TOPICS COVERED

വരൂ ഈയാഴ്ച നമുക്കെല്ലാവര്‍ക്കും കൂടി  കേരളത്തിലെ ആഭ്യന്തരവകുപ്പിനെ അഭിനന്ദിക്കാം. മനുഷ്യമനഃസാക്ഷിയെ നടുക്കിയ അതിക്രൂര കൊലപാതകം നടത്തിയ കുറ്റവാളി പുഷ്പം പോലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടി. ജയില്‍സുരക്ഷയൊക്കെ വെറും മിത്താണെന്ന് തിരിച്ചറിഞ്ഞ കേരളം ഒരിക്കല്‍ കൂടി നടുങ്ങി. നാട്ടുകാരുടെ ജാഗ്രത കൊണ്ട് ഗോവിന്ദച്ചാമി വീണ്ടും ജയിലിനകത്തായെങ്കിലും ആഭ്യന്തരഭരണത്തിലെ വീഴ്ചകള്‍ പുറത്തായി. കേരളത്തിലെ ഭരണം ഗംഭീരമാണെന്ന് ഒരിക്കല്‍ കൂടി പറയാനുള്ള അവസരമൊരുക്കിയ ജയില്‍ വകുപ്പിനും ആഭ്യന്തരവകുപ്പിനും അഭിനന്ദനങ്ങള്‍ അറിയിക്കാതെ എങ്ങനെ ഈയാഴ്ച കടന്നു പോകും? ഭരണാധികാരിക്ക് ഉത്തരവാദിത്തമില്ലേയെന്നോ? അതൊക്കെ പഴയ കേരളത്തിലല്ലേ? നവകേരളത്തില്‍ ഗോവിന്ദച്ചാമിയെ പിടികൂടി വീണ്ടും ജയിലിലാക്കിയ പിണറായി വിജയനെ വാഴ്ത്തുകയല്ലേ വേണ്ടത്? നാണമില്ലേ എന്നു ചോദിക്കാന്‍ തോന്നുണ്ടോ? ഇല്ല,നമ്മുടെ മുഖ്യമന്ത്രിക്കും  ആരാധകര്‍ക്കും അങ്ങനെയൊന്നില്ല. ഇനിയുണ്ടാവുമെന്നും ആരും വിചാരിക്കണ്ട.

ഗോവിന്ദച്ചാമി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ കേരളത്തിലെ മനുഷ്യരുടെ ഉള്ളിലൂടെ ഒരു നടുക്കം പാഞ്ഞു പോകും. ഒന്നര പതിറ്റാണ്ടു മുന്‍പ് നടന്ന ക്രൂരകൃത്യമാണെങ്കിലും ഇന്നും ആ പേര് മനഃസാക്ഷിയില്‍ ഒരു കൊളളിയാനാണ്. 2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു അതിക്രൂരമായി പരുക്കേല്‍പിച്ച ശേഷം ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത്.  രാവിലെ ഏഴുമണിക്കു ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയ വാര്‍ത്ത പുറംലോകമറിയുന്നത്. കേരളത്തിലെ മനുഷ്യര്‍ എത്ര നേരമാണ് തീ തിന്നത്? മനുഷ്യത്വം എന്താണെന്നറിയാത്ത നരാധമനായ ഒരു കുറ്റവാളിയെ സുരക്ഷിതമായി തടവില്‍ വയ്ക്കാനറിയാത്ത ഒരു ഭരണമാണോ നമ്പര്‍ വണ്‍ മേനി നടിക്കുന്നത്? ഒരു കൊടുംകുറ്റവാളിയില്‍ നിന്ന് കേരളത്തിന് സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രിയെയാണോ ആരാധകര്‍ ഇരട്ടച്ചങ്കന്‍ എന്നു വിളിക്കുന്നത്? ഒരൊറ്റ ജയില്‍ചാട്ടം മാത്രമല്ല പുറത്തു വന്നത്. ജയില്‍ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന അവസ്ഥയാണ് കണ്ണൂര്‍ ജയിലില്‍ എന്നു പകല്‍ പോലെ വ്യക്തമായിട്ടും കേരളത്തിന്റെ ആഭ്യന്തരമന്ത്രിക്ക് ഒരു വാക്കു പറയാനുണ്ടോ? എവിടെയാണ് സര്‍, ഈ കപ്പലിന്റെ കപ്പിത്താന്‍? 

ENGLISH SUMMARY:

A satirical take on the shocking jailbreak of Govindachami, a convicted brutal murderer, from Kerala's Kannur Central Jail. Though public vigilance helped recapture him, the incident exposes major lapses in prison security and the state’s internal governance. The piece questions the accountability of those in power and mocks the political narrative that celebrates damage control as achievement.