ദൈവങ്ങളെ സംരക്ഷിക്കാന്‍ മനുഷ്യര്‍ വേണോ? ദൈവങ്ങളെ അങ്ങനെ പരിഹസിക്കരുതെന്ന് മുന്‍പൊരിക്കല്‍ പറയാതെ വയ്യയില് പറഞ്ഞിട്ടുണ്ട്. പക്ഷേ അതു തിരുത്തിപ്പറയേണ്ടിവരുമെന്ന് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം ഓര്‍മിപ്പിക്കുന്നു. അയ്യപ്പന്റെ സ്വര്‍ണം കട്ടതാര് എന്ന ചോദ്യത്തിനുത്തരം തേടി പരക്കം പായുകയാണ് കേരളം. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചിരിക്കുന്നു. ആഗോളഅയ്യപ്പസംഗമം നടത്തി നഷ്ടപ്പെട്ട രാഷ്ട്രീയവിശ്വാസം തിരിച്ചുപിടിക്കാനിറങ്ങിയ ഇടതുസര്‍ക്കാരും സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡും ഇപ്പോള്‍ അയ്യപ്പന്റെ സ്വര്‍ണം എവിടെ എന്ന ചോദ്യത്തിനുത്തരമില്ലാതെ പ്രതിസന്ധിയില്‍ നില്ക്കുന്നു.
എല്ലാം പെര്‍ഫെക്റ്റ് ഓകെ ആയിരുന്നു. യുവതീപ്രവേശനവിധിയെത്തുടര്ന്ന് ശബരിമല സംഘര്‍ഷഭരിതമായത് വിശ്വാസിസമൂഹം മറക്കാന്‍ തുടങ്ങിയിരുന്നു. ആളും ആരവവും പ്രതീക്ഷിച്ചത്ര വന്നില്ലെങ്കിലും ആഗോള അയ്യപ്പസംഗമത്തിന്റെ സംഘാടനത്തിലും അവതരണത്തിലും സര്‍ക്കാരിന്റെ ആസൂത്രണം കൃത്യമായി നടന്നിരുന്നു. എന്തിനേറെ പറയുന്നു എന്‍.എസ്.എസ് പോലും സര്‍ക്കാരിനോടു പൊറുത്തിരുന്നു. തെറ്റു തിരുത്തിയ സര്‍ക്കാരിനോട് സമദൂരം വിട്ടൊരു ശരിദൂരം വരെ സ്വീകരിക്കാന്‍ എന്‍.എസ്.എസിന്റെ വിശാലമനസ് തയാറായിരുന്നു. ഒപ്പം നടക്കുന്ന എസ്.എന്‍.ഡി.പി മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പഭക്തനാണെന്നു വരെ പ്രഖ്യാപിച്ച് എല്ലാം ആസൂത്രണം ചെയ്ത അതേ തിരക്കഥയില്‍ പൂര്‍ത്തിയായതാണ്. ശബരിമലയിലൂടെ വിശ്വാസിസമൂഹവുമായി ഉണ്ടായ അകല്‍ച്ചയെല്ലാം പരിഹരിച്ചുവെന്ന സമാധാനത്തിലാണ് സര്‍ക്കാരും സി.പി.എം ശബരിമലയിറങ്ങിയത്. പക്ഷേ പ്രായശ്ചിത്തക്രിയയില് പങ്കാളിത്തമില്ലാതിരുന്ന ഹൈക്കോടതിയുടെ ഇടപെടല്‍ ചതിച്ചു. അയ്യപ്പസംഗമ കോലാഹലങ്ങള്‍ക്കിടയില്‍ സന്നിധാനത്തെ ദ്വാരപാലകര്‍ക്ക് അറ്റകുറ്റപ്പണി നടത്താനിറങ്ങിയ ദേവസ്വം ബോര്‍ഡ് സ്വയം കുഴിച്ച കുഴിയില്‍ മാരകമായി ചെന്നു ചാടുകയായിരുന്നുവെന്നു പറയാം.
ശബരിമലയുടെ പേരില്‍ വലിയ രാഷ്ട്രീയവിവാദങ്ങളും കോളിളക്കങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ വിശ്വാസത്തിന്റെയും ചട്ടങ്ങളുടെയും ചുമതലക്കാര്‍ ശബരിമലയിലെ അടിസ്ഥാന കാര്യങ്ങള്‍ സുതാര്യമായി വീഴ്ചയില്ലാതെ നടത്തുന്നുവെന്ന ഒരു വിശ്വാസം കേരളത്തിനുണ്ടായിരുന്നു. ആഗോളഅയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്താന്‍ ദ്വാരപാലക അറ്റകുറ്റപ്പണി വിവാദമാക്കിയെന്ന് ദേവസ്വംബോര്‍ഡ് വാദിച്ച ശേഷം ഇപ്പോള്‍ പുറത്തു വരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. അത് വിശ്വാസത്തിന്റെയും വിശ്വാസികളുടെയും മാത്രം പ്രശ്നവുമല്ല. ഭരണനിര്‍വഹണത്തിന്റെ സുതാര്യതയുടെയും കാര്യക്ഷമതയുടെയും ചോദ്യം മാത്രമല്ല, വിശ്വാസ്യതയുടെ ഗുരുതരമായ പ്രശ്നമാണ്. ശബരിമലയില്‍ ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ക്ക് സര്‍ക്കാരും ദേവസ്വംബോര്‍ഡും മറുപടി പറയണം. വിവാദത്തിന്റെ തുടക്കം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ്. അന്ന് ശബരിമല സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ ഒരു റിപ്പോര്‍ട്ട് നല്കി. അതായത് 2019ല്‍ സ്വര്‍ണം പൂശി തിരിച്ചു സന്നിധാനത്തെത്തിച്ച പാളികള്‍ക്ക് വീണ്ടും മങ്ങലുണ്ടായെന്ന് കണ്ടതോടെ പിന്നെയും സ്വര്‍ണം പൂശാന്‍ ചെന്നൈക്ക് കൊണ്ടുപോയെന്നും, എന്നാല്‍ ഇക്കാര്യം തന്നെ അറിയിച്ചില്ലെന്നുമായിരുന്നു സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഹൈക്കോടതി ഇടപെടല്‍. കോടതി നിര്‍ദേശപ്രകാരം ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഒന്നും മറയ്ക്കാനില്ലെന്നും എന്തും നേരിടാമെന്നും ദേവസ്വം മന്ത്രിയുടെയും പ്രസിഡന്റിന്റെയും സാക്ഷ്യപ്പെടുത്തലുകള് പിന്നാലെ വന്നു.
പക്ഷേ ഈ ദ്വാരപാലക സ്വര്‍ണപ്പാളി വിവാദമായപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട് കാലാകാലം പ്രവര്‍ത്തിച്ചിരുന്നവര്‍ ചോദ്യങ്ങളുമായി രംഗത്തെത്തി. ഒന്നാമത്തെ ചോദ്യം അതു തന്നെയായിരുന്നു. 1999ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലകര്‍ക്ക് വീണ്ടും സ്വര്‍ണം പൂശലും അറ്റകുറ്റപ്പണിയും നടക്കുന്നെതന്താണ്? അപ്പോള്‍ മുന്‍പ് പൊതിഞ്ഞ സ്വര്‍ണത്തിനെന്തു പറ്റി? ആ ചോദ്യങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങളിലേക്കും അന്തമില്ലാത്ത സംശയങ്ങളിലേക്കും കാര്യങ്ങള്‍ എത്തിച്ചത്. 1999ല്‍ വന്‍ വ്യവസായി വിജയ് മല്യ വഴിപാടായി സ്വര്‍ണം പൂശിയ ശ്രീകോവിലും മേല്‍ക്കൂരയും അടക്കമുള്ള നിര്മിതികളില് ദ്വാരപാലകശില്പങ്ങള് മാത്രമെങ്ങനെ ചെമ്പായി മാറി? ആരാണ് അത് ചെമ്പായി മാറ്റിയത്? സ്വര്‍ണം പൂശിയെന്ന് സ്വന്തമായി ആധികാരികരേഖയുള്ള ദേവസ്വം ബോര്‍ഡ് തന്നെ രണ്ടു പതിറ്റാണ്ടു തികഞ്ഞപ്പോള്‍ അത് ചെമ്പാണെന്ന് ഉത്തരവില്‍ എഴുതിയതെങ്ങനെ? അപ്പോള്‍ സ്വര്‍ണം പൂശിയ ഒറിജിനല്‍ ദ്വാരപാലകശില്പങ്ങള്ക്ക് എന്തു സംഭവിച്ചു?
ഇപ്പോഴെന്തിന് സ്വര്‍ണം പൂശാന്‍ കൊണ്ടു പോയി , അതും ക്ഷേത്രത്തിനു പുറത്ത് ആരുമറിയാതെ ചെന്നൈയ്ക്ക് കൊണ്ടു പോയി എന്ന ചോദ്യം കോടതി ചോദിച്ചപ്പോഴാണ് ഇതാദ്യമായല്ല, ദ്വാരപാലകശില്പത്തിന്റെ പാളികള്‍ ചെന്നൈയ്ക്കു പോകുന്നതെന്ന് ലോകമറിയുന്നത്. 2019ല്‍ തന്നെ ഉണ്ണിക്കൃഷ്ണന് പോറ്റി എന്ന വിവാദനായകന്‍ ഈ പാളികള്‍ ചെന്നൈയ്ക്ക് കൊണ്ടു പോയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് തന്നെ താല്പര്യം അന്വേഷിച്ച് അങ്ങോട്ടാവശ്യപ്പെടുകയായിരുന്നുവെന്ന് അയാള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഒന്നാലോചിച്ചു നോക്കൂ, കോടിക്കണക്കിന് ഭക്തര്‍ വിശ്വാസത്തോടെ ആദരപൂര്‍വം ആരാധിക്കുന്ന ശബരിമലയിലെ ദ്വാരപാലകശില്പങ്ങളുടെ പാളികള്‍ ആദ്യം ഉണ്ണിക്കൃഷ്ണന് കൊണ്ടു പോയത് ബംഗളൂരുവിലെ വീട്ടില്‍. ദേവസ്വത്തിന്റെ ഉത്തരവ് അനുസരിച്ച് 2019 ജൂലായ് 20ന് സ്വര്‍ണപ്പാളി ഇളക്കി. ഒന്നോ രണ്ടോ ദിവസം കൊണ്ടെത്താവുന്ന ചെന്നൈയില്‍ ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണപ്പാളി എത്തിച്ചത് 40 ദിവസം കഴിഞ്ഞ് ഓഗസ്ത് 29ന്. ഇത്രയും ദിവസം എവിടെയായിരുന്നു സ്വര്ണപ്പാളിയെന്ന ചോദ്യവും ദുരൂഹതയേറ്റുന്നു. അതുപോലെ അതേവര്‍ഷം അതായത് 2019 ഓഗസ്ത് 29ന് തിരുവാഭരണം കമ്മീഷണര്‍ ചെന്നൈയിലെ സ്മാര്‍ട് ക്രീയേഷന്‍സ് എന്ന സ്ഥാപനത്തിലെത്തി തയാറാക്കിയ മഹസര്‍ റിപ്പോര്‍ട്ടിലും സ്വര്‍ണം ഒഴിവാക്കി. ചെമ്പ് പാളിയെന്ന് വ്യക്തമായി എഴുതി. അങ്ങിനെ സ്വര്‍ണപൂശിയ ശ്രീകോവിലിന് മധ്യത്തായുള്ള ദ്വാരപാലക ശില്പം മാത്രം ചെമ്പായി മാറുന്ന മാന്ത്രികവിദ്യ ദേവസ്വം ബോര്‍ഡും ഉണ്ണികൃഷ്ണന് പോറ്റിയും ചേര്‍ന്ന് നടപ്പാക്കി. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ അത് ചെമ്പായിരുന്നിരിക്കാമെന്നും 1999ല്‍ വിജയ് മല്യ പൂശിയ സ്വര്‍ണം കുറഞ്ഞ് പോയതായിരിക്കാമെന്നുള്ള വിചിത്ര മറുപടിയാണ് അന്നത്തെ പ്രസിഡന്റിന്.
വെള്ളരിക്കാപ്പട്ടണത്തില്‍ പോലും ഇതു നടക്കുമോ? കാണിക്കയായി സമര്‍പ്പിക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം ചെമ്പാണോ സ്വര്‍ണമാണോ എന്ന് ദേവസ്വം ബോര്‍ഡിന് അറിയില്ലത്രേ. പക്ഷേ രേഖകളില്‍ ഒരു സംശയവുമില്ലാതെ സ്വര്‍ണം ചെമ്പായി ഉത്തരവിറക്കിയതും ഇതേ ദേവസ്വംബോര്‍ഡാണ്. കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്കെല്ലാം അറിയാവുന്നതുപോലെ രണ്ടര പതിറ്റാണ്ടു മുന്‍പേ ശബരിമല ശ്രീകോവിലും അനുബന്ധ വസ്തുക്കളുമെല്ലാം സ്വര്‍ണംപൂശിയതാണ്. 1999ല്‍ സന്നിധാനത്ത് പരമ്പരാഗത ശൈലിയില്‍ നടത്തിയ പണിയിലൂടെയാണ് വിവാദവ്യവസായി വിജയ് മല്യ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയത്. ചെന്നൈ മൈലാപ്പുര് ജെഎന്‍ആര്‍ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിലുള്ള പണികളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള 53 ശില്പികള് ഏര്‍പ്പെട്ടിരുന്നു. ആദ്യം ചെമ്പുപൊതിഞ്ഞ ശേഷം ഒട്ടകത്തിന്റെ തോല് ഉപയോഗിച്ച് നിര്‍മിച്ച ബുക്കില്‍ 200 ഗ്രാം സ്വര്‍ണം ഓരോ താളിലും വച്ച് 5000 തവണ ചുറ്റിക ഉപയോഗിച്ച് അടിച്ചുപരത്തി പാളിയാക്കി വീണ്ടും അടിച്ചുപരത്തി കടലാസിനേക്കാള് കട്ടി കുറച്ച് മെര്‍ക്കുറി ഉപയോഗിച്ച് ചെമ്പുപാളികളില്‍ ഒട്ടിച്ചാണ് സ്വര്‍ണം പൊതിഞ്ഞത്. GFX3 1999 ൽ വിജയ് മല്യ ശ്രീകോവിലിന് സ്വർണ്ണം പൊതിഞ്ഞപ്പോൾ ദ്വാരപാലകശില്പങ്ങളും ഉൾപ്പെടുത്തിയിരുന്നുവെന്ന് ദേവസ്വം രജിസ്റ്ററിലും മഹസറിലും വ്യക്തം. 1999 മെയ് നാലിന് സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങൾ ശ്രീകോവിലിനു മുന്നിൽ സ്ഥാപിച്ചു എന്നാണ് രേഖകളിലുള്ളത്. ദേവസ്വം വിജിലൻസ് കണ്ടെത്തി നൽകിയ രേഖകൾ പരിശോധിച്ച ഹൈക്കോടതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതുകൂടാതെ സ്വർണ്ണം പൊതിയൽ സ്ഥിരീകരിക്കുന്ന നിർണായക മൊഴിയും ദേവസ്വം വിജിലൻസിന് ലഭിച്ചു. വിജയ് മല്യയുടെ സംഘത്തിൽ ഉണ്ടായിരുന്ന തൊഴിലാളിയായ മാന്നാറുകാരനാണ് മൊഴി നൽകിയത്. രണ്ട് ശില്പങ്ങളിലായി 800 ഗ്രാം സ്വർണ്ണം പൊതിഞ്ഞെന്നാണ് മൊഴി. ദ്വാരപാലകശില്പങ്ങളില് 98ല്‍ തന്നെ സ്വര്‍ണം പൊതിഞ്ഞ കാര്യം അന്ന് ശബരിമലയില്‍ ചുമതലയിലുണ്ടായിരുന്ന എല്ലാ ഉന്നത ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നു.
പക്ഷേ അന്നവിടെയുണ്ടായിരുന്ന എല്ലാവര്ക്കും ലോകത്തിനും അറിയാവുന്ന സ്വര്‍ണം ദേവസ്വം ബോര്‍ഡിന് 2019ല്‍ ചെമ്പായി മാറി. 2019 ജൂലൈ–ഓഗസ്ത് മാസത്തെ ദേവസ്വം രേഖകളിലാണ് ഈ ചെമ്പുവല്ക്കരണം നടന്നിരിക്കുന്നത്. അതിന്റെ തുടക്കം എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡ് 2019 ജൂലായ് 5ന് ഇറക്കിയ ഈ ഉത്തരവാണ്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപാളികള്‍ ചട്ടം മറികടന്ന് സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് അവസരം കൊടുത്തതും ഈ ഉത്തരവാണ്. ഇതില്‍ എഴുതിയിരിക്കുന്നത് ദ്വാരപാലക ശില്‍പ്പത്തിലുള്ളത് ചെമ്പ് പാളിയെന്നാണ്. സ്വര്‍ണമെന്ന വാക്കില്ല.
ശബരിമലയിലെ സുപ്രധാന സാമ്പത്തിക ഇടപാടുകളില്‍ ഈ ഉണ്ണിക്കൃഷ്ണന് പോറ്റി എന്ന വ്യക്തിയുടെ പങ്കാളിത്തവും ഇടപെടലും ദുരൂഹമാണ്. അയാള്‍ ചോദ്യം ചെയ്യപ്പെടണം. പക്ഷേ കേരളത്തോടു മറുപടി പറയേണ്ടത് ആ സ്വകാര്യവ്യക്തിയല്ല. കേരളത്തിലെ സര്‍ക്കാരാണ് ദേവസ്വം ഭരണം നടത്തുന്നത്. സര്‍ക്കാര്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡാണ് കേരളത്തിനു മറുപടി നല്‍കേണ്ടത്. ഈ ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് 2019ല്‍ ശില്പത്തിന്റെ പാളികള്‍ ഇളക്കിമാറ്റി നല്കിയതെന്തിനാണ്? ആരാണത് തീരുമാനിച്ചത്? അതുവരെ സ്വര്‍ണമായിരുന്ന ശില്പപാളികള് ചെമ്പായതെങ്ങനെയാണ്? ഈ വ്യക്തിക്ക് ശബരിമലയിലേക്കു പുതുതായി നിര്‍മിച്ച ശ്രീകോവില്‍ വാതിലുകളടക്കം പ്രദര്‍ശിപ്പിക്കാനും കൊണ്ടു നടക്കാനും അവസരം കൊടുത്തതാരാണ്? ശബരിമലയില്‍ എന്താവശ്യം വന്നാലും ഒരു സ്വകാര്യവ്യക്തിയെ ബോര്‍ഡ് ആശ്രയിക്കുന്നതെന്തുകൊണ്ടാണ്? ഭക്തജനങ്ങള്‍ കോടികള്‍ കാണിക്കയായി അര്‍പ്പിക്കുന്ന ക്ഷേത്രത്തില്‍ സ്വകാര്യവ്യക്തികളുടെ സൗജന്യത്തിനു പിന്നാലെ നടക്കുന്നതെന്തിനാണ്? ഒടുവില്‍ ഇത്രയും വിവാദങ്ങള്‍ക്കു ശേഷവും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അമാന്തം എന്താണ്?
അപ്പോള്‍ ദേവസ്വം ബോര്‍ഡിനറിയാം, ഭക്തജനങ്ങളുടെ പൊതുസ്വത്ത് എങ്ങനെയാണ് കൊണ്ടുപോകേണ്ടതെന്നും കൈകാര്യം ചെയ്യേണ്ടതെന്നും. അപ്പോള്‍ 2019ല്‍ ഇതേ പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് ഈ നടപടിക്രമങ്ങളൊന്നുമില്ലാതെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്തു നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കും തോന്നിയതു പോലെ തോന്നിയ സമയത്ത് ഒരു സ്വകാര്യവ്ക്തി കൊണ്ടുപോയെങ്കില്‍ മറുപടി പറയേണ്ടത് സര്‍ക്കാരല്ലെങ്കില്‍ പിന്നാരാണ്? നടന് ജയറാമിന്റെ വീട്ടിലടക്കം ശബരിമലയിലേക്കുള്ള വാതില്‍ കൊണ്ടുപോയതും പ്രദര്‍ശിപ്പിച്ചതും ആരുടെ ഒത്താശയിലാണ്?
അയ്യപ്പന്റെ സ്വര്‍ണം കട്ടതാര് എന്ന ചോദ്യത്തിന് കേരളത്തിന് ഉത്തരം വേണം. പക്ഷേ ശബരിമലയില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന സ്വര്‍ണപ്പാളി എവിടെ എന്നതു മാത്രമല്ല പ്രശ്നം. ശബരിമല ഒരു രാഷ്ട്രീയവിഷയമായി സുവര്‍ണാവസരം പാര്‍ത്തു കഴിയുന്നവര്‍ക്കു മുന്നിലേക്കാണ് ക്ഷേത്രഭരണത്തിലെ കുത്തഴിഞ്ഞ ചരിത്രം വന്നു വീഴുന്നത്. ശബരിമല എങ്ങനെയെല്ലാം രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കപ്പെടാമെന്ന് അറിയാത്തതല്ല പിണറായി സര്‍ക്കാരിനും പാര്‍ട്ടിക്കും. ഈ ഗുരുതരമായ സാഹചര്യത്തിന്റെ ഉത്തരവാദികള്‍ കേരളത്തോടു ചെയ്തിരിക്കുന്നത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ശബരിമലയെ ഭക്തരെ ഏല്പിക്കണം. രാഷ്ട്രീയനിയന്ത്രണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സാഹചര്യം മുതലെടുക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ പഴയ മുദ്രാവാക്യങ്ങളൊക്കെ പൊടിതട്ടിയെടുത്ത് ഉഷാറായി രംഗത്തിറങ്ങിക്കഴിഞ്ഞു. അതിനുള്ള അവസരമൊരുക്കിയതും ഗുരുതരമായ വീഴ്ച വരുത്തിയതും ഇടതുസര്‍ക്കാരും ദേവസ്വം ബോര്‍ഡുകളുമാണ്. തൊടുന്യായങ്ങളൊന്നും ഇനി ഇക്കാര്യത്തില്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാരും സി.പി.എമ്മും മനസിലാക്കണം.
ശബരിമലയില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ അതിവേഗം വ്യക്തതയുണ്ടാകണം. വിശ്വാസികള്‍ സമര്‍പ്പിച്ച സ്വര്‍ണത്തിനെന്തു സംഭവിച്ചു എന്നറിയേണ്ടത് വിശ്വാസികളുടെ മാത്രം ആവശ്യമല്ല. മുതലെടുപ്പു രാഷ്ട്രീയ താല്പര്യങ്ങളില്ലാത്ത കേരളത്തിലെ എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. സത്യസന്ധമായ സമീപനവും പി.ആര്.വര്‍ക്കും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന് ശബരിമലയിലെങ്കിലും ഇടതുസര്‍ക്കാര്‍ മനസിലാക്കണം. വിശ്വാസസംരക്ഷണം കണ്ണില്‍ പൊടിയിടല്‍ അല്ല. സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ മാത്രം വിശ്വാസവുമല്ല.