pva-high-speed-rail

കേരളത്തിന് ഒരു അതിവേഗറെയില്‍ പദ്ധതി വേണം. അക്കാര്യത്തില്‍ തര്‍ക്കമില്ല. ഭാവിയുടെ ആവശ്യമാണ്. പക്ഷേ ആ പദ്ധതി ആരുടെ ക്രെഡിറ്റില്‍ വരണം? പേരെന്താകണം, സാങ്കേതികതയെന്താകണം? വര്‍ഷങ്ങള്‍ നീണ്ട സില്‍വര്‍ലൈന്‍ പോരാട്ടങ്ങള്‍ക്കു ശേഷം ചോദ്യം വീണ്ടും അവിടെത്തന്നെ എത്തിനില്‍ക്കുന്നു. എന്തുകൊണ്ടാണ് കേരളത്തിന്റെ അതിവേഗറെയില്‍ പദ്ധതിയില്‍ രാഷ്ട്രീയതര്‍ക്കം മാത്രം കുതിച്ചു പായുന്നത്? പദ്ധതി യാഥാര്‍ഥ്യമാകുന്നതിനേക്കാള്‍ നേട്ടത്തിന്റെ ക്രെഡിറ്റെടുക്കാന്‍ എന്തിനാണ് മല്‍സരം?

സില്‍വര്‍ലൈന്‍ പ്രഖ്യാപനങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും സര്‍ക്കാര്‍ തന്നെ പിന്നോട്ടടിച്ചു നില്‍ക്കുമ്പോഴാണ് വീണ്ടുമൊരു അതിവേഗറെയില്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍ വരുന്നത്. പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്നായിരുന്നു പ്രചാരണമെങ്കിലും അതുണ്ടായില്ല. ഒടുവില്‍ ഇ.ശ്രീധരന്‍ തന്നെ പ്രഖ്യാപനം നടത്തി, പ്രവര്‍ത്തനവും തുടങ്ങി. തൊട്ടടുത്ത ദിവസം മന്ത്രിസഭായോഗം ചേര്‍ന്ന് മറ്റൊരു അതിവേഗ റെയില്‍പദ്ധതിക്ക് അംഗീകാരം നല്‍കി. ആ പദ്ധതി പ്രായോഗികമല്ലെന്ന് ഇ.ശ്രീധരന്‍ പ്രഖ്യാപിച്ചു. ഇ.ശ്രീധരന്‍ മുഖ്യമന്ത്രിയാകുമെന്നു പറഞ്ഞയാളല്ലേയെന്ന് പാര്‍ട്ടി സെക്രട്ടറി. അതിവേഗ റെയിലിനേക്കാള്‍ വേഗത്തില്‍ രാഷ്ട്രീയ വാക്പോര് കുതിക്കുന്നു. ഒരു സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാന വികസനപദ്ധതിയാകേണ്ട അതിവേഗ റെയിലില്‍ എന്തുകൊണ്ടാണീ അവകാശമല്ലയുദ്ധം? 

സംസ്ഥാനത്തിന്റെ റാപ്പിഡ് റെയില്‍ വരുമോ, ഇ.ശ്രീധരന്റെ അതിവേഗ റെയില്‍ വരുമോ? ആര്‍ക്കും ഒരു വ്യക്തതയുമില്ല. അപ്പോള്‍ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചോ? സില്‍വര്‍ലൈന്‍ വരും കേട്ടോ എന്ന് ധനമന്ത്രി. ഉപേക്ഷിച്ചെന്ന് പറഞ്ഞില്ലെങ്കിലും സില്‍വര്‍ലൈന്‍ ഇല്ലാതാക്കിയത് ശ്രീധരനെന്നു മുഖ്യമന്ത്രി. അത് താനല്ലെന്ന് ഇ.ശ്രീധരന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി നടക്കാന്‍ പോകുന്നില്ലെന്നും ശ്രീധരന്‍. ഇനിയിപ്പോള്‍ ഇ.ശ്രീധരന്റെ പദ്ധതിക്കാണ് കേന്ദ്രസമ്മതമെങ്കില്‍ അതായാലും മതിയെന്ന് എം.വി.ഗോവിന്ദന്‍. ഏതായാലും കുഴപ്പമില്ല ഏതെങ്കിലും ഒരു പദ്ധതി വന്നാല്‍ മതിയെന്ന് പ്രതിപക്ഷത്തിന്റെ തന്ത്രപരമായ ചുവടുമാറ്റം. 

കേരളത്തിന്റെ വികസനഭാവിയില്‍ നിര്‍ണായകമാകുന്ന ഒരു പദ്ധതി ഇങ്ങനെയല്ല അവതരിപ്പിക്കപ്പെടേണ്ടത്. ഏതു പദ്ധതിയാണ് കേരളത്തിന് ഉചിതമെന്ന് സര്‍ക്കാരിന് വ്യക്തത വേണം. ഏതാണ് പ്രായോഗികമെന്ന് വസ്തുതകള്‍ നിരത്തി കേരളത്തെയും ബോധ്യപ്പെടുത്തണം. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ ജനാധിപത്യബോധത്തോടെ ഉത്തരവാദിത്തം കാണിക്കണം. അതല്ലാതെ അധികാരത്തിന്റെ ഇടനാഴികളില്‍ വ്യക്തികളുടെ ആശയവും തീരുമാനവുമായല്ല, ജനാധിപത്യ സര്‍ക്കാരുകള്‍ വികസനപദ്ധതികള്‍ രൂപപ്പെടുത്തേണ്ടത്. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാഷ്ട്രീയനേട്ടം മാത്രം നോക്കിയുള്ള പ്രഖ്യാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരും പിന്‍മാറണം. കേരളത്തിലങ്ങോളം ജനങ്ങളുടെ സഹകരണം അനിവാര്യമായ പദ്ധതിക്ക് ഏറ്റവുമാദ്യം ഉണ്ടാകേണ്ടത് വിശ്വാസ്യതയാണ്. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വാലും തലയുമില്ലാത്ത പദ്ധതിയായല്ല കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി അവതരിപ്പിക്കപ്പേടേണ്ടത്. 

വികസനകാര്യങ്ങളില്‍ രാഷ്ട്രീയം മാറ്റിവയ്ക്കണമെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ആഹ്വാനം ചെയ്യുന്ന ഭരണ–രാഷ്ട്രീയനേതൃത്വം തന്നെയാണ് ഞങ്ങളുടെ പദ്ധതി മതി, നേട്ടം മുഴുവന്‍ ഞങ്ങള്‍ക്കു കിട്ടണം എന്ന ലൈനുമായി ഈ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നത്. വ്യക്തതയില്ലാത്ത പ്രഖ്യാപനങ്ങളും വിശദീകരണങ്ങളും തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ടാണെന്ന് ജനങ്ങള്‍ക്ക് മനസിലാകില്ലെന്നൊന്നും വിചാരിച്ചുകളയരുത്. ഏതു വന്‍പദ്ധതിക്കും ജനങ്ങളുടെ അംഗീകാരവും വിശ്വാസവും പ്രധാനമാണെന്ന് സര്‍ക്കാരിനെ സില്‍വര്‍ലൈന്‍ മഞ്ഞക്കുറ്റികള്‍ ഓര്‍മിപ്പിക്കണം. 

ENGLISH SUMMARY:

Kerala's high-speed rail project is a crucial plan for the future, but it's marred by political disputes over credit and implementation. Amidst ongoing debates and unclear announcements, the need for a clear and credible development plan for Kerala's high-speed rail is paramount, emphasizing public trust over political gains.