ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ പൂര്‍ണമായി അടിച്ചുമാറ്റി വിറ്റിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധന നടത്തിയ വി.എസ്.എസ്.സിയിലെ ശാസ്ത്രഞ്ജര്‍. പാളികള്‍ ഉരുക്കി സ്വര്‍ണം വേര്‍തിരിച്ചെടുക്കുക മാത്രമാവും സംഭവിച്ചതെന്നും ശാസ്ത്രഞ്ജര്‍ എസ്.ഐ.ടിക്ക് മൊഴി നല്‍കി. ഇതോടെ പാളികള്‍ സമ്പന്നര്‍ക്ക് വിറ്റെന്ന സംശയത്തിന് അവസാനമായി. അതിനിടെ തന്ത്രി കണ്ഠരര് രാജീവര്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ച രണ്ടരക്കോടി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കട്ടെടുത്ത് സമ്പന്നര്‍ക്ക് വിറ്റു. പകരം അതേ മാതൃകയില്‍ ചെമ്പ് പാളിയുണ്ടാക്കി അതില്‍ സ്വര്‍ണം പൂശി ശബരിമലയില്‍ തിരികെ വെച്ചു. ഇത്തരത്തില്‍ വന്‍ അട്ടിമറിയും കവര്‍ച്ചയുമാണോ നടന്നതെന്ന സംശയം അന്വേഷണസംഘത്തിന് തുടക്കം മുതലുണ്ടായിരുന്നു.
വി.എസ്.എസ്.സി നല്‍കിയ പരിശോധനാഫലത്തില്‍ പാളികളുടെ രാസഘടനയില്‍ വ്യത്യാസമെന്ന് സൂചിപ്പിച്ചത് പാളികള്‍ മാറ്റിയതിന്‍റെ സൂചനയായും എസ്.ഐ.ടി കണ്ടു. ഇത് ഹൈക്കോടതിയെ അറിയിച്ചതോടെ ഹൈക്കോടതിയും ഞെട്ടി. ഇത് ഉറപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പരിശോധന നടത്തിയ വി.എസ്.എസ്.സിയിലെ ശാസ്ത്രഞ്ജരുടെ വിശദമൊഴിയെടുത്തത്.
എന്നാല്‍ പാളി വിറ്റിട്ടില്ലെന്ന് ശാസ്ത്രഞ്ജര്‍ മൊഴി നല്‍കി. ശബരിമലയില്‍ ഇപ്പോഴുള്ളത് 1998ല്‍ സ്വര്‍ണം പൊതിഞ്ഞ പഴയ പാളികള്‍ തന്നെയാവാം. പാളികള്‍ക്ക് ഘടനാവ്യത്യാസമുണ്ടായത് മെര്‍ക്കുറിയും അനുബന്ധലായനികളും ചേര്‍ത്ത് ഉരുക്കിയപ്പോള്‍ സംഭവിച്ചതാവാം. അതിനാല്‍ പാളി മാറ്റിയെന്ന് സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നാണ് മൊഴി. ഇതോടെ പാളികളിലെ സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കുകയും പകരം കുറഞ്ഞ അളവില്‍ സ്വര്‍ണം പൂശുകയും ചെയ്ത മോഷണമാണ് നടന്നതെന്ന് സ്ഥിരീകരിക്കുകയാണ്.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഉള്‍പ്പടെയുള്ള പ്രതികള്‍ ഇക്കാര്യം നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഇത്തരത്തില്‍ എത്ര സ്വര്‍ണം വേര്‍തിരിച്ചെടുത്തൂവെന്നാണ് ഇനി അറിയേണ്ടത്. അതിനുള്ള താരതമ്യ പരിശോധന വി.എസ്.എസ്.സിയില്‍ തുടരുകയാണ്. ആ ഫലവും ലഭിക്കുന്നതോടെ കേസില്‍ വ്യക്തതയുണ്ടാകുമെന്നും കുറ്റപത്രത്തിലേക്ക് കടക്കാമെന്നുമാണ് എസ്.ഐ.ടി കരുതുന്നത്.
അതിനിടെ കേസിലെ പ്രതിയായ തന്ത്രി 2024ല്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ രണ്ടരക്കോടി രൂപ നിക്ഷേപിച്ചെന്നും ബാങ്ക് പൊട്ടി പണം നഷ്ടമായിട്ടും പരാതി പറഞ്ഞില്ലെന്നും എസ്.ഐ∙ടി കണ്ടെത്തി. ഇതില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന എസ്.ഐ.ടി വിശദചോദ്യം ചെയ്യലിനായി തന്ത്രിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി രണ്ടാം തീയതിലേക്ക് മാറ്റി.