ഈ രാജ്യത്തിന് മറുപടി വേണം. ജനാധിപത്യ ഇന്ത്യയ്ക്ക് മറുപടി വേണം. ഇക്കാലമത്രയും ജീവവായു പോലെ ജനത കാത്തുസൂക്ഷിച്ച ജനാധിപത്യത്തിന് മറുപടി വേണം. പക്ഷേ ആരു മറുപടി തരും?
ഏതു ഗുരുതരമായ ചോദ്യവും അവഗണിച്ചില്ലാതാക്കുന്ന ഭരണകൂട രാഷ്ട്രീയത്തിനു മുന്നില്‍ നമ്മളെന്തു ചെയ്യും? എന്താണ് ജനാധിപത്യത്തെ രക്ഷിക്കാനുള്ള വഴി? എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നിശബ്ദവും നിർവീര്യവും വിധേയവുമാക്കുമ്പോൾ എന്താണ് പ്രത്യാശ? രാഹുൽ ഗാന്ധി.
പ്രതിപക്ഷനേതാവെന്ന നിലയില്‍ ആ മനുഷ്യൻ കാണിച്ച ക്ഷമ, പ്രത്യാശ, പോരാട്ടവീര്യം. ജനാധിപത്യമാണ് പരമപ്രധാനമെന്ന ബോധ്യം. ഇപ്പോള്‍ നമ്മള് അയാള്‍ക്കൊപ്പം നില്‍ക്കേണ്ടി വരും. ആ നില്പ് സത്യത്തില്‍ രാഹുല്ഗാന്ധിക്കൊപ്പമല്ല, അയാളുടെ ചോദ്യങ്ങൾക്കൊപ്പമാണ്. ഇത് നമ്മുടെ രാജ്യത്തിനൊപ്പം നിൽക്കാനുള്ള അവസാനത്തെ അവസരമായേക്കാം. ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനിയൊരിക്കൽ കൂടി അവസരം കിട്ടിയെന്നു വരില്ല. നിങ്ങൾക്ക് ഇനിയും അയാളെ അപഹസിക്കാം.
ആക്ഷേപിക്കാം. പക്ഷേ ആക്ഷേപിച്ചവർക്കു മുന്നിലൂടെയാണ് ജനാധിപത്യത്തിന്റെ എല്ലാ ചോദ്യങ്ങളുടെയും ഭാരം വഹിച്ചുകൊണ്ട് പ്രതിപക്ഷനേതാവിൻ്റെ തീർച്ചയിലേക്ക് അയാൾ നടന്നു കയറിയത്. സാവധാനം. ഈ രാജ്യത്തിൻ്റെ വൈവിധ്യങ്ങൾ ആവശ്യപ്പെടുന്നത്രയും ക്ഷമയോടെ. എന്തെല്ലാം കുറവുകൾ കണ്ടെത്താനായാലും ആ യാത്രയിൽ എവിടെയും വെറുപ്പിന്റെ രാഷ്ട്രീയം നിങ്ങൾക്കു ചൂണിക്കാണിക്കാനാവില്ല.
അയാൾ എവിടെയും മനുഷ്യരെ വെറുപ്പ് പടർത്തി ഭിന്നിപ്പിച്ചിട്ടില്ല. അയാൾ ആരെയും ഭയപ്പെടുത്തി നിശബ്ദരാക്കിയിട്ടില്ല.ശബ്ദമില്ലാതായിപ്പോയ ജനാധിപത്യത്തിന്റെ ചോദ്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയുന്ന ധൈര്യമായി അയാൾ സ്വയം പരിവർത്തനപ്പെട്ടിരിക്കുന്നു. ഒരാള്‍ ജനാധിപത്യത്തിന്റെ ധൈര്യമായി മാറുന്നു.