ലണ്ടൻ ∙ സഫി റോസ് റൗസോസ് – മാഞ്ചസ്റ്ററിന്റെ കണ്ണീർത്തുള്ളിയായി ഈ എട്ടു വയസ്സുകാരി. ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞവൾ. ലങ്കാഷെറിൽനിന്നുള്ള സഫി, ഗായിക അരിയാന ഗ്രാൻഡെയുടെ കടുത്ത ആരാധികയായിരുന്നു. അമ്മയോടും ചേച്ചിയോടുമൊപ്പമാണു തിങ്കളാഴ്ച രാത്രി അരിയാനയുടെ പാട്ടുകേൾക്കാനെത്തിയത്. അമ്മയും ചേച്ചിയും പരുക്കേറ്റു ചികിൽസയിലാണ്.
‘സുന്ദരിയും മിടുക്കിയുമായിരുന്നു സഫി’– അവൾ പഠിച്ചിരുന്ന ടാൽറ്റൺ കമ്യൂണിറ്റി പ്രൈമറി സ്കൂളിന്റെ ഹെഡ്ടീച്ചർ ക്രിസ് ഉപ്ടോൺ ‘ഗാർഡിയൻ’ പത്രത്തോടു പറഞ്ഞു. ഭീകരാക്രമണത്തിൽ എട്ടുവയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടതറിഞ്ഞ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം, ‘ഭയാനക ദുരന്തം’ എന്നായിരുന്നു.
കൊല്ലപ്പെട്ടവരിൽ പതിനെട്ടുകാരിയായ ജോർജിന കലണ്ടറിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്. ജോർജിനയും അരിയാനയുടെ ആരാധികയായിരുന്നു.