ഓര്‍ഡിനന്‍സിലൂടെ ജല്ലിക്കട്ട് നടത്താന്‍ തീരുമാനിച്ചെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. ഓര്‍ഡിനന്‍സിലൂടെ താല്‍ക്കാലികമായി മാത്രമേ ജല്ലിക്കട്ട് നടത്താനാകൂ. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം ആയെങ്കില്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്വാങ്ങാനാകൂ എന്നും സമരസമിതി മനോരമ ന്യൂസിനോട് പറഞ്ഞു.
ഓര്‍ഡിനന്‍സ് ഇറക്കി ജല്ലിക്കട്ട് നടത്താനുള്ള തീരുമാനത്തില്‍ ഒട്ടും തൃപ്തരല്ല സമരസമതി. ജല്ലിക്കട്ട് നിരോധനം നീക്കുന്ന കാര്യത്തില്‍ താല്‍ക്കാലിക പരിഹാരമല്ല വേണ്ടത്. അതിനാല്‍ പ്രക്ഷോഭത്തില്‍ നിന്ന് ഒരടി പോലും പിന്നോട് പോകില്ല. സമരം തുടരും. പൂര്‍വാധികം ശക്തിയോടെ.
ജല്ലിക്കട്ടിനുള്ള നിരോധനം പൂര്‍ണമായി നീക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്ത്തിയ്ക്കണം. മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിരോധിയ്ക്കുന്ന നിയമം ഭേദഗതി ചെയ്യണമെന്നും ജല്ലിക്കട്ട് നിരോധിയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച പെറ്റ എന്ന മൃഗ സംരക്ഷണ സംഘടനയെ നിരോധിയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.