സ്ത്രീകള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം അനുവദിക്കുന്ന പ്രത്യേക  വിശ്വാസ സംസ്കാരം,  ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ തലയൊന്നു താഴ്ത്തി. ഇതരമതങ്ങളിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കാന്‍ പാടുപെടുന്നതുകൊണ്ടാകണം നമ്മുടെ സംസ്കാരവാഹകര്‍ ആ നാണക്കേട് അറിഞ്ഞ മട്ടില്ല. മതങ്ങള്‍ അഥവാ മതാധികാരികള്‍ സ്ത്രീകളെ  എങ്ങനെയാണ് കാണുന്നത് എന്ന് ഒരിക്കല്‍ കൂടി ലോകം കണ്ടുവെന്നേയുള്ളൂ. സ്ത്രീവിരുദ്ധതയില്‍ ഏറ്റക്കുറച്ചിലുണ്ടാകാം, പക്ഷേ സ്ത്രീകളെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നതിന്റെ തോതില്‍ മതനേതൃത്വങ്ങള്‍ തമ്മില്‍ ഒരു പാടു സാമ്യമുണ്ടെന്ന് പാരിസിലെ ഐഫല്‍ ടവറിന്റെ ഉയരത്തില്‍ നിന്നു താഴേക്കു വീണ് ഒരിക്കല്‍ കൂടി നമ്മള്‍ തിരിച്ചറിയുന്നു. 

 

സംഭവം നടന്നത് അഞ്ചാം തീയതി ശനിയാഴ്ച.  പാരിസിനടുത്ത് ബി.എ.പി.എസ് പ്രസ്ഥാനത്തിന്റെ പുതിയ ക്ഷേത്രസമുച്ചയത്തിന്റെ ഉല്‍ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഈ ചടങ്ങിനെത്തിയ ബി.എ.പി.എസ് പ്രതിനിധി സംഘം സംഘടനാ മേധാവി മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തില്‍ ലോകാല്‍ഭുതമായി കണക്കാക്കപ്പെടുന്ന ഐഫല്‍ ടവര്‍ കാണാനെത്തി. സന്ദര്‍ശനത്തിനിടെ സ്വാമിമാരുടെ ബ്രഹ്മചര്യവ്രതത്തിന്റെ ഭാഗമായി സ്ത്രീസമ്പര്‍ക്കം ഒഴിവാക്കണമെന്ന് ടവറിന്റെ ചുമതലക്കാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ടവറിന്റെ ചുമതലക്കാരായ സെറ്റ് കമ്പനി  വനിതാജീവനക്കാരെ മുഴുവന്‍ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി, പകരം പുരുഷ ജീവനക്കാരെ നിയോഗിച്ചു. സ്വാമിമാരുടെ സന്ദര്‍ശനം സുഗമമായി നടന്നു. പക്ഷേ 

 ലിംഗവിവേചനത്തിനെതിരെ കര്‍ശനനിലപാടും നയവുമുള്ള ഫ്രഞ്ച് സമൂഹത്തില്‍ നടപടി വന്‍ വിവാദമായി. വനിതാജീവനക്കാര്‍ കടുത്ത പ്രതിഷേധവുമായി മിന്നല്‍ പണിമുടക്ക് നടത്തി. വനിതാജീവനക്കാരെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സിലെ പ്രമുഖ തൊഴിലാളി യൂണിയനായ CGT–യുടെ നേതൃത്വത്തിലാണ് സമരം നടന്നത്.  

ഒരു ദിവസം കാല്‍ലക്ഷത്തോളം സന്ദര്‍ശകരെത്തുന്ന ലോകപ്രശസ്ത സ്മാരകം സമരത്തെത്തുടര്‍ന്ന് അടച്ചിടേണ്ടി വന്നു. പാരിസ് മേയറും ഡപ്യൂട്ടിമേയറുമെല്ലാം നടപടിയെ അപലപിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാെല    ടവറിന്റെ ചുമതലക്കാരായ സെറ്റ് കമ്പനി    മാപ്പ് പറഞ്ഞു.  ഇന്ത്യന്‍ സംഘം സ്ത്രീകളുമായുള്ള സന്ദര്‍ശനം പരിമിതപ്പെടുത്താന്‍ പ്രത്യേക ക്രമീകരണം ആവശ്യപ്പെട്ടിരുന്നുവെന്ന് മാനേജ്മെന്റ് സമ്മതിച്ചു. ഒരിക്കലും അങ്ങനെയൊരു നിബന്ധന അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും തെറ്റു പറ്റിയെന്നും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവം രാജ്യാന്തരതലത്തില്‍ തന്നെ ആളിക്കത്തിയതോടെ ബി.എ.പി.എസ് സംഘടനയും ഖേദം പ്രകടിപ്പിച്ചു. 

 

എന്നാല്‍ പാരിസ് മേയറും ഫ്രഞ്ച് ലിംഗസമത്വമന്ത്രിയും കര്‍ശനമായി നിലപാട് വ്യക്തമാക്കി. ഫ്രാന്‍സില്‍ സ്ത്രീകളോട് മാറിനില്‍ക്കാന്‍ ആര്‍ക്കും ആവശ്യപ്പെടാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. പൊതുസ്ഥാപനങ്ങളില്‍ മതപരമായ ആചാരങ്ങളുടെ പേരില്‍ ലിംഗസമത്വം ലംഘിക്കപ്പെടുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിവാദത്തില്‍ നിന്ന് അകലം പാലിക്കുകയാണ് ചെയ്തത്. പുതിയ ക്ഷേത്രത്തെക്കുറിച്ചറിയാമെങ്കിലും ബി.എ.പി.എസും ഐഫല്‍ ടവര്‍ അധികൃതരും തമ്മിലുള്ള ആഭ്യന്തരകാര്യമാണെന്ന് വിദേശകാര്യവക്താവ് പറഞ്ഞൊഴിഞ്ഞു. 

Eiffel Tower Incident Sparks Global Outrage Over Gender Discrimination:

The Eiffel Tower incident highlighted religious customs that infringe upon women's rights, causing international controversy and a public apology from the tower's management.