ഉത്തരവാദിത്തം എന്നത് വലിയൊരു വാക്കാണ്. ഭാഷയില്‍ മാത്രമല്ല, പ്രയോഗത്തിലും അനുഭവത്തിലും ഉത്തരവാദിത്തത്തിന്റെ ഉത്തരവാദിത്തം വലുതാണ്. കേരളം ഇപ്പോള്‍ തേടുന്നത് ഈ വാക്കിനൊരു അര്‍ഥമാണ്. കാരണം ഒന്നിനു പുറകെ ഒന്നായി നമ്പര്‍ വണ്‍ മേനി നടിക്കല്‍ തകര്‍ന്നു വീഴുമ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ല.

ഇതിഹാസമെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് കേരളം ചോദിക്കണം. ഉത്തരവാദിത്തം എന്താണെന്നറിയാമോ?  പതിമൂന്നുകാരന്റെ ജീവനെടുത്ത അനാസ്ഥയ്ക്ക് മറുപടി പറയേണ്ട മന്ത്രി  ചോദിക്കുന്നു  പോക്കറ്റ്മണി പ്രഖ്യാപിച്ചതിന് അഭിനന്ദിക്കാത്തതെന്താണെന്ന്. ഈ സര്‍ക്കാരിനെ , സര്‍ക്കാര്‍ പഴി ചാരുന്ന സിസ്റ്റത്തെ ഉത്തരവാദിത്തം എന്ന വാക്കിന്റെ അര്‍ഥം  പഠിപ്പിക്കാന്‍ കേരളം തയാറാകണം

മിഥുന്റെ മരണത്തിനു ശേഷം സ്ഥലത്തെത്തിയ മനുഷ്യരെല്ലാം നടുങ്ങിയത് അപായം പേറി നില്‍ക്കുന്ന വൈദ്യുതിലൈന്‍ കണ്ടാണ്. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ്. അവിടെ എല്ലാവരും ഉപയോഗിക്കുന്ന സൈക്കിള്‍ ഷെഡാണ്.  ആ ഷെഡിനു മുകളിലൂടെ ഒരു മീറ്റര്‍ പോലും അകലമില്ലാതെയാണ് ഒരു വൈദ്യുതി ലൈന്‍ ചാഞ്ഞു കിടക്കുന്നത്. അത്രയും കുട്ടികള്‍ കളിക്കുന്ന ഒരു ഗ്രൗണ്ടിനു കുറുകെയാണ് ആ വൈദ്യുതി ലൈന്‍ കടന്നു പോകുന്നത്.

അപായം ചാഞ്ഞു കിടക്കുന്നത് ആ സ്കൂള്‍ മാനേജ്മെന്റിന് പ്രശ്നമായി തോന്നിയില്ല. വൈദ്യുതി ബോര്‍ഡിന് അപായം തോന്നിയില്ല, ആ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തവര്‍ക്ക് പ്രശ്നമായില്ല. എല്ലാ വകുപ്പുകളും എല്ലാ ഉദ്യോഗസ്ഥരും അവഗണിച്ച അപായം ഒരു കുഞ്ഞിന്റെ ജീവനെടുത്തപ്പോള്‍ പതിവുപോലെ പ്രതിക്കൂട്ടിലേക്ക് ആളുകളെ തിരഞ്ഞു നടക്കുന്നു സര്‍ക്കാര്‍. എന്തൊരു അവസ്ഥയാണിത്. 

ENGLISH SUMMARY:

"Responsibility" is a big word — not just in language, but in action and experience as well. What Kerala is searching for today is the true meaning of this word. Because, even as one ‘Number One’ after another stumbles and falls, there’s no one willing to take responsibility.