തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞു. കാത്തിരിപ്പിലാണ് എല്ലാവരും. മുഖ്യന്‍റെ തല മുഖ്യന്‍റെ ഫുള്‍ഫിഗര്‍ വച്ചിട്ട് മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്നു ചോദിച്ച എല്‍ഡിഎഫ് ആണോ, കേരളം ജയിക്കും യുഡിഎഫ് നയിക്കുമെന്ന് അണിയറയിലെ ഒരു ഡസണ്‍ മുഖ്യമന്ത്രി മോഹികളെവച്ച് ചോദിച്ച കോണ്‍ഗ്രസാണോ, നാട്ടിലെ സകല നല്ലതിനേം മാറ്റിക്കഴിഞ്ഞിട്ട് മാറാത്തത് മാറും എന്നുപറയുന്ന എന്‍ഡിഎ ആണോ വിജയിക്കുക. കാത്തിരിക്കാതെ ഒരു വഴിയുമില്ല. പക്ഷേ ഈ കാത്തിരിപ്പിന്റെ മടുപ്പില്‍ ആരും മുഷിയില്ല എന്നുറപ്പ്. കഴിഞ്ഞ പത്തിരുപത്തിയഞ്ചുദിവസം മുന്നണികള്‍ കാട്ടിക്കൂട്ടിയതോര്‍ത്താല്‍ അടുത്ത അഞ്ചുവര്‍ഷം ചിരിക്കാനുള്ള വകയുണ്ട്. ഓര്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ചുമ്മാ റീല്‍സ് ഒക്കെ എടുത്ത് നോക്കിയാല്‍ മതി. എല്‍ഡിഎഫ് തോല്‍ക്കുമെന്നൊക്കെയാണ് ചില എക്സിറ്റ് പോളുകള്‍ പറയുന്നത്.
കമ്യൂണിസമാണോ വോട്ടാണോ വലുത് എന്ന് ചോദിച്ചാല്‍ കടകംപള്ളി അയ്യപ്പനെയും ഭദ്രകാളിയെയും പിണറായിയെയും മനസിലേക്ക് ആവാഹിക്കും. എന്നിട്ട് പറയും മറ്റാരുണ്ട് അയ്യപ്പനല്ലാതെ എന്ന്. അല്ല സഖാവേ ഇതിലൊക്കെ വിശ്വാസം വന്നുതുടങ്ങിയോ?ഇത് ഭക്തിമൂത്ത് മറ്റുവല്ലതും ആകുന്ന ലക്ഷണമാ. 2021 ല്‍ കടകംപള്ളിയെ കഴക്കൂട്ടത്ത് ജയിപ്പിച്ചത് ആരാണെന്നറിയാമോ. വോട്ടര്‍മാരാണെന്ന് എല്ലാവരും കരുതും. എന്നാല്‍ എക്സിറ്റ് പോളിനുപോലും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു രഹസ്യമുണ്ടായിരുന്നു. കഴക്കൂട്ടത്ത് ക്രയിനില്‍ ആറാടിക്കഴിഞ്ഞ് കടകംപള്ളി തറയിലിറങ്ങിയിട്ടുണ്ട്. അത്രയും ഉയരത്തില്‍ നില്‍ക്കാന്‍ പേടിയുണ്ടായിരുന്നോ. അത്രയ്ക്ക് ആത്മവിശ്വാസം വേണ്ട ഒരു കാര്യമല്ലേ. സാരമില്ല. അയ്യപ്പനും ഭദ്രകാളിയുമൊക്കെ ഉണ്ടല്ലോ. വിശ്വാസം അതല്ലേ എല്ലാം. സത്യത്തില്‍ മണ്ഡലകാലം എന്ന ലൈനിലാണ് കടകംപള്ളി കഴക്കൂട്ടം മണ്ഡലത്തില്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിച്ചത്. ദിവസവും നാലാള്‍ കേള്‍ക്കെ അയ്യപ്പനെയൊക്കെ സ്തുതിച്ച് ജീവിക്കുകയായിരുന്നു. അങ്ങ് ഏറ്റുമാനൂരില്‍ വാസവന്‍ കൊച്ചാട്ടനും ഇതേ അവസ്ഥയിലായിരുന്നു. ഇവര്‍ രണ്ടുമാണല്ലോ ഇത്തവണത്തെ താരങ്ങള്‍. ഇല്ലാത്ത വിശ്വാസം ഉണ്ട് എന്നുപറയുന്ന ചിലര്‍. ഉള്ളതിനെ ഇല്ല എന്ന് പറയുന്ന മറ്റുചിലര്‍.
പാലക്കാട്ടെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മുന്‍പ് നടന്ന ഒരു നിഴല്‍ നാടകത്തിലേക്ക്. മതിലിനുമീതേ കാണുന്ന കാഴ്ചയെ വിശദീകരിക്കാം. പച്ചവിരിപ്പിനിടയിലൂടെ കാണുന്നത് മണ്ഡലത്തിലെ ഒരു വോട്ടറുടെ വീട്. വീടിന് മുന്നില്‍ ഒരു അമ്മ. ദേവുവമ്മയെ നൈസില്‍ സൈഡിലേക്ക് മാറ്റിനിര്‍ത്തുന്ന ശുഭ്രവസ്ത്രാവിധ. തലയില്‍ മുല്ലപ്പൂ. കഴുത്തില്‍ ബാഗ്. കയ്യിലോ.. മുല്ലപ്പൂക്കാരിയുടെ കയ്യില്‍ എന്താണ് എന്ന് വ്യക്തമല്ല. പക്ഷേ മുല്ലപ്പൂക്കാരി കൈപിടിച്ച് വിട്ടുകഴിഞ്ഞപ്പോള്‍ ആ അമ്മയുടെ കയ്യില്‍ കണ്ടത് അയ്യായിരം തികച്ചുമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. വീട്ടുമുറ്റത്തുനിന്ന അമ്മയുടെ കൈയ്യിലേക്ക് എന്തോ കൈമാറിയ ശേഷം ആ മുല്ലപ്പൂ ചൂടിയ ശുഭ്രവസ്ത്രം അല്‍പ്പം സ്പീഡില്‍ നടന്നകന്നു. എല്ലാം മതിലിന് മുകളിലിരുന്ന് ഒരാള്‍ കാണുന്നുണ്ടെന്ന് അവര്‍ ഓര്‍ത്തില്ല. ക്യാമറയും വേഗം നടന്നു. ഇനി പറയാന്‍ പോകുന്നത് ശോഭകെടുത്തുന്ന കാര്യങ്ങളാണെന്ന് കാറിന് പിന്നിലെ ഈ സ്റ്റിക്കര്‍ കണ്ടതോടെ മനസിലായല്ലോ. ഇതാണ് ഇന്നത്തെ നമ്മുടെ റിസര്‍ച്ച് വിഷയം. ദേവുവമ്മയ്ക്ക് മുപ്പല്ലൂക്കാരി നല്‍കിയതെന്ത്. ആരാണ് മുല്ലപ്പൂക്കാരി. അവര്‍ നടന്ന് അടുത്തേയ്യ്ക്ക് ചെന്ന ശോഭ എന്നെഴുതിയ വണ്ടിക്കുള്ളില്‍ ആരൊക്കെ. ഇതൊക്കെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ?