കേരളത്തിന് ഒരു ഇരുണ്ട കാലമുണ്ടോ? യു.ഡി.എഫ് ഭരണകാലമാണോ ഇരുണ്ട കാലം? അതോ പിണറായി സര്‍ക്കാരിന്റെ പത്തു വര്‍ഷമാണോ ഇരുണ്ടകാലം? അധികാരം പിടിക്കാന്‍ അങ്ങനെ പല പൊള്ളയായ പ്രചാരണവാക് യുദ്ധങ്ങളും അന്യോന്യം നടക്കുന്നത് ഇനി കേരളം കാണും. ഇരുണ്ട കാലം ഏതെന്ന് മുന്നണികളും പി.ആര്‍ സംഘങ്ങളും തമ്മിലൊരു തീരുമാനത്തിലെത്തട്ടെ. പക്ഷേ ജീവിതകാലം ഇരുണ്ട കാലമായിപ്പോകുന്ന ചില മനുഷ്യരെ കാണാതെ വയ്യ. കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയെ വിശ്വസിച്ച് ആശ്രയിച്ച ചിലര്‍ ശരീരത്തില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളുമായി ജീവിക്കേണ്ടി വരുന്ന ഗതികേട് ഇരുണ്ടകാലമായാണോ പ്രകാശിക്കുന്ന കാലമായാണോ കണക്കാക്കേണ്ടത്. നിരന്തര പരാതികള്‍ക്കു ശേഷവും കേരളത്തിലെ ആരോഗ്യമേഖലയില്‍ പിഴവുകള്‍ തുടര്‍ക്കഥയാകുന്നതെന്തുകൊണ്ടാണ്? മനുഷ്യരെ തീരാദുരിതത്തിലേക്കു തള്ളിവിടുന്ന വീഴ്ചകളിലും സിസ്റ്റം തകരാര്‍ എന്ന ന്യായം പത്തു വര്‍ഷത്തെ തുടര്‍ഭരണത്തിനു ശേഷവും കേരളം കേള്‍ക്കുന്നതെന്തുകൊണ്ടാണ്?