FILE PHOTO: A man speaks on his phone as he walks past the Reserve Bank of India (RBI) logo inside its headquarters in Mumbai, India, February 7, 2025. REUTERS/Francis Mascarenhas//File Photo
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) പുതിയ ഡെപ്യൂട്ടി ഗവർണറായി രോഹിത് ജെയിനിനെ കേന്ദ്രം നിയമിച്ചു. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് നിയമനം. നിലവിൽ ആർ.ബി.ഐയിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ഇന്ന് കാലാവധി അവസാനിച്ച ടി. റാബി ശങ്കറിന് പകരക്കാരനായാണ് രോഹിത് ജെയിൻ ചുമതലയേൽക്കുന്നത്. മെയ് 3-നോ അതിനുശേഷമോ അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും. രോഹിത് ജെയിനിന്റെ നിയമനത്തിന് മന്ത്രിസഭയുടെ നിയമന സമിതി (ACC) അംഗീകാരം നൽകി.
1934-ലെ ആർ.ബി.ഐ ആക്ട് പ്രകാരം സെൻട്രൽ ബാങ്കിന് നാല് ഡെപ്യൂട്ടി ഗവർണർമാരാണുള്ളത്. ഇതിൽ രണ്ടുപേർ ബാങ്കിന് ഉള്ളിൽ നിന്നുള്ളവരും (In-service), ഒരാൾ വാണിജ്യ ബാങ്കറും, മറ്റൊരാൾ സാമ്പത്തിക വിദഗ്ദ്ധനുമായിരിക്കണം. നിലവിൽ റിസർവ് ബാങ്കിലുള്ള മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ ഇവരാണ്: സ്വാമിനാഥൻ ജെ, പൂനം ഗുപ്ത, എസ്.സി. മുർമു
2021 സെപ്റ്റംബറിലാണ് ടി. റാബി ശങ്കർ ആദ്യമായി മൂന്ന് വർഷത്തേക്ക് ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്. തുടർന്ന് 2024-ലും 2025-ലും അദ്ദേഹത്തിന് ഓരോ വർഷം വീതം കാലാവധി നീട്ടി നൽകിയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനം അവസാനിച്ചതിനെത്തുടർന്നാണ് ആഭ്യന്തര തലത്തിൽ നിന്നുള്ള സ്ഥാനക്കയറ്റത്തിലൂടെ രോഹിത് ജെയിൻ ഈ പദവിയിലെത്തുന്നത്. റിസർവ് ബാങ്കിന്റെ നിർണ്ണായകമായ പല വിഭാഗങ്ങളുടെയും പ്രവർത്തനങ്ങളിൽ രോഹിത് ജെയിനിന്റെ അനുഭവം മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.