ശബരിമല സ്വര്‍ണക്കൊള്ളയില്‍ പിണറായി സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടോ? സി.പി.എമ്മിന് ഉത്തരവാദിത്തമുണ്ടോ? ഈ ചോദ്യം നേരിട്ടു വരുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങള്‍ വിചിത്രവും പരിഹാസ്യവുമാണ്. ദേവസ്വം ഭരണത്തിനായി സി.പി.എം നിയോഗിച്ച പാര്‍ട്ടി നേതാക്കള്‍ തന്നെ സ്വര്‍ണക്കൊള്ളയ്ക്ക് ഗൂഢാലോചന നടത്തിയെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കുമ്പോള്‍ അപമാനഭാരത്താല്‍ കേരളം തലകുനിക്കുന്നു. അപ്പോഴും കുറ്റാരോപിതരല്ലേ, കുറ്റക്കാരെന്നു കോടതി പറയട്ടെ അപ്പോള്‍ നോക്കാമെന്നു പറയുന്ന പാര്‍ട്ടിയും സര്‍ക്കാരും ശബരിമലയിലെ വിശ്വാസികളെ മാത്രമല്ല, ജനാധിപത്യകേരളത്തെ തന്നെ കൊഞ്ഞനം കുത്തുകയാണ്.
ശബരിമലയിലെ സ്വര്‍ണക്കൊള്ള എന്ന തലക്കെട്ട് സത്യത്തില്‍ ആ ഗുരുതരമായ കുറ്റകൃത്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതല്ല. ഭക്തിയുടെ വിശ്വാസത്തില്‍ ആരാധനാമൂര്‍ത്തിക്ക് സമര്‍പ്പിക്കുന്ന കാണിക്കയാണ് ശബരിമലയിലെ ഓരോ തരി സ്വര്‍ണവും. ആ കാണിക്കയ്ക്ക് മൂല്യം കണക്കാക്കാനാകില്ല. ആ മൂല്യത്തെയും വിശ്വാസത്തെയും മാനിക്കാതെ പുല്ലുവില കല്‍പിച്ചാണ് ശബരിമലയിലെ സ്വര്‍ണം ഒരു കൊള്ളസംഘം ആസൂത്രിതമായി കൊള്ളയടിച്ചത്. ആ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയത് സി.പി.എം നേതാക്കളാണ് എന്ന് അന്വേഷണസംഘം തന്നെ കണ്ടെത്തിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ അറസ്റ്റിലായത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ്. മുന്‍ എം.എല്‍.എ. നിലവില്‍ പത്തനംതിട്ട ജില്ലാകമ്മിറ്റി അഗം.
ഹൈക്കോടതി മേല്‍നോട്ടത്തില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം പത്മകുമാറിനെതിരെ കോടതിയെ അറിയിച്ചിരിക്കുന്നത് ഗൗരവമേറിയ കുറ്റങ്ങളാണ്. കൊള്ളയുടെ ആസൂത്രണത്തിന് തുടക്കമിട്ടത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ എന്ന് അന്വേഷണസംഘം പറയുന്നു. പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ തീരുമാനിച്ച ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ സ്വർണ്ണം പൊതിഞ്ഞ എന്ന ഭാഗം പിച്ചളയെന്നാക്കിയതു വെട്ടിമാറ്റി ചെമ്പ് എന്ന് സ്വന്തം കൈപ്പടയിൽ എഴുതി പത്മകുമാർ അനുവാദം നൽകി എന്നും റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധമുണ്ടെന്നു അന്വേഷണത്തില്‍ കണ്ടെത്തി. ഇത് തെളിയിക്കുന്ന മൊഴികളും രേഖകളുമുണ്ട്. ശബരിമല സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് അനുവദിച്ചിരുന്ന മുറി പത്മകുമാര്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സര്‍വസ്വാതന്ത്ര്യത്തോടെ ഉപയോഗിച്ചിരുന്നത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ്. പോറ്റിക്ക് പത്മകുമാറിന്റെ ശുപാര്‍ശയില്‍ പൂജ ബുക്കിങില്‍ അടക്കം പ്രത്യേക പരിഗണനയുണ്ടായിരുന്നുവെന്ന് മൊഴി നല്‍കിയത് ജീവനക്കാരാണ്. അതുകൂടാതെ പോറ്റിയുമായുണ്ടായിരുന്ന സാമ്പത്തികബന്ധം തെളിയിക്കുന്ന രേഖകള്‍ പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന വിവരം . ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടത്തിയെന്നും ഈ കാലയളവില്‍ അസ്വാഭാവികമായ സാമ്പത്തിക നേട്ടം പത്മകുമാറിനുണ്ടായിട്ടുണ്ടെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇതേ പത്മകുമാര്‍ സ്വര്‍ണക്കൊള്ള പുറത്തു വന്നു തുടങ്ങിയ സമയത്ത് നടത്തിയ പ്രതികരണങ്ങള്‍ കൂടി ഈ ഘട്ടത്തിലൊന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
ഇന്ന് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്ന പ്രാഥമികവിവരങ്ങളില്‍ പോലും പത്മകുമാര്‍ കേരളത്തോടും ഭക്തജനസമൂഹത്തോടും പറഞ്ഞുകൊണ്ടിരുന്ന കള്ളങ്ങള്‍ വ്യക്തമാണെങ്കിലും സി.പി.എമ്മിന് ന്യായമുണ്ട്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തെ നേരിട്ടു നിയോഗിക്കാനുള്ള തീരുമാനത്തെ സി.പി.എം സ്വാഗതം ചെയ്തില്ലായിരുന്നുവെങ്കില്‍ ഹൈക്കോടതി വിഷമിച്ചു പോയേനെ. പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റി അംഗം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ നേരിട്ട് ജയിലിലായതു മാത്രമല്ല സി.പി.എമ്മിന് മുന്നിലുള്ള ചോദ്യം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന പത്മകുമാറിന്‍റെ മൊഴിയാണ് അടുത്ത വെല്ലുവിളി. മന്ത്രിയുമായി വരെ അടുത്ത ബന്ധമുള്ള, താന്‍ പ്രസിഡന്റാകുന്നതിനു മുന്‍പേ ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന പോറ്റിയെ താനും വിശ്വസിച്ചു എന്ന പത്മകുമാറിന്റെ അവകാശവാദം അടുത്തതാര് എന്ന നെഞ്ചിടിപ്പു കൂട്ടുന്ന ചോദ്യമാണ്. പാര്‍ട്ടിക്കു പൂര്‍ണ നിയന്ത്രണമുണ്ടായിരുന്ന, പരമാധികാരമുണ്ടായിരുന്ന ഭരണകാലത്തും തുടര്‍ഭരണകാലത്തും ശബരിമലയില്‍ എന്താണ് നടന്നതെന്ന ചോദ്യത്തിന് സര്‍ക്കാരും പാര്‍ട്ടിയും മറുപടി പറയണം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കവര്‍ന്ന സ്വര്‍ണത്തിന് എന്താണ് സംഭവിച്ചതെന്ന് ഇതുവരെയും പുറത്തു വന്നിട്ടില്ല. കവര്‍ച്ച ഏതൊക്കെ തലങ്ങളിലായിരുന്നുവെന്നും ആര്‍ക്കൊക്കെ അതില്‍ നിന്ന് സാമ്പത്തികനേട്ടമുണ്ടായി എന്നതും ഇനിയും പുറത്തു വരേണ്ട സുപ്രധാന കാര്യങ്ങളാണ്. എന്നാല്‍ സ്വര്‍ണക്കൊള്ളയ്ക്ക് അവസരമൊരുക്കാനായി നടന്ന ഗൂഢാലോചനയും ഭരണവീഴ്ചയും ഇതിനോടകം തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലൂടെ നമുക്ക് മുന്നിലുണ്ട്.അതോടൊപ്പം പുറത്തു വരുന്ന മൊഴികളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.
സ്പോൺസർ ആകാനുള്ള താല്പര്യം അറിയിച്ച് പോറ്റി ദേവസം മന്ത്രിക്ക് അപേക്ഷ നൽകിയിരുന്നതായും കടകംപള്ളി സുരേന്ദ്രനും പോറ്റിയും തമ്മിൽ നല്ല ബന്ധമായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. സ്വർണ്ണ കവർച്ചയിൽ കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളൊന്നും അന്വേഷണസംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ചോദ്യമുനകള്‍ മുന്‍ ദേവസ്വം മന്ത്രിയിലേക്കു നീളുന്നതു പോലും ഒരു സര്‍ക്കാരിന് വലിയ അപമാനമാണ്.
ദേവസ്വം മന്ത്രിയും തന്ത്രിയും ഉൾപ്പടെയുള്ള ഉന്നതരുമായി പോറ്റിക്ക് അടുപ്പമുണ്ടന്നും അങ്ങിനെയാണ് താൻ പോറ്റിയുമായി സൗഹൃദത്തിലായതെന്നുമാണ് പത്മകുമാറിന്റെ മൊഴിയുണ്ട്. ഇതേ പത്മകുമാര്‍ മുന്‍പൊരിക്കല്‍ ഇട്ടുവച്ചിരിക്കുന്ന കൊളുത്ത് ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ പാകമാകുന്നതെന്നും കാത്തിരുന്നു കാണണം.
എ.പത്മകുമാറും എന്‍.വാസുവും സി.പി.എമ്മിന്റെ സുപ്രധാന ചുമതലകള്‍ നിറവേറ്റിയിരുന്ന നേതാക്കളാണ്. ഇവര്‍ തന്നെ സ്വര്‍ണക്കൊള്ളയ്ക്കു ഗൂഢാലോചന നടത്തിയെന്ന് സി.പി.എം ഭരണത്തിന്റെ തന്നെ ഭാഗമായ അന്വേഷണസംഘം ആരോപിക്കുമ്പോഴും പാര്‍ട്ടിക്കും സര്‍ക്കാരിനും എന്തു പങ്കെന്ന ചോദ്യമാണ് ചോദ്യം.
ഞങ്ങളുടെ കൈകള്‍ ശുദ്ധമായതുകൊണ്ട് പേടിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുമ്പോള്‍ ചോദ്യം ഇതാണ്. ഈ ഞങ്ങള്‍ എന്നുവച്ചാല്‍ ആരാണ്? പാര്‍ട്ടിയാണെങ്കില്‍ പത്മകുമാറും വാസുവും ആ ഞങ്ങളില്‍ പെടില്ലേ? ഞങ്ങള്‍ എന്നാല്‍ സര്‍ക്കാരാണെങ്കില്‍ കടകംപള്ളിയും വാസുവും പത്മകുമാറുമൊന്നും ആ ഞങ്ങളിലും പെടുന്നവരല്ലേ? പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്നു പറയുന്ന സര്‍ക്കാര്‍ എന്തടിസ്ഥാനത്തിലാണ് ഒഴിഞ്ഞു മാറുന്നത്? ശബരിമലയിലേക്ക് ഈ പാര്‍ട്ടി നേതാക്കളെ പ്രതിഷ്ഠിച്ച പാര്‍ട്ടി എങ്ങനെയാണ് ഒഴിഞ്ഞുമാറുന്നത്?
അഴിമതിരഹിത ഭരണമെന്നു നാഴികയ്ക്ക് നാല്‍പതുവട്ടം ഉരുവിടുന്ന പാര്‍ട്ടി നേതാക്കള്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചമയ്ക്കുന്ന ന്യായീകരണങ്ങള്‍ വിചിത്രമാണ്.
പാര്‍ട്ടി അറിയാതെ സര്‍ക്കാരറിയാതെ നേതാക്കള്‍ മാത്രം വ്യക്തിപരമായി ഇടപെട്ട സ്വര്‍ണക്കൊള്ളയാണെങ്കില്‍ എന്തിനാണീ പൊതിഞ്ഞു പിടിക്കല്‍. കോടതികള്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് വിലയിരുത്തി ജയിലിലേക്കയച്ച നേതാക്കളെ പേരിനു പോലും തള്ളിപ്പറയാന്‍ സി.പി.എം നേതൃത്വം പേടിക്കുന്നതെന്തുകൊണ്ടാണ്?
ഏതുന്നതനായാലും പിടിക്കപ്പെടട്ടെ ആരെയും സംരക്ഷിക്കില്ലെന്നു പറയുന്ന പാര്‍ട്ടി തന്നെയാണ് തൊട്ടടുത്ത വാചകത്തില്‍ , പിടിക്കപ്പെടുന്ന ഉന്നതന്‍മാര്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതും.
നടപടിയെടുക്കാന്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തട്ടെയെന്ന് ന്യായികരിക്കുന്ന സി.പി.എം പ്രതീക്ഷിക്കുന്ന സാഹചര്യം നമുക്കറിയാം. തല്‍ക്കാലം ഹൈക്കോടതിയുടെ കര്‍ശന മേല്‍നോട്ടമുണ്ട്. പക്ഷേ തുടര്‍നടപടികളില്‍ അന്വേഷണസംഘത്തിലും കോടതിയിലെ പ്രോസിക്യൂഷന്‍ സമീപനത്തിലുമെല്ലാം സര്‍ക്കാരിന് പരോക്ഷമായി നിയന്ത്രണം കിട്ടും. അതോടെ ഈ നേതാക്കളെ സുഗമമായി സംരക്ഷിച്ചെടുക്കാം എന്ന കണക്കുകൂട്ടല്‍ വിഫലമാകില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ അകപ്പെട്ട കേസുകളുടെ ചരിത്രമെടുത്താല്‍ കേരളത്തിന് അറിയാം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉത്തരവാദിത്തമില്ല എന്ന ഒഴിഞ്ഞുമാറല്‍ മാത്രമല്ല, ഇതൊക്കെ പുറത്തുകൊണ്ടുവരാന്‍ നിലമൊരുക്കിയത് ഞങ്ങളല്ലേ എന്ന നാണമില്ലാത്ത അവകാശവാദം കൂടി കേരളം സഹിക്കണം. സ്വര്‍ണക്കൊള്ള പുറത്തുവരാന്‍ സാഹചര്യമൊരുക്കിയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടെന്തായിരുന്നുവെന്ന് ഓര്‍മയുണ്ടോ? ദ്വാരപാലകശില്‍പങ്ങളുടെ അറ്റകുറ്റപ്പണി വിവാദമാക്കുന്നത് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്താനുള്ള ഗൂഢാലോചനയാണെന്ന്. അന്ന് മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും ഒടുവില്‍ കോടതിക്കും തോന്നിയ സംശയങ്ങളൊന്നും തോന്നാതിരുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ പറയുന്നത് അന്വേഷണത്തിന് നിലമൊരുക്കിയത് ഞങ്ങളാണെന്ന്. സര്‍ക്കാരിന്റെ സഹകരണം കൊണ്ടാണ് അന്വേഷണം ഇങ്ങനെ മുന്നോട്ടു പോകുന്നതെന്ന്. വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളെ ഇങ്ങനെ കളിയാക്കരുത്.
എങ്ങനെയാണീ സ്വര്‍ണക്കൊള്ള ഇപ്പോള്‍ പുറത്തു വന്നത്? അയ്യപ്പസംഗമത്തിന്റെ തിരക്കു പിടിച്ച ഒരുക്കങ്ങള്‍ക്കിടയിലും സന്നിധാനത്തെ ദ്വാരപാലകശില്‍പപാളികള്‍ ദുരൂഹമായ സാഹചര്യത്തില്‍ ചെന്നൈയിലേക്കു കൊണ്ടു പോയി എന്ന് ശബരിമലയിലെ സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചപ്പോള്‍. അതും കോടതി നിര്‍ദേശം മറികടന്ന് കമ്മിഷണറെ അറിയിക്കാതെ കൊണ്ടു പോയി എന്നു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍. മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ത്തിയപ്പോഴും നിലവിലെ സര്‍ക്കാരിന്റെ നിലപാടെന്തായിരുന്നു?
ഒടുവില്‍ കോടതി റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി കര്‍ശനമായി ഇടപെട്ടതോടെ മാത്രമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിഷേധിച്ച നിഗൂഢത പുറത്തു വന്നത്. കോടതി തന്നെ കര്‍ശന നിലപാടെടുത്ത് തിരഞ്ഞെടുത്ത് നിയോഗിച്ച അന്വേഷണസംഘമാണ് ഇപ്പോള്‍ സി.പി.എം. നേതാക്കളിലേക്കും ദേവസ്വം ബോര്‍ഡിലേക്കും തന്നെ കുറ്റം കണ്ടെത്തിയത്. ഇത്തവണത്തെ നിഗൂഢമായ അറ്റകുറ്റപ്പണിയുടെ പിന്നിലുള്ള യാഥാര്‍ഥ്യങ്ങളും ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. രാഷ്ട്രീയസ്വാധീനത്തെ തല്‍ക്കാലം പേടിക്കേണ്ടെന്ന സ്ഥിതിയുണ്ടെങ്കിലും പ്രത്യേക അന്വഷണസംഘത്തിന്റെ നിയന്ത്രണച്ചരട് ഈ സര്‍ക്കാരിന്റെ പക്കല്‍ തന്നെയാണെന്ന സത്യം മറന്നുള്ള പ്രതീക്ഷകള്‍ വേണോ എന്നതും ഒരു ചോദ്യമാണ്.
സ്വര്‍ണക്കൊള്ളയില്‍ സി.പി.എമ്മിന്റെ പ്രതിരോധശ്രമത്തെ പ്രതിപക്ഷം ശക്തമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അകത്താകുന്ന നേതാക്കള്‍ക്കു സുഖമായി പുറത്തു വരാന്‍ കഴിയുന്ന പഴുതുകള്‍ നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ശബരിമല എന്ന ലോകപ്രശസ്തമായ ആരാധനാകേന്ദ്രത്തോട് ഈ ഭരണസംവിധാനം എന്താണ് ചെയ്യുന്നത് എന്നതാണ് യഥാര്‍ഥ ചോദ്യം. അയ്യപ്പസംഗമത്തിലൂടെ ആഗോളപ്രശസ്തി സൃഷ്ടിക്കാന്‍ പോയ പോക്ക് ഇപ്പോള്‍ നാണക്കേടിന്റെ പടുകുഴിയില്‍ വീണു കിടക്കുന്നു. അടിസ്ഥാനമുന്നൊരുക്കങ്ങളില്‍ പോലുമുണ്ടായ വീഴ്ച ഇത്തവണത്തെ തീര്‍ഥാടനകാലത്തിന്റെ തുടക്കത്തില്‍ ഭക്തരെ മണിക്കൂറുകളോളം ദുരിതത്തിലാക്കി. അപ്പോഴും വീഴ്ച തുറന്നു പറഞ്ഞ കെ.ജയകുമാറിനെയും തിരുത്തി ഇതൊക്കെ മാധ്യമസൃഷ്ടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി. അടിസ്ഥാന ഭരണകാര്യങ്ങളില്‍ പോലും കോടതി ഇടപെട്ട് തിരുത്തി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട സ്ഥിതിയാണ്. എന്നിട്ടും ശബരിമലയെ രാഷ്ട്രീയനേട്ടങ്ങള്‍ക്കുള്ള പ്രചാരണകേന്ദ്രമാക്കാനുള്ള ശ്രമങ്ങളില്‍ ഇത്രയും തിരിച്ചടി നേരിട്ടിട്ടും സര്‍ക്കാരും പാര്‍ട്ടിയും പിന്നോട്ടില്ല എന്നത് ഖേദകരമാണ്.
ഭരണത്തിന്റെ അവസാനമാസങ്ങളില്‍ അയ്യപ്പസംഗമം നടത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതിനുകൂടിയുള്ള തിരിച്ചടികളാണ് ഈ കിട്ടിക്കൊണ്ടിരിക്കുന്നത് . അവകാശവാദത്തില്‍ ലോകോത്തര സൗകര്യമുണ്ടാക്കാന്‍ അയ്യപ്പസംഗമവും മാസ്റ്റര്‍പ്ലാനുമാണെങ്കില്‍ യാഥാര്‍ഥ്യത്തില്‍ ഈ തീര്‍ഥാടനകാലത്തിന്റെ തുടക്കത്തി്ല്‍ വിശ്വാസികള്‍ അനുഭവിച്ചതെന്താണ്?
സാഹചര്യം കണ്ട് ഭയന്നു പോയ ബഹുമാന്യനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ കെ.ജയകുമാര്‍ മുന്നൊരുക്കങ്ങളിലെ വീഴ്ച പല വട്ടം തുറന്നു സമ്മതിച്ചു. പക്ഷേ പാര്‍ട്ടി പറയുന്നത് ആഗോളഅയ്യപ്പസംഗമം വഴി പ്രശസ്തി കൂടിയതുകൊണ്ട് കൂടുതല്‍ ഭക്തര്‍ വന്നതാണ് പ്രശ്നമായത് എന്നാണ്.
ഈ തിരക്കില്‍ ഒരു ദുരന്തത്തിലേക്കു വിശ്വാസികളെ തള്ളിവിടാനാകില്ലെന്ന് പറയാന്‍ ഹൈക്കോടതി വേണ്ടി വന്നു. സ്പോട് ബുക്കിങ് കര്‍ശനമാക്കി സാഹചര്യത്തിന് പരിഹാരം കാണാന്‍ കോടതി വേണം. സ്വര്‍ണക്കൊള്ളയും ഗൂഢാലോചനകളും കണ്ടെത്തുന്നത് കോടതി. അതില്‍ പ്രതികളാകുന്നത് ജനം വിശ്വസിച്ച് ഭരണത്തിലേറ്റിയ പാര്‍ട്ടിയുടെ നേതാക്കള്‍. എന്നിട്ടും ശബരിമലയെ ഇപ്പോള്‍ വികസിപ്പിച്ച് ശരിയാക്കിത്തരാം എന്ന് ഭരണകര്‍ത്താക്കള്‍ പറയുന്നത് കേട്ടു മിണ്ടാതിരുന്നോളണം എന്നാണ് പാര്‍ട്ടി കല്‍പിക്കുന്നത്.
ശബരിമല ഒരു കാനനദേവാലയമാണ്. പരിമിതികളും സാധ്യതകളുമൊക്കെ വിശ്വാസികള്‍ക്കും ജനാധിപത്യസമൂഹത്തിന് ഉള്‍ക്കൊള്ളാനാകും. പക്ഷേ ശബരിമലയില്‍ തീര്‍ഥാടകര്‍ കൂടിയാല്‍ അത് സര്‍ക്കാരിന്റെ നേട്ടമെന്നൊക്കെ പറഞ്ഞുകളയുന്ന നേതാക്കള്‍ ശബരിമലയില്‍ നടക്കുന്ന അന്യായങ്ങള്‍ക്കു കൂടി മറുപടി പറയാന്‍ മര്യാദ കാണിക്കണം. ശബരിമലയില്‍ കൂടുതല്‍ ഭക്തരെത്തിയാല്‍ അത് സര്‍ക്കാരിന്റെ വിജയം. ശബരിമലയിലെ സ്വര്‍ണപ്പാളി സി.പി.എം നേതാക്കള്‍ കൊള്ളയടിച്ചാല്‍ അതില്‍ സര്‍ക്കാരിനും പങ്കില്ല, സി.പി.എമ്മിനും ഉത്തരവാദിത്തമില്ല. നല്ല ബെസ്റ്റ് ന്യായം. പാര്‍ട്ടി കണ്ടെത്തി സര്‍ക്കാര്‍ ശബരിമലയിലേക്കയച്ച സി.പി.എം നേതാക്കള്‍ സ്വര്‍ണക്കൊള്ളയില്‍ പങ്കാളികളാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്ന് ആദ്യം സ്വയം സമ്മതിക്കണം.