പൊലീസ് ഭരണകൂടത്തിന്‍റെ മര്‍ദന ഉപകരണമാകുന്നതിനെക്കുറിച്ച് എന്നും വേവലാതിപ്പെട്ടിരുന്ന മഹാനായ ഒരു നേതാവ് നമുക്കുണ്ടായിരുന്നു. ഇതാണോ പൊലീസ് എന്നു നാഴികയ്ക്കു നാല്‍പതുവട്ടം മുന്നറിയിപ്പു നല്‍കിയിരുന്ന ഒരു നേതാവ്. അടിയന്തരാവസ്ഥാക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലോക്കപ്പ് മര്‍ദനത്തെക്കുറിച്ച് വികാരവായ്പോടെ വാചാലനായിരുന്ന ആ നേതാവ് എന്നും പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി ചൂണ്ടുവിരലുയര്‍ത്തി. ഇങ്ങനെയൊരു കാവ്യം രചിക്കണമെന്നാഗ്രഹമുണ്ട്. പക്ഷേ കഥയില്‍ വന്‍ ട്വിസ്റ്റുണ്ടായി. ആ നേതാവ് പിന്നീട് പൊലീസ് മന്ത്രിയായി. കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഒന്നല്ല, തുടര്‍ച്ചയായി രണ്ടുവട്ടം. എന്നിട്ട് പൊലീസ് മാറിയോ, ഇല്ല, ബഹുമാനപ്പെട്ട പിണറായി വിജയന്‍ മാറി. പൊലീസിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ എന്നും ആഞ്ഞടിച്ചിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ പൊലീസിന്റെ മനോവീര്യത്തിന്റെ കാവല്‍ക്കാരനായി. ഇന്ന് കേരളത്തിലെ ജനങ്ങള്‍ നിരന്നു നിന്ന് പൊലീസ് അതിക്രമത്തിന് സാക്ഷ്യം പറയുമ്പോള്‍ അവരെ ഒന്നാശ്വസിപ്പിക്കാന്‍ പോലും പിണറായി വിജയന് സൗകര്യമില്ല. സത്യത്തില്‍ അധികാരത്തിലെത്തുമ്പോഴാണ് മനുഷ്യരുടെ യഥാര്‍ഥ രാഷ്ട്രീയം നമ്മള്‍ തിരിച്ചറിയുന്നത്.
മാധ്യമങ്ങള്‍ക്കു മുന്നില്‍ പെട്ടുപോകുന്ന നേതാക്കള്‍ പൊലീസ് മര്‍ദനം ഇടതുനയമല്ല എന്ന് ഉരുവിട്ട് ഓടി മറയുമ്പോഴും കേരളത്തിലെ പൊലീസ് എന്താണു ചെയ്തുകൊണ്ടിരിക്കുന്നതെന്നു കാണേണ്ട കാഴ്ചയാണ്. വിദ്യാര്‍ഥിസംഘര്‍ഷങ്ങളില്‍ അറസ്റ്റു ചെയ്യുന്ന വിദ്യാര്‍ഥിനേതാക്കളെ മുഖംമൂടി ഭീകരന്‍മാരെപ്പോലെ കോടതിയില്‍ ഹാജരാക്കുക. അവരെ കസ്റ്റഡിയില്‍ മര്‍ദിക്കാതിരിക്കാന്‍ നേതാക്കള്‍ക്ക് സ്റ്റേഷനു മുന്നില്‍ കാവല്‍ നില്‍ക്കേണ്ടി വരികയാണ്. എന്നുവച്ചാല്‍ ചുറ്റിനുമുയരുന്ന പ്രതിഷേധങ്ങളൊന്നും ഇടിയന്‍ പൊലീസിനെ തൊടുന്നില്ല. എന്തും ചെയ്താലും സംരക്ഷിക്കാന്‍ ഭരണകൂടം കൂടെയുണ്ടെന്ന് അവര്‍ക്ക് അത്രയും ഉറപ്പാണ്. ഒന്നോര്‍ത്തു നോക്കൂ. ജനാധിപത്യകേരളത്തില്‍ നമ്മള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ നമ്മളെ തല്ലിച്ചതയ്ക്കാന്‍ പൊലീസിനെ അഴിച്ചുവിടുകയാണ്.
പൊലീസ് തന്നെ പുറത്തു വിട്ട പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളില്‍ സ്വന്തം വകുപ്പില്‍ നടക്കുന്ന ക്രൂരകൃത്യങ്ങള്‍ വ്യക്തമായിട്ടും മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. അനങ്ങിയിട്ടില്ല. ഇനിയെങ്കിലും ഇതാവര്‍ത്തിക്കില്ലെന്ന് ജനങ്ങളെ ആശ്വസിപ്പിക്കുന്നില്ല. കാരണം അങ്ങനെ ജനങ്ങള്‍ ആശ്വസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതുന്നില്ല. ജനങ്ങള്‍ ആശ്വസിക്കരുതെന്ന് പിണറായി വിജയന് നിര്‍ബന്ധവുമുണ്ട്. പേടിപ്പിച്ചു ഭരിക്കുക എന്നത് പിണറായി വിജയന്റെ പ്രിയപ്പെട്ട ശൈലിയാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ അച്ചടക്കത്തിന്റെ പേടിയില്‍ പാര്‍ട്ടിയെ പിടിച്ചുകെട്ടിയതുപോലെ ഭരണത്തിലും പിണറായി വിജയന്‍ ആഗ്രഹിക്കുന്നത് കരുത്തനായ ഭരണാധികാരിയുടെ ഇമേജാണ്. പാര്‍ട്ടി അദ്ദേഹത്തിന്റെ ചൊല്‍പ്പടിയില്‍ നിന്നു. ഇന്നും നില്‍ക്കുന്നു. മുന്നണിയുടെ കെട്ടുറപ്പിലും കരുത്തനായ പിണറായിയുടെ സ്വാധീനം പ്രകടമാണ്. പൊലീസും പിണറായി വിജയന്‍ ഇച്ഛിക്കുന്നതിനപ്പുറം പോകില്ലെന്ന് ഏതാഹാരം കഴിക്കുന്ന മലയാളിക്കുമറിയാം. അപ്പോള്‍ പിണറായി വിജയന്‍ ആഗ്രഹിക്കുന്ന ഇമേജാണ് ഇപ്പോള്‍ കേരളത്തിലെ പൊലീസിന്. പിണറായി വിജയന്‍ ആഗ്രഹിക്കുന്നതേ കേരളത്തിലെ പൊലീസ് ചെയ്യൂ. പിണറായി വിജയന്‍ ആഗ്രഹിക്കുന്ന പൊലീസാണ് ഇപ്പോള്‍ കേരളത്തിലെ പൊലീസ്. അല്ലെന്ന തോന്നലെല്ലാം തെറ്റിദ്ധാരണയാണ്.
കേരളത്തിലെ മനുഷ്യര്‍ക്ക് അന്തസായി ആത്മാഭിമാനത്തോടെ മനുഷ്യാവകാശങ്ങളോടെ ജീവിക്കാനുള്ള അവകാശമുണ്ട്. അത് ബഹുമാനപ്പെട്ട പിണറായി വിജയന്റെ ഔദാര്യമൊന്നുമല്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പൊലീസ് തരുന്ന ഔദാര്യവുമല്ല. ഈ നാട്ടിലെ ജനങ്ങള്‍ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുത്ത് ഭരിക്കാന്‍ ഏല്‍പിച്ച അവകാശമേ പൊലീസ് മന്ത്രിക്കും മുഖ്യമന്ത്രിക്കുമുള്ളൂ. ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കി, കേരളത്തില്‍ ക്രമസമാധാന പാലനം കൃത്യമായി നടപ്പാക്കുകയാണ് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ ജോലി. ആ ജോലി ചെയ്യാനറിയില്ലെങ്കില്‍ അഥവാ ആ ജോലി ആഭ്യന്തരമന്ത്രി ചെയ്യില്ലെങ്കില്‍ ജനാധിപത്യകേരളം ചെയ്യേണ്ടി വരും. ബഹുമാനപ്പെട്ട പിണറായി വിജയന് അടിച്ചൊതുക്കിയും അടിച്ചമര്‍ത്തിയും ഭരിക്കാന്‍ ആഗ്രഹമുണ്ടാകും. അത് ബഹുമാനപ്പെട്ട പിണറായി വിജയന്‍ തിരുത്തേണ്ട ശൈലിയാണ്. ജനങ്ങളെ പിണറായി വിജയനാണ് ബഹുമാനിക്കേണ്ടത്. ജനാധിപത്യത്തെ പിണറായി വിജയന്‍ ബഹുമാനിച്ചേ പറ്റൂ.