന്ന വെല്ലുവിളിയും സാധ്യതയും എങ്ങനെയാണ്? എങ്ങനെയാണ് ഇത് ഈ മേഖലകളെ സഹായിക്കുന്നത്?

 

വി. കെ. മാത്യൂസ്: ഉദാഹരണത്തിന് ഒരു എയർലൈന്റെ കാര്യമെടുക്കാം. ഒരു എയർലൈന് പല വെല്ലുവിളികളുമുണ്ട്. ഒന്ന്, എന്റെ വരുമാനം എങ്ങനെ വർധിപ്പിക്കാം? 30 ലക്ഷമോ 30 ദശലക്ഷമോ യാത്രക്കാരുള്ള ഒരു എയർലൈന്, ഒരു യാത്രക്കാരനിൽ നിന്നുള്ള വരുമാനം എങ്ങനെ കൂട്ടാം എന്നത് വലിയൊരു ചോദ്യമാണ്. അത് ചെയ്യാനുള്ള ഒരു വഴി, സീറ്റ് മാത്രമായി വിൽക്കാതിരിക്കുക എന്നതാണ്. നിങ്ങളുടെ ഉപഭോക്താവിനെ അറിയാമെങ്കിൽ, അവർക്ക് എന്താണ് വേണ്ടതെന്ന് അറിയാമെങ്കിൽ നിങ്ങൾക്ക് എന്തും വിൽക്കാം.

 

ചോദ്യം : ഉദാഹരണം വഴി വിശദമാക്കാമോ?

 

വി. കെ. മാത്യൂസ്: വ്യക്തിഗതമാക്കി വിൽക്കുക (Personalized). എമിറേറ്റ്സിന്റെ കാര്യമെടുക്കുക, യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ എമിറേറ്റ്സിനെക്കുറിച്ച് ചിന്തിക്കുന്നു. ദുബായിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്ന എന്തും, യാത്രയുമായി ബന്ധപ്പെട്ട എന്തും നിങ്ങൾക്ക് നൽകാൻ എമിറേറ്റ്സിന് സാധിക്കും. കാരണം അവർക്ക് നിങ്ങളെ അറിയാം. ഉദാഹരണത്തിന്, ഞാൻ ദുബായിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള 15 മണിക്കൂർ ഫ്ലൈറ്റിൽ ഇരിക്കുകയാണ്. ഞാൻ ജോലി ചെയ്യുകയോ ഉറങ്ങുകയോ ചെയ്താലും എനിക്ക് ധാരാളം സമയമുണ്ട്. ഞാൻ ആരാണെന്നും എന്റെ താല്പര്യങ്ങൾ എന്താണെന്നും അവർക്ക് അറിയാമെങ്കിൽ, അത് എനിക്ക് വിൽക്കാൻ അവർക്ക് സാധിക്കും. ഞാൻ അത് വാങ്ങുകയും ചെയ്യും. അതുവഴി അവർക്ക് വരുമാനം കൂട്ടാം. ലാഭവിഹിതവും (Margin) വളരെ കൂടുതലായിരിക്കും. 

 

എയർലൈനുകളുടെയും ഹോസ്പിറ്റാലിറ്റിയുടെയും പ്രശ്നം സാധാരണക്കാർക്ക് അറിയാത്ത ഒരു ബിസിനസ് വെല്ലുവിളി അവർക്കുണ്ട്. ലോകത്തിലെ ഏറ്റവും പെട്ടെന്ന് നശിച്ചുപോകുന്ന ഒരു വസ്തുവാണ് (Perishable commodity) അവർ വിൽക്കുന്നത്. അതുകൊണ്ട്, ഉപഭോക്താവിനെ കൃത്യമായി അറിയുന്നത് വഴി അവരുടെ ഉപഭോഗ രീതി മെച്ചപ്പെടുത്തി മറ്റു ഉൽപന്നങ്ങൾ കൂടി എത്തിക്കാൻ സാധിക്കണം. ഇതിന്റെ പ്രധാന തീം 'പെർസണലൈസേഷൻ' (Personalization) ആണ്. അതായത്, വലിയ അളവിൽ ഉപഭോക്താക്കളെ അറിയുക. ഒന്നോ രണ്ടോ പേരെയല്ല, 6 കോടി യാത്രക്കാരുണ്ടെങ്കിൽ 6 കോടി ആളുകളെയും അറിയുക. എഐ ഇതിന് സഹായിക്കും. കാരണം നിങ്ങളുടെ മുൻകാല പെരുമാറ്റ ചരിത്രവും ഇപ്പോഴത്തെ പ്രവർത്തനങ്ങളും വിശകലനം ചെയ്ത്, ഈ ചിത്രം കാണിച്ചാൽ ഇയാൾ ഇതിൽ ക്ലിക്ക് ചെയ്യും" എന്ന് പറയാൻ എഐക്ക് സാധിക്കും.

 

അതുപോലെ തന്നെയാണ് സമയബന്ധിതമായ സർവീസുകളും (On-time operation) തടസ്സങ്ങൾ പരിഹരിക്കുന്നതും. ഉദാഹരണത്തിന് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് എല്ലാ വെള്ളിയാഴ്ചയും വൈകാറുണ്ട്. കാരണം ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങില്‍ യാത്രക്കാർ കുടുങ്ങിപ്പോകുന്നതാണ്. എഐ ഉപയോഗിച്ച് "ഈ ഫ്ലൈറ്റ് ലേറ്റ് ആകാൻ വലിയ സാധ്യതയുണ്ട്" എന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയും. അതിനാൽ അത് തടയാൻ പ്രൊആക്റ്റീവായി നടപടികൾ എടുക്കാൻ സാധിക്കും.

 

ഇത്തരം വഴികളിലൂടെയാണ് നമുക്ക് സഹായിക്കാൻ കഴിയുക. ഇതിന് രണ്ട് വശങ്ങളുണ്ട്: ഒന്ന് ഉൽപ്പാദനക്ഷമത (Productivity), മറ്റൊന്ന് ഫലങ്ങൾ വർധിപ്പിക്കൽ (Outcome Amplification).

മുമ്പ് 10 പേർ ചെയ്തിരുന്ന ജോലി ഇപ്പോൾ 5 പേർക്ക് ചെയ്യാം. പക്ഷെ ഒരേ ഔട്ട്പുട്ട് അല്ല നമുക്ക് വേണ്ടത്, പല ഘടകങ്ങളിലുള്ള വലിയ ഔട്ട്പുട്ടാണ് വേണ്ടത്. എഐ എന്നത് മനുഷ്യന്റെ ഐ.ക്യു.-വിനേക്കാൾ 200 മടങ്ങ് സാധ്യതയുള്ള ഒന്നാണെന്നാണ് പറയപ്പെടുന്നത്. ചിന്തിക്കാൻ കഴിയുമോ? സാധാരണ കേസിൽ 12,000 ഐ.ക്യു. വരെ വരാം എന്നാണ് പ്രവചനങ്ങൾ! അതായത് വലിയ തോതിൽ ഉൽപ്പാദിപ്പിക്കാൻ കഴിയും. എന്നാൽ മനുഷ്യജീവിതത്തിലെ പ്രശ്നം ഉൽപ്പാദനത്തിന്റേതല്ല, ഉപഭോഗത്തിന്റേതാണ് (Consumption constraint). ഉദാഹരണത്തിന്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ വന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ ജി.ഡി.പി.-യുടെ 25% വരുന്ന ഡിജിറ്റൽ സാമ്പത്തികരംഗം ഉണ്ടാകുമായിരുന്നില്ല.

അതുകൊണ്ട്, ഇത് എങ്ങനെ സഹായിക്കും എന്ന ചോദ്യത്തിന്—നമ്മൾ പുതിയ വഴികൾ കണ്ടെത്തണം. 3 ബില്യൺ ഡോളർ വരുമാനമുള്ള ഒരു കമ്പനിക്ക് അത് എങ്ങനെ 6 ബില്യൺ ആക്കാം എന്നതാണ് ചോദ്യം. പക്ഷെ അത് ഉപയോഗിക്കാൻ ആളുകൾ വേണം. എഐ വരുന്നതോടെ ഉൽപ്പാദനം ഒരു തടസ്സമായിരിക്കില്ല.

 

ചോദ്യം:  ഇതിനകം തന്നെ നാവിക് ബിസിനസിലേക്ക് കടന്നു കഴിഞ്ഞോ?

 

വി. കെ. മാത്യൂസ്: നാവിക് ബിസിനസിലേക്ക് കടന്നു കഴിഞ്ഞു. കാരണം, ഒരു സാധാരണ സ്റ്റാർട്ടപ്പ് പോലെ തുടങ്ങാനല്ല ഞങ്ങൾ പ്ലാൻ ചെയ്തത്. കാരണം നമുക്കൊരു ബാക്ക്ഗ്രൗണ്ട് ഉണ്ടല്ലോ. ഏതൊക്കെ ഉപഭോക്താക്കളെയാണ് ടാർഗെറ്റ് ചെയ്യേണ്ടത്, ഏതൊക്കെ സൊല്യൂഷനുകളാണ് മാർക്കറ്റിലേക്ക് എത്തിക്കേണ്ടത്, നമ്മുടെ ഗോ-ടു-മാർക്കറ്റ് (GTM) തന്ത്രം എന്താണ്, എന്തൊക്കെ സ്കില്ലുകളാണ് വേണ്ടത്... ഈ തയ്യാറെടുപ്പുകളെല്ലാം നമ്മൾ നടത്തിയതാണ്. കഴിഞ്ഞ കുറച്ചു കാലമായി ഞങ്ങൾ ആളുകളെ എടുക്കുന്നുണ്ട്. അതുകൊണ്ട് തുടക്കത്തിൽ തന്നെ മുന്നേറാൻ (Head start) ഞങ്ങൾക്ക് സാധിക്കും.

 

ചോദ്യം: നാവികിന്‍റെ ടാര്‍ഗറ്റ് കൂടി വ്യക്തമാക്കാമോ?

 

വി. കെ. മാത്യൂസ്: വരുമാന ലക്ഷ്യങ്ങൾ (Revenue targets) ഞാൻ ഇപ്പോൾ പറയുന്നില്ല. എന്നാൽ 2030 ഓടെ 5,000 എഐ പ്രഫഷനലുകളെ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ബിസിനസ് പ്ലാൻ. അതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇതിന്റെ മറുപുറം എന്നത്, അടുത്ത 5 വർഷത്തിനുള്ളിൽ ഏകദേശം 500 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന്/ചെലവഴിക്കലിന് ഇത് വഴിതെളിക്കും എന്നതാണ്. അത് വലിയൊരു കാര്യമാണ്. ഇതിന് മറ്റൊരു വശം കൂടിയുണ്ട്, രാജ്യത്തെ എഐയുടെ കേന്ദ്രമായി കേരളത്തെ മാറ്റാൻ ഇത് സഹായിക്കും. 

 

ചോദ്യം: സമീപകാലത്ത് വലിയൊരു ആശങ്ക വന്നിരിക്കുന്നത് എഐ തൊഴിലവസരങ്ങളെ ബാധിക്കുമോ എന്നുള്ളതാണ്. കൊച്ചിയിലെ ഒരു അനുഭവം നമുക്ക് മുന്നിലുണ്ട്. അപ്പോൾ ഈ കാര്യത്തിൽ എന്താണ് ചെയ്യാൻ സാധിക്കുക, അല്ലെങ്കിൽ ഒരു തൊഴിൽ അന്വേഷകൻ എന്താണ് ചെയ്യേണ്ടത്?

 

വി. കെ. മാത്യൂസ്: ഭാവിയിൽ നമ്മുടെ കഴിവ് അല്ലെങ്കിൽ ടാലന്റ് എന്നത് എഐ യുഗത്തിൽ പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഇരിക്കുന്നത്: നിങ്ങൾ ഒരു പ്രത്യേക മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഉദാഹരണത്തിന് ഹെൽത്ത്‌കെയർ (ആരോഗ്യ മേഖല)—ഐടിയിലാണെങ്കിലും അല്ലെങ്കിലും ആരോഗ്യ മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കണം. ഫിനാൻഷ്യൽ മേഖലയിലാണെങ്കിൽ അതിനെക്കുറിച്ചും, നിയമ മേഖലയിലാണെങ്കിൽ കോടതികളും ലീഗൽ ഫേമുകളും എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയണം. ഗവൺമെന്റിലാണെങ്കിൽ ഭരണസംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കണം. ആ കോൺടെക്സ്റ്റ് നോളജ് അല്ലെങ്കിൽ ഡൊമൈൻ നോളജ് (മേഖലയെക്കുറിച്ചുള്ള അറിവ്) ഉണ്ടെങ്കിൽ മാത്രമേ അവസരങ്ങൾ കണ്ടെത്താൻ സാധിക്കൂ.

 

പിന്നെ മറ്റൊന്ന് എഐ ടൂളുകൾ ഉപയോഗിക്കാനുള്ള വൈദഗ്ധ്യമാണ് (Proficiency). ആളുകൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: "എഐ ഉപയോഗിക്കാത്തവരെ മാത്രമേ എഐ റീപ്ലേസ് ചെയ്യു!" അത് കേൾക്കാൻ രസമുള്ള ഒരു വാചകമായി പറഞ്ഞതല്ല, വളരെ ശരിയായിട്ടുള്ള കാര്യമാണ്. ഭാവിയുടെ ടാലന്റ് എന്ന് പറയുന്നത് മേഖലയെക്കുറിച്ചുള്ള അറിവും (Context) എഐ ഫ്ലുവൻസിയും തമ്മിലുള്ള കൂട്ടുകെട്ടാണ്. ഉദ്യോഗാർത്ഥികളോട് എനിക്ക് പറയാനുള്ളത്, എഐയെക്കുറിച്ച് കേൾക്കുന്ന എന്തും നിങ്ങൾ പഠിക്കുകയും ആ കൗതുകം (Curiosity) നിലനിർത്തുകയും വേണം. കുട്ടികളിൽ നമ്മൾ വളർത്തേണ്ടതും ഈ കൗതുകമാണ്.

 

പണ്ടൊക്കെ ഉണ്ടായിരുന്ന പ്രശ്നം, എഞ്ചിനീയറിംഗ് പഠിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു ജോലി കിട്ടിയാൽ പഠനം അവിടെ കഴിഞ്ഞു എന്ന് വിചാരിക്കുന്നതാണ്. സ്വയം അപ്ഗ്രേഡ് ചെയ്യുന്നില്ല. എന്നാൽ ഇനി അങ്ങോട്ട് പഠനം ഒരു ജീവിതരീതിയായി മാറണം. കുട്ടികൾക്ക് മാത്രമല്ല, ഗവൺമെന്റിനും കമ്പനികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. ഇന്ത്യൻ ഐടി വ്യവസായം നോക്കിയാൽ, നിലവിൽ 60 ലക്ഷം സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് നേരിട്ട് തൊഴിൽ നൽകുന്നുണ്ട്. ആ വളർച്ച ഇനി കുറയാനാണ് സാധ്യത. എന്നാൽ എഐ മേഖലയിലെ വളർച്ച വളരെ വേഗത്തിൽ മുകളിലേക്ക് പോകും. അതുകൊണ്ട് തൊഴിലവസരങ്ങൾ പൂർണ്ണമായി നഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷെ തൊഴിലുകളുടെ സ്വഭാവം മാറും (Displacement).

 

മെച്ചപ്പെട്ട നിലവാരമുള്ള കൂടുതൽ ജോലികൾ ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എങ്കിലും ഇതൊരു മാറ്റത്തിന്റെ ഘട്ടമാണ്. കൊച്ചിയിലെ കൊറോ ഹെൽത്തിന്റെ കേസിൽ, അത് ന്യായമായ ഒന്നായിരുന്നു. കോഴിക്കോടും കൊച്ചിയിലും ഉണ്ടായിരുന്ന ആ ഒരു ബിസിനസ്സ് ലൈൻ അവർ അവസാനിപ്പിച്ചതാണ്. അമേരിക്കയിലെ ചില ഗവൺമെന്റ് നിയമ മാറ്റങ്ങൾ കാരണം ഇൻഷുറൻസ് മേഖലയിലെ വർക്ക് കുറയുകയും ചെയ്തു. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഒരു കമ്പനിയായിരുന്നു അത്. ഒരുപക്ഷെ അവർക്ക് കുറച്ചുകൂടി നന്നായി അത് ചെയ്യാമായിരുന്നു, എന്നാൽ ജീവനക്കാരെ പിരിച്ചുവിടുകയല്ലാതെ അവർക്ക് മറ്റ് വഴികളില്ലായിരുന്നു. അവരത് ചെയ്തില്ലെങ്കിൽ കമ്പനി തന്നെ തകരുകയും കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് നമ്മൾ അംഗീകരിക്കുകയും, അതിനനുസരിച്ച് മാറി ചിന്തിക്കുകയുമാണ് വേണ്ടത്.

 

ചോദ്യം: നാവിക് തുടങ്ങുന്നത് വഴി ഐബിഎസ് കാലത്തിന്‍റെ മാറ്റം തിരിച്ചറിഞ്ഞു എന്ന് കൂടെ വേണമെങ്കിൽ പറയാം, അല്ലെ?

 

വി. കെ. മാത്യൂസ്: തീർച്ചയായും! ഇതൊരു അത്യന്താപേക്ഷിതമായ കാര്യമാണ്. എല്ലാ കമ്പനികളും ഈ ഘട്ടത്തിലൂടെ കടന്നുപോകും. ഐബിഎസിനെ സംബന്ധിച്ച്, ഞങ്ങളൊരു സോഫ്റ്റ്‌വെയർ കമ്പനിയാണ്. മറ്റ് ഐടി സർവീസ് കമ്പനികളെ അപേക്ഷിച്ച് സോഫ്റ്റ്‌വെയർ കമ്പനികൾക്ക് പ്രതിസന്ധികളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുണ്ട് (Resilient). കഴിഞ്ഞ വർഷം ലോകമെമ്പാടും എന്റർപ്രൈസ് സോഫ്റ്റ്‌വെയർ മേഖല 15% വളർച്ച നേടി. എന്നാൽ പരമ്പരാഗത ഐടി സർവീസ് മേഖലയിൽ ഇടിവാണ് ഉണ്ടായത്.

ഈയൊരു മാറ്റത്തിൽ നാവിക് എന്നത് അത്യന്താപേക്ഷിതമാണ്. കാരണം, ഞാൻ ഒരു എയർലൈൻ സി.ഇ.ഒ.യെയോ ട്രാവൽ കമ്പനി സി.ഇ.ഒ.യെയോ കാണുമ്പോൾ അവർ ചോദിക്കുന്ന പ്രധാന ചോദ്യം: "എഐ ഞങ്ങളെ എങ്ങനെ ബാധിക്കും, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?" എന്നാണ്. എല്ലാ ബോർഡ് റൂമുകളിലും ചർച്ച ചെയ്യുന്ന വിഷയം ഇതാണ്. മാറ്റം വരുമെന്ന് എല്ലാവർക്കും അറിയാം, എന്നാൽ പ്രായോഗികമായി അത് എങ്ങനെ നടപ്പിലാക്കും എന്നതാണ് ചോദ്യം. നാവിക് അതിനുള്ള ഉത്തരമാണ്!

ENGLISH SUMMARY:

Naviq is a pioneering AI company launched by IT giant IBS Software with the goal of revolutionizing the travel sector. This specialized vertical AI company aims to leverage artificial intelligence to enhance services and operations within the airline, cruise, hospitality, and logistics industries.