TOPICS COVERED

കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ക്ക് മറുപടി പറയേണ്ടതാരാണ്? ജവഹര്‍ലാല്‍ നെഹ്റു. നെഹ്റുവിന് പറ്റില്ലെങ്കില്‍ എ.കെ.ആന്റണി പറയട്ടെ. കേരളത്തില്‍ അമീബിക് മസ്തിഷ്കജ്വരം പടരുന്നതിന് മറുപടി പറയേണ്ടതാരാണ്? ഉമ്മന്‍ചാണ്ടി. പൊതുമരാമത്ത് വകുപ്പ് പണിയുന്ന പാലങ്ങള്‍ തകര്‍ന്നു വീഴുന്നതിന് ആരാണ് മറുപടി പറയേണ്ടത്? മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കു‍ഞ്ഞ്. ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകുന്ന ഭരണവീഴ്ചകളില്‍ ചോദ്യമുയരുമ്പോള്‍ ചരിത്രത്തിലേക്കു വിരല്‍ ചൂണ്ടുന്ന കാഴ്ച നമ്മള്‍ ഇതിനുമുന്‍പെവിടെയോ കണ്ടിട്ടുണ്ടല്ലേ? ഉണ്ട്. അതു യാദൃശ്ചികത മാത്രമല്ലെന്നു തെളിയിക്കുന്നു അയ്യപ്പസംഗമത്തില്‍ നിറഞ്ഞു തുളുമ്പിയ രാഷ്ട്രീയഭക്തി. 

മുന്‍സര്‍ക്കാരുകളെ പഴിചാരല്‍ നാടകത്തില്‍ ഇനി വരുന്ന എല്ലാ സീനുകളും കേരളാ നിയമസഭയിലാണ് അവതരിപ്പിക്കപ്പെട്ടത്. രംഗം ഒന്ന്, പൊലീസ് മര്‍ദനങ്ങള്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ ചര്‍ച്ച.  പൊലീസ് മര്‍ദനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും മിണ്ടാതിരുന്ന മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറയാനെത്തിയപ്പോള്‍  കാത്തിരുന്നവര്‍ക്ക് ആദ്യം കിട്ടിയ മറുപടി നെഹ്റു, പിന്നെ എ.കെ.ആന്റണി.  പൊലീസ് ഭരണത്തില്‍ എ.കെ.ആന്റണി കൂടുതല്‍ ശ്രദ്ധിക്കണം എന്നു പറയാന്‍ കേള്‍വിക്കാര്‍ക്കു തോന്നുന്ന വേളയില്‍ എന്തായാലും മുഖ്യമന്ത്രി ഇപ്പോഴുയര്‍ന്ന പൊലീസ് അതിക്രമങ്ങള്‍ കൂടി ഒന്നു പരാമര്‍ശിച്ചു പോകാനുള്ള സൗമനസ്യം കാണിച്ചു. നടപടിയൊന്നും പ്രഖ്യാപിച്ചില്ല. കുന്നംകുളത്ത് മനഃസാക്ഷി മരവിപ്പിക്കുന്ന പൊലീസ് മര്‍ദനം കേരളം കണ്ടതാണെങ്കിലും കര്‍ശനനടപടികളൊന്നും പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. 

പൊലീസിന്റെ മനോവീര്യം തകരാതിരിക്കാന്‍ പ്രതിപക്ഷത്തിന്റെ മനോവീര്യം തകര്‍ക്കുന്നതില്‍ തെറ്റില്ല.. എന്തായാലും ക്യാപ്റ്റന്‍ ലീഡ് ചെയ്താല്‍ പിന്നെ  ടീം നോക്കിനില്‍ക്കേണ്ടല്ലോ. പത്തു വര്‍ഷം മുന്‍പേ ഭരണത്തില്‍ നിന്നു പുറത്തായ യു.ഡി.എഫിനാണ് കേരളത്തില്‍ രോഗം പടരുന്നതിന്റെയും പാലം പൊളിയുന്നതിന്റെയുമെല്ലാം ഉത്തരവാദിത്തം എന്നതാണ് സ്ഥിതി. ആരോഗ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയുമെല്ലാം യു.ഡി.എഫ് ഭരണകാലത്തെ വീഴ്ചകളില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. 

സംസ്ഥാനത്ത് ആദ്യത്തെ അമീബിക് മസ്തിഷ്കജ്വരം റിപ്പോര്‍ട്ട് ചെയ്തത് 2016ലാണ്, ആലപ്പുഴയില്‍. 2023 വരെ ആകെ എട്ടു കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിനു ശേഷം ഈ രണ്ടു വര്‍ഷങ്ങളിലായി മാത്രം റിപ്പോര്‍ട്ട് ചെയ്തത് 84 കേസുകള്‍. രോഗികളുടെ എണ്ണവും മരണവും ഉയരുന്നത് കേരളത്തിന്റെയാകെ ആശങ്കയായി മാറിയിരിക്കുന്നു. ഈ വര്‍ഷം ഇതുവരെ 71 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും 20 പേര്‍ മരിച്ചുവെന്നും ആരോഗ്യവകുപ്പിനു തന്നെ സ്ഥിരീകരിക്കേണ്ടി വന്നു. എന്തുകൊണ്ടാണ് രോഗം ഇത്ര വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതിനെക്കുറിച്ച് വിശദപഠനം വേണമെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ ആവശ്യപ്പെടുന്നു. അമീബയ്ക്ക് ജനിതകവ്യതിയാനമുണ്ടായോ, ആഗോളതാപനം അനുകൂലസാഹചര്യമാകുന്നുണ്ടോ എന്നെല്ലാം ആഴത്തില്‍ വിലയിരുത്തേണ്ടതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ പഠനം എന്നോ , എപ്പോഴോ നടക്കേണ്ടതായിരുന്നു. ഇത്രയും പേര്‍ മരിച്ചു വീഴുന്നതിനു മുന്‍പു തന്നെ ആരോഗ്യവകുപ്പ് സ്വമേധയാ ഈ പഠനം അതിഗൗരവത്തോടെ നടത്തേണ്ടതായിരുന്നു. കെട്ടിക്കിടക്കുന്ന വെളളത്തില്‍ നിന്നാണ് അമീബ മനുഷ്യശരീരത്തില്‍ കയറുന്നതെന്നായിരുന്നു അടുത്തകാലം വരെ ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ കിണര്‍വെളളമോ പൈപ്പ ് വെളളമോ ഉപയോഗിക്കുന്നവര്‍ക്കും രോഗബാധ കണ്ടെത്തി. ഉറവിടം കണ്ടു പിടിക്കുന്നതില്‍ ആരോഗ്യവകുപ്പ് തികഞ്ഞ പരാജയമെന്ന വിമര്‍ശനം ഉയരുന്നതിനിടെ വിചിത്ര ന്യായീകരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. 2013ല്‍ UDF ഭരണകാലത്ത്തന്നെ അമീബ കിണര്‍ വെളളത്തില്‍ നിന്ന് പകരുമെന്ന് കണ്ടെത്തിയെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരുടെ പഠന റിപ്പോര്‍ട്ടും 2013 ലേതെന്ന് പറഞ്ഞ് മന്ത്രി പങ്കുവച്ചു. എന്നാൽ ഇന്ത്യൻ ജേണൽ ഓഫ് മൈക്രോബയോളജി റിസർച്ചിൽ പ്രസിദ്ധീകരിച്ച യഥാർഥ പഠന രേഖ പുറത്തു വന്നപ്പോൾ അതിലെ പ്രസിദ്ധീകരണ  തീയതി 2018 ആണെന്ന് വ്യക്തമായതോടെ  കാര്യങ്ങള്‍ കൈവിട്ടു പോയി. 

പ്രസിദ്ധീകരിക്കാത്ത പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വച്ച്  എങ്ങനെ യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന ചോദ്യവുമായി ആരോഗ്യവിദഗ്ധര്‍ തന്നെ രംഗത്തെത്തി. അതും കേരളത്തില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തതു പോലും 2016ലാണ് എന്നിരിക്കെ.   അപ്പോള്‍ പ്രസിദ്ധീകരിച്ചത് 2018ലാണെങ്കിലും പഠനം നടന്ന 2013ല്‍ തന്നെ അമീബയുടെ സാന്നിധ്യം വിനാശമാണെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന വാദവുമായി മന്ത്രി ഉരുണ്ടുകളിച്ചു. എന്നിട്ടും നടപടിയെടുക്കാത്ത യു.ഡി.എഫ് സര്‍ക്കാര്‍ തന്നെയാണ് ഇന്നത്തെ രോഗവ്യാപനത്തിന്റെ ഉത്തരവാദികള്‍ എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും ആരോഗ്യവകുപ്പ്. ശരി, എങ്കില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച 2018നുശേഷം രണ്ടു ടേമായി അധികാരത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മന്ത്രിക്കു മറുപടിയില്ല.  അമീബിക് മസ്തിഷ്ക ജ്വരത്തില്‍ ആളുകള്‍ മരിച്ചു വീഴുന്നു. കുളത്തില്‍ കുളിക്കാമോ കിണര്‍ വെള്ളം തലയിലൊഴിക്കാമോ?എവിടെ നിന്നു വരുന്നിത് എന്ന് മനുഷ്യര്‍ ആന്തലോടെ പാടുപെടുന്നു. മരിച്ചു പോയ 20  മനുഷ്യര്‍ക്കു മുന്നില്‍ നിന്ന് ആരോഗ്യകേരളം പറയുന്നു, നോക്കൂ ലോകശരാശരിയില്‍ ഈ രോഗത്തെ നേരിടുന്നതില്‍ നമ്മള്‍ വളരെ മുന്നിലാണ്.  ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഇതൊക്കെ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിലോ എന്ന് . മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് രോഗിയുടെ അമ്മ മരിച്ചപ്പോഴും ഉമ്മന്‍ചാണ്ടിക്കല്ലേ കുറ്റം എന്ന് ആരോഗ്യമന്ത്രി ചോദിച്ചിരുന്നു. 

68 വര്‍ഷം പഴക്കമുള്ള കെട്ടിടം അതീവ അപകടാവസ്ഥയിലെന്ന് 2013ല്‍ തന്നെ കണ്ടെത്തിയെന്നു പറഞ്ഞ് കുറ്റം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ തലയിലാക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ ശ്രമം. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ഭരിച്ചിട്ടും 12 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കെട്ടിടം രോഗികള്‍ ഉപയോഗിച്ചത് ആരുടെ പിടിപ്പുകേട് എന്ന ചോദ്യത്തിന് അന്നും മറുപടിയുമുണ്ടായിരുന്നില്ല.  അടുത്ത ഊഴം പൊതുമരാമത്തു വകുപ്പിന്റേതാണ്. നിർമ്മാണത്തിനിടയിൽ പാലം തകർന്നത് വസ്തുതയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ സമ്മതിക്കുന്നു. അത് സർക്കാരിനെതിരെ പ്രചരിപ്പിക്കാൻചിലർ  ശ്രമിക്കുന്നുവെന്നതാണ് മന്ത്രിയുടെ പ്രശ്നം. . ഇത്തരത്തിൽ തകരാർ ഉണ്ടാകുന്നത് ആദ്യമായിട്ടല്ലെന്നും 2011 മുതൽ 16 വരെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി. 

അതായത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍മിക്കുന്ന പാലങ്ങള്‍ തകര്‍ന്നു വീണാല്‍ അതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തരുത്. പക്ഷേ തകര്‍ന്നുവീണത് LDF–ന്റെ കാലത്താണെങ്കിലും പഴയ യു.ഡി.എഫ് സര്‍ക്കാരുകളാണ് മറുപടി പറയേണ്ടത്. ഇതങ്ങനെ യാദൃശ്ചികമായി സംഭവിക്കുന്നതാണോ? ഭരണത്തില്‍ പത്തു വര്‍ഷം തികയ്ക്കാന്‍ മാസങ്ങള്‍ മാത്രമുള്ള ഒരു സര്‍ക്കാര്‍ പരാജയങ്ങളില്‍ മുന്‍ സര്‍ക്കാരുകളെ പഴി ചാരാന്‍ ശ്രമിക്കുന്നത് ഒരു പാറ്റേണായി വരുന്നത് യാദൃശ്ചികമല്ല  എന്നു നമുക്കറിയാം. കാരണം ഈ നമ്പര്‍ നമുക്കു പരിചയമുണ്ട്. ഇന്ത്യയില്‍ ഇന്നും എന്തു ദുരന്തമുണ്ടായാലും   നെഹ്റുവാണല്ലോ ഉത്തരവാദി? നെഹ്റുവിനെ മാത്രം പഴിച്ച് മോദി സര്‍ക്കാരിന് പതിനൊന്നര വര്‍ഷം പിടിച്ചു നില്‍ക്കാമെങ്കില്‍ ഉമ്മന്‍ചാണ്ടിയെയും ആന്റണിയെയുമൊക്കെ പഴി ചാരി രക്ഷപ്പെടാന്‍ പിണറായി സര്‍ക്കാരിനും അവകാശമില്ലേ? 

2014 മുതല്‍ കഴിഞ്ഞ പതിനൊന്നേ മുക്കാല്‍ വര്‍ഷമായി രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദിയാണെങ്കിലും ഇന്നും ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പ്രധാനമന്ത്രി മോദി കാണുന്ന ഉത്തരവാദി മുക്കാല്‍ നൂറ്റാണ്ടു മുന്‍പ് രാജ്യം ഭരിച്ച ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ നരേന്ദ്രമോദി ഏറ്റവും കൂടുതല്‍ ഉച്ചരിച്ച നാമം പോലും നെഹ്റുവിന്റേതായിരിക്കും. 

ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നെഹ്റുവിനെ പഴിച്ചത് ഇക്കഴിഞ്ഞ ആഗസ്റ്റ് 19ന്.  സിന്ധു നദീജലകരാര്‍ പാക്കിസ്ഥാനുമായി ഒപ്പു വച്ച് രാജ്യത്തിന് നാശം വരുത്തിയെന്നായിരുന്നു ആരോപണം  മോദിയുടെ നെഹ്റുവിനെ പഴിക്കല്‍ എല്ലാ പരിധികളും വിട്ടപ്പോള്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒരു തവണ ഓര്‍മിപ്പിച്ച ഒരു കാര്യമുണ്ട്. ഇരിക്കുന്ന കസേരയ്ക്ക് ഒരു അന്തസും വിലയുമുണ്ട്. ഏതു വീഴ്ചയ്ക്കും മുന്‍ഗാമികളെ പഴിക്കുമ്പോള്‍ അതൊന്ന് ഓര്‍ക്കുന്നത് നല്ലതാണ്.  മന്‍മോഹന്‍സിങിന്റെ  ആ ഡയലോഗ് നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നോര്‍മിക്കുന്നത് നന്നായിരിക്കും. ഇരിക്കുന്ന കസേരയുടെ വിലയെങ്കിലും കാണിക്കു ബഹു മന്ത്രിമാരേ എന്ന് ജനം പറയേണ്ടി വരുന്ന അവസ്ഥ. പക്ഷേ മുന്‍ഗാമികളെ പഴിക്കുന്നതില്‍ മാത്രമല്ല, മോദി സര്‍ക്കാര്‍ കൊണ്ടു വന്ന പല ട്രെന്‍‍ഡുകളും പിണറായി സര്‍ക്കാര്‍ ഫോളോ ചെയ്യുക തന്നെയാണ്. ശബരിമലയിലെ അയ്യപ്പസംഗമം ഏറ്റവും പുതിയ ഉദാഹരണം. വിശ്വാസത്തെ രാഷ്ട്രീയത്തിനു പുറത്തു നിര്‍ത്തണമെന്നു പറഞ്ഞിരുന്ന കമ്യൂണിസ്റ്റ് മഹാചാര്യന്‍മാരുണ്ടായിരുന്ന നാട്ടില്‍ ഭക്തിമാര്‍ഗത്തില്‍ കൈകൂപ്പി നില്‍ക്കുന്നു പിണറായി സര്‍ക്കാര്‍. സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് ഇടതുസര്‍ക്കാര്‍ ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പരിപാടി സംഘടിപ്പിക്കുന്നത് . ആഗോള അയ്യപ്പന്‍മാരെ കാത്തിരുത്തി അയ്യപ്പസംഗമത്തിനെതിരായ എല്ലാ വിമര്‍ശനങ്ങള്‍ക്കും  മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ മറുപടി പറഞ്ഞു. പക്ഷേ യുവതീപ്രവേശം എന്നൊരു വാക്ക് പോലും ഉച്ചരിച്ചില്ല. ശബരിമലയിലെ  യുവതീപ്രവേശത്തില്‍ പിണറായി സര്‍ക്കാരിന്റെ നിലപാടിന് എന്തു സംഭവിച്ചു എന്നതിന്റെ ഉത്തരം ആ മൗനത്തിലുണ്ട്. വനിതാമതിലുയര്‍ത്തി  പിണറായിയെ  നവോത്ഥാനനായകനായി  വാഴ്ത്തിയ ഇടതുപക്ഷരാഷ്ട്രീയത്തിനും ഒരു ചോദ്യമുന്നയിക്കാന്‍ ശബ്ദമില്ല.

ENGLISH SUMMARY:

Kerala government failures are being addressed by examining past administrations. The current government is increasingly resorting to blaming previous administrations, drawing parallels to national politics and raising questions about accountability and governance.