ജല്ലിക്കട്ട് ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്ന് പിന്മാറാനുളള ദേശീയ മൃഗസംരക്ഷണ ബോര്‍ഡിന്റെ നീക്കം വിവാദമാകുന്നു. ഹര്‍ജി പിന്‍വലിക്കാന്‍ ബോര്‍ഡ് സെക്രട്ടറി എം.രവികുമാര്‍ നല്കിയ നിര്‍ദേശം അഭിഭാഷക തളളി. അതിനിടെ, അഭിഭാഷകയ്ക്കെതിരെ ജല്ലിക്കട്ട് അനുകൂലികള്‍ രംഗത്തെത്തി.
ജല്ലിക്കട്ട് ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാനാണ് മൃഗസംരക്ഷണബോര്‍ഡ് സെക്രട്ടറി എം.രവികുമാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. പത്രമാധ്യമങ്ങള്‍ വഴിയാണ് ഹര്‍ജി സമര്‍പ്പിച്ച വിവരം അറിഞ്ഞതെന്നും ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. എന്നാല്‍ ജല്ലിക്കട്ട് കേസില്‍ ബോര്‍ഡിന്റെ നിലപാടിന് മാറ്റമില്ലെന്നും, ഹര്‍ജി പിന്‍വലിക്കാനുളള നിര്‍ദേശം നല്കാന് സെക്രട്ടറിക്ക് അധികാരമില്ലെന്നും അഭിഭാഷക അഞ്ജലി ശര്‍മ അറിയിച്ചു. അതേസമയം, അഭിഭാഷകയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജല്ലിക്കട്ട് അനുകൂലികള്‍ പറഞ്ഞു.
ജല്ലിക്കട്ടുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഈമാസം മുപ്പത്തിയൊന്നിന് പരിഗണിക്കും. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഹര്‍ജികളിലും അന്ന് വാദം കേള്‍ക്കും.