TOPICS COVERED

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം കേരളത്തിന്റെ മതേതരമുഖത്ത് ഒരു കുത്തു കുത്തി.  ഒറ്റ കുത്തില്‍ കാറ്റു പോകാവുന്ന ഒരു ബലൂണാണോ കേരളത്തിന്റെ മതേതരത്വം എന്ന ചോദ്യം നമ്മുടെ മുന്നില്‍ ആഞ്ഞു നില്‍ക്കുന്നു.  ഒരു മതവിഭാഗത്തോട് വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നത് തീര്‍ത്തും സാധാരണമായ ഒരു കാര്യമായി കേരളവും നോക്കിനില്‍ക്കുകയാണോ? ആരാണ് പള്ളുരുത്തിയിലെ മുതലെടുപ്പുകാര്‍? ആരെയാണ് കേരളം സൂക്ഷിക്കേണ്ടത്? 

പള്ളുരുത്തിയില്‍ ആരും ജയിച്ചിട്ടില്ല. എല്ലാവരും തോല്‍ക്കുകയാണ് ചെയ്തത്. പക്ഷേ ഇത് ജയത്തിന്റെയും തോല്‍വിയുടെയും ചോദ്യമേ അല്ല. ഞങ്ങളുടെ സ്കൂളിലെ നിയമങ്ങള്‍ അനുസരിക്കാത്തവര്‍ ഇവിടെ വേണ്ടെന്ന് ചിരിച്ചു പ്രഖ്യാപിച്ച സ്കൂള്‍ അധികൃതരും തഗ് ഡയലോഗില്‍ പറഞ്ഞതുപോലും നടപ്പാക്കാന്‍ കഴിയാത്ത വിദ്യാഭ്യാസമന്ത്രിയും കുഞ്ഞിന്റെ അവകാശങ്ങളേക്കാള്‍ മതത്തിന്റെ അവകാശം ചിന്തിച്ച മൗലികവാദികളും എല്ലാവരും തോറ്റു തന്നെയാണ് നില്‍ക്കുന്നത്. മറിച്ചു തോന്നുന്നതൊക്കെ വെറുതെയാണ്.  കേരളസമൂഹത്തിലെ യാഥാര്‍ഥ്യമാണ് ഈ തോല്‍വി തുറന്നുകാണിച്ചു തന്നത്. 

ഒരാളെ പുറന്തള്ളാന്‍ എന്തെളുപ്പമാണെന്നറിയാമോ?  പക്ഷേ ചേര്‍ത്തുപിടിക്കാനോ, ഉള്‍ക്കൊള്ളാനുള്ള  മനസുണ്ടായാല്‍ മാത്രം മതി. തള്ളിക്കളയാന്‍ തീരുമാനിച്ചാല്‍  ഇതാണ് ചട്ടം, ഇതാണ് നിയമം എന്നങ്ങ് ന്യായം പറഞ്ഞാല്‍ മതി. ആരെയും പുറത്തു നിര്‍ത്താം. പക്ഷേ ചേര്‍ത്തുപിടിക്കാന്‍  മനസുള്ളവര്‍ക്ക് ഒരു ചട്ടവും ഒരു നിയമവും തടസമാവില്ല. മനുഷ്യര്‍ക്കു വേണ്ടിയല്ലേ ചട്ടവും കോഡും? മനുഷ്യരെ തമ്മില്‍ ചേര്‍ക്കാനല്ലേ വിദ്യാഭ്യാസവും സംസ്കാരവും സമൂഹവും എല്ലാം? മനുഷ്യരെ തമ്മില്‍ അകറ്റുന്ന, പരസ്പരം വെറുപ്പുണ്ടാക്കുന്ന, വിദ്വേഷമുണ്ടാക്കുന്ന മനോഭാവമല്ലേ മാറ്റേണ്ടത്. ഉള്ളിലെ സംശയവും അകല്‍ച്ചയും മാറ്റാനല്ലേ ശ്രമിക്കേണ്ടത്, അല്ലാതെ ചട്ടം പറഞ്ഞ് ഒരു കുട്ടിയെ സ്കൂളില്‍ നിന്ന് പുറന്തള്ളുന്നതുകൊണ്ട് ആരാണ് ജയിക്കുന്നത്?

ശരിയാണ് നിങ്ങള്‍ക്ക് അധികാരമുള്ള ഒരു വട്ടത്തിനുള്ളില്‍  ആര് എന്തു ധരിക്കണമെന്നു നിങ്ങള്‍ക്കു തീരുമാനിക്കാം.  പക്ഷേ  ഒരു സ്കൂളിന്റെ കാര്യത്തില്‍ അധികാരമുള്ള  മാനേജ്മെന്റ്  എല്ലാം തീരുമാനിക്കട്ടെ എന്നു പറയുന്നതുപോലെ  ഒരു രാജ്യത്തിന്റെ കാര്യത്തില്‍ അധികാരമുള്ള സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന് പറഞ്ഞാലോ? ഒന്നാലോചിച്ചു നോക്കൂ.  പ്രശ്നം മനസിലാകും.  അധികാരം നടത്തിപ്പിനുള്ളതാണ്. മനുഷ്യരുടെ അവകാശങ്ങള്‍ മാറ്റിമറിക്കാനുള്ളതാകരുത്. അധികാരമുള്ളവര്‍ തീരുമാനിക്കുന്നതല്ല,  മനുഷ്യത്വവും വൈവിധ്യവും അംഗീകരിച്ചുകൊണ്ട് തീരുമാനമെടുക്കുന്നതാണ് ബഹുസ്വരജനാധിപത്യം.  അധികാരത്തിന് ഇടപെടാവുന്ന അധികാരങ്ങള്‍  തന്നെ പരിമിതപ്പെടുത്തുന്നതാണ്  ജനാധിപത്യം. ഇത്രയും കാലം സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടം ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചിട്ടും ഇന്ത്യ വിട്ടുകൊടുക്കാതെ പൊരുതുന്നത് ഭരണഘടനയും ചട്ടങ്ങളും നിയമവും ശക്തമായതു കൊണ്ടു മാത്രമല്ല, ഈ ജനതയ്ക്ക് അത്രമേല്‍ ജനാധിപത്യബോധമുള്ളതുകൊണ്ടു കൂടിയാണ്. ആ രാഷ്ട്രീയബോധമില്ലാത്തവര്‍ക്ക് സ്കൂളിന്റെ ചട്ടം മാത്രമേ കാണാനാകൂ.  രാഷ്ട്രബോധമുള്ളവര്‍ക്ക് ബോധ്യമാകേണ്ടതെല്ലാം ബോധ്യമാകും. 

നമുക്ക് വാശികളേയുള്ളൂ. ചട്ടങ്ങളിലുള്ള വാശി. അധികാരത്തിലുള്ള വാശി. സ്വത്വത്തിലുള്ള വാശി, വിശ്വാസത്തിലുള്ള വാശി. പക്ഷേ  സ്നേഹത്തില്‍ ചേര്‍ത്തുനിര്‍ത്തണമെന്ന വാശിയില്ല. കുഞ്ഞുങ്ങളുടെ മനസ് തകര്‍ക്കില്ലെന്ന വാശിയില്ല. മനുഷ്യരെ തമ്മിലടിപ്പിക്കില്ലെന്ന വാശിയില്ല. ഒരു ബഹുസ്വരസമൂഹത്തില്‍ ഏതെങ്കിലുമൊരു വിഭാഗത്തെ  അന്യവല്‍ക്കരിക്കാന്‍ അധികാരരാഷ്ട്രീയം തുനിയുമ്പോള്‍ അതിനൊത്താശ ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ അധികാരരാഷ്ട്രീയം അന്തിമമായി  അതിലൊന്നും തൃപ്തിപ്പെടുന്നതല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ആര്‍ക്കൊപ്പം നില്‍ക്കണം എന്നത് നിങ്ങളുടെ തീരുമാനമാണ്. പക്ഷേ ആ തീരുമാനം നിങ്ങള്‍ ആരാണെന്നു കൂടി വിളിച്ചു പറയും. 

****************

പ്രിവിലേജ്‍ഡ് വിജയന്‍?

മുഖ്യമന്ത്രി പിണറായി വിജയനു മാത്രം കേരളരാഷ്ട്രീയത്തിലുള്ള ഒരു സവിശേഷ പരിഗണനയുണ്ട്. കൃത്യമായ ചോദ്യങ്ങള്‍ നേര്‍ക്കു നേര്‍ വന്നാലും കൃത്യമായ ഉത്തരം പറയേണ്ടതില്ല. ചോദ്യം വ്യക്തമായിരിക്കും. പക്ഷേ ഉത്തരവും ചോദ്യവും തമ്മില്‍ ഒരു ബന്ധവുമുണ്ടാകില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്ക് കരിമണല്‍ കമ്പനി എന്തു സേവനത്തിനാണ് കോടികള്‍ നല്‍കിയത് എന്നൊരു ചോദ്യം മുഖ്യമന്ത്രിക്കു മുന്നില്‍ വന്നു. ചോദ്യം ചോദിച്ചവരുടെ സ്വത്തും നിക്ഷേപവും കുടുംബചരിത്രവുമൊക്കെ നമ്മളറിഞ്ഞു. പക്ഷേ ചോദിച്ച ചോദ്യത്തിനുത്തരം മാത്രം മുഖ്യമന്ത്രി പറഞ്ഞില്ല. ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മകനെതിരെ ​ഇ.ഡി. സമന്‍സ് അയച്ചോ എന്നൊരു ചോദ്യം വന്നു. സമന്‍സ് അയച്ചിട്ടില്ല എന്നൊരു മറുപടി മുഖ്യമന്ത്രി പറഞ്ഞാല്‍ ചോദ്യവും തീര്‍ന്നു. പക്ഷേ അതു മാത്രം മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. നേരിട്ടുള്ള ചോദ്യങ്ങളില്‍ നിന്ന് ഇതുപോലെ രക്ഷപ്പെട്ടുപോകാന്‍ മുഖ്യമന്ത്രിക്കു മാത്രമുള്ള പ്രിവിലേജ് എന്താണ്?

അങ്ങനെയാണെങ്കില്‍ എത്ര ലളിതമാണ് കാര്യങ്ങള്‍. കളങ്കരഹിതമായ പൊതുജീവിതം നയിക്കുന്ന മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡി. സമന്‍സ് അയച്ചത് എന്തിനാണ്? മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇപ്പോഴും പല ഏജന്‍സികളില്‍ നിന്ന് അന്വേഷണം നടക്കുന്നതെന്താണ്? കോടതി നടപടികളില്‍ മുഖ്യമന്ത്രിയുടെ മകളുടെ ന്യായമെന്താണ്? ഇന്നുവരെ ലോകമറിയാത്ത സേവനം എന്താണ്? 

ഉത്തരം ഒന്നുകില്‍ ബി.ജെ.പി സര്‍ക്കാര്‍ പറയണം, അല്ലെങ്കില്‍ ഇ.ഡി. പറയണം, അതുമല്ലെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പറയണം. ആരും ഉത്തരം പറയുന്നില്ല എന്നതുകൊണ്ട് ചോദ്യം ചോദ്യമല്ലാതാകുമോ? ആക്ഷേപവും പരിഹാസവുമൊക്കെയാകാം, ഭീഷണിയുമാകാം. പക്ഷേ അതൊക്കെ  ഉത്തരത്തിനു പകരമാകുമോ? 

ഒരു ചോദ്യമാണുള്ളത്. ഒരേയൊരു ചോദ്യം.  മുഖ്യമന്ത്രിയുടെ മകന് ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ഒരു സമന്‍സ് അയച്ചിട്ടുണ്ടോ?  ആ ചോദ്യത്തിനു മാത്രം മറുപടി പറയാതെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ ചോദ്യങ്ങളെ കളിയാക്കുകയാണ്.  മറ്റു പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നതുപോലെ ഇതും ഒരു രാഷ്ട്രീയവേട്ടയാണെങ്കില്‍ അതിനു പിന്നാലെ പോകില്ലെന്ന് സി.പി.എം പ്രഖ്യാപിക്കുന്നതെന്തുകൊണ്ടായിരിക്കും? സമന്‍സ് അയച്ചവരോടില്ലാത്ത ദേഷ്യം വാര്‍ത്ത പുറത്തു കൊണ്ടുവന്നവരോടാകുന്നതെന്തുകൊണ്ടായിരിക്കും? 

ENGLISH SUMMARY:

Kerala Hijab Row raises questions about secularism in Kerala after the Palluruthy school controversy. This incident highlights the importance of inclusivity and the potential for political exploitation.