ഒരു വടക്കന്‍ തള്ളു കേസും തെക്കന്‍ സെല്‍ഫിയുമാണ് ഇന്നത്തെ സ്പെഷല്‍ വിഭവങ്ങള്‍. ഇത് വിളമ്പുവാനുള്ള ആളുകള്‍ അണിയറയില്‍ സജ്ജമാണ്. എല്ലാവരേയും കടത്തനാടിന്‍റെ മണ്ണിലേക്ക്, കുറ്റ്യാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അതിന് മുന്‍പ് സതീശനെ വണ്ടിയില്‍ നിന്ന് ചുമന്നിറങ്ങുന്ന ചടങ്ങാണ്.ഒന്നുരണ്ടുനേതാക്കള്‍ നിങ്ങളോട് സംസാരിക്കുമെന്ന് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ പ്രഖ്യാപിച്ചു. ഇരുനൂറ്റിയമ്പതുപേര്‍ കയറിയതിനാല്‍ ആടിയുലഞ്ഞുനിന്ന സ്റ്റേജില്‍ മൈക്കിന് മുന്നിലെത്തുന്ന ആ ഒന്നുരണ്ടുപേര്‍ ആരാണ് എന്നത് കോണ്‍ഗ്രസില്‍ ഒരു വിഷയവും വിവാദവും ആണെന്ന് പ്രമോദ് കക്കട്ടില്‍ ഓര്‍ത്തില്ല. ആ മറവിക്കാണ് വലിയ വില കൊടുക്കേണ്ടിവന്നത്. സെല്‍ഫി വിത്ത് സിഎം എന്ന പരുപാടിക്കായാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ആതിര ഗ്രേസ് ശ്രമിച്ചത്. വെള്ളറടയില്‍ നിന്നും ജയിച്ച സിപിഎം പ്രതിനിധിയാണ്. ക്യാപ്റ്റനൊപ്പം എന്ന് തലക്കെട്ട് തീരുമാനിച്ചശേഷം ഇങ്ങനെ സെല്‍ഫി എടുക്കാന്‍ പ്ലാന്‍ ചെയ്തിരുന്നവരെല്ലാം ആ ആഗ്രഹം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.