TOPICS COVERED

കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്ന് വെറുതേ പറയുന്നതല്ല. പക്ഷേ ഇതങ്ങനെ കണ്ടറിയാത്തവരും കൊണ്ടറിഞ്ഞവരും അറിയിച്ചവരും തമ്മില്‍ തീരുന്ന പ്രശ്നവുമല്ല. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയപദ്ധതികള്‍ തിരിച്ചറിയാനാവാത്ത നിഷ്കളങ്കതയുമായി ഇനിയും നമ്മുടെ രാജ്യത്ത് ഒരു സമൂഹത്തിനും സമാധാനമായി ജീവിക്കാനാകില്ല എന്ന തിരിച്ചറിവാണ്  മലയാളികന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന പീഡാനുഭവം ഓര്‍മിപ്പിക്കുന്നത്. കേരളം തലയുര്‍ത്തി ചെറുക്കുന്നത് ആ രാഷ്ട്രീയപദ്ധതി തിരിച്ചറിഞ്ഞുകൊണ്ടാണ്. ബി.ജെ.പിയുടെ രാഷ്ട്രീയചൂണ്ടയില്‍  വീഴാന്‍ വെമ്പിനിന്ന ക്രൈസ്തവസഭാനേതൃത്വങ്ങളും അത് തിരിച്ചറിഞ്ഞേ പറ്റൂ.  തല്‍ക്കാലം ഞങ്ങള്‍ സുരക്ഷിതരാണല്ലോ, ഇപ്പോള്‍ ഞങ്ങളെ അവര്‍ക്കു വേണമല്ലോ, അവര്‍ക്ക് നമ്മളെ ആവശ്യമുള്ളിടത്തോളം നമ്മള്‍ പേടിക്കേണ്ട എന്നു സ്വാര്‍ഥത കാണിച്ച എല്ലാവര്‍ക്കും ഇപ്പോള്‍ കിട്ടേണ്ടതു കിട്ടിയിട്ടുണ്ട്. ഇനിയെങ്കിലും കണ്ണു തുറന്നാല്‍ കൊള്ളാം. അതല്ല, കടിച്ച പാമ്പു തന്നെ വിഷമിറക്കിയല്ലോ എന്നാണ് നിലപാടെങ്കില്‍ ഇനിയും ഉറക്കം നടിക്കാം. മതേതരത്വത്തോട് കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയില്‍ വിശ്വസിച്ച് ഇനിയും സമാധാനമായി ഉറങ്ങാം. പക്ഷേ ഒന്നു മാത്രം മറക്കരുത്, കേരളത്തിന്റ ആ കെട്ടുറപ്പിനോട് എന്താണു ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സ്വയം ഒന്നു വിലയിരുത്തി നോക്കണം. 

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും കുറ്റം ചുമത്തപ്പെട്ട്   ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകള്‍ ഒന്‍പതു ദിവസം ജയിലില്‍ കിടന്നു. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും തന്നെയാണ് കേസെന്ന് ബി.ജെ.പി. മുഖ്യമന്ത്രി ബിഷ്ണു ദേവ് സായി പരസ്യമായി പലവട്ടം പ്രഖ്യാപിച്ചു.  കേരളം ഒന്നടങ്കം പ്രതിഷേധിക്കുകയും ക്രൈസ്തവസഭകള്‍  ശക്തമായി ചോദ്യം ചെയ്യുകയും ചെയ്തു. 

കുരുക്കിലായ കേരളത്തിലെ ബി.ജെ.പി. ഗത്യന്തരമില്ലാതെ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തിറങ്ങി. മനുഷ്യക്കടത്തല്ലെന്ന് തനിക്കു ബോധ്യമുണ്ടെന്നും നടന്നതെല്ലാം തെറ്റിദ്ധാരണയുടെ പുറത്താണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ഒടുവില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറയുന്നതു കേള്‍ക്കാം.  ഒന്‍പതു ദിവസത്തെ കഠിനമായ യാതനകള്‍ക്കു ശേഷം കന്യാസ്ത്രീകള്‍ പുറത്തിറങ്ങിയപ്പോള്‍ ബി.ജെ.പി നേതാക്കള്‍ വന്നു കേരളത്തോടു പറയുകയാണ്. ഈ ജാമ്യം കിട്ടാന്‍ വേണ്ടി ഞങ്ങള്‍ ഒരു പാടു കഷ്ടപ്പെട്ടുവെന്ന്? ആരാണീ ഞങ്ങള്‍, ബി.ജെ.പി. ആരാണീ കന്യാസ്ത്രീകള്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലിട്ടത്? അത് ഞങ്ങളുടെ  ബി.ജെ.പി. സര്‍ക്കാര്‍. പൊലീസിന്റെ മുന്നില്‍ വച്ച് ആരാണീ കന്യാസ്ത്രീകളെ അസഭ്യം പറയുകയും പരസ്യവിചാരണ ചെയ്യുകയും ചെയ്തത്. . അത് ഞങ്ങളുടെ ബജ്റങ് ദള്‍? ആരാണീ ബജ്റങ് ദള്‍ , അത് ഞങ്ങളുടെ പരിവാര്‍ സംഘടന, ഒടുവില്‍ പത്ത് ദിവസം ജയിലില്‍ പീഡിപ്പിച്ച് മോചിപ്പിച്ചതാരാണ് അതും ‍ഞങ്ങള്‍ തന്നെ എന്നാണ് ബി.ജെ. പി പറയുന്നത്.? കടിച്ച പാമ്പ് തന്നെ വിഷമിറക്കിയാല്‍ പാമ്പിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കണോ?  കടിയേറ്റവരും വിഷം സഹിച്ചവരും എല്ലാം മറന്നു പാമ്പിന് നന്ദിപ്രമേയം പാസാക്കണോ? അതോ വിഷം ഈ രാജ്യത്തെ, ഈ രാജ്യത്തെ പൗരന്‍മാരെ എത്രത്തോളം ആഴത്തില്‍ ബാധിച്ചിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ് വിവേകപൂര്‍ണമായ നിലപാട് സ്വീകരിക്കണോ? ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ നന്നായി ആലോചിച്ച് തീരുമാനിക്കട്ടെ. 

ENGLISH SUMMARY:

The ordeal faced by Malayali nuns in Chhattisgarh is a stark reminder of the larger political agenda of the Sangh Parivar. The incident emphasizes that no community can live peacefully in India without recognizing and resisting these ideological frameworks. Kerala’s resistance is rooted in a deep commitment to secularism, which is now being tested. The silence or opportunism of some Church leaders only highlights the need for introspection. It's a call to awaken, not just for safety today, but for the future of democratic coexistence.