സ്വപ്നയോടുള്ള സിപിഎം മൗനവും എൽദോസിലെ കോൺഗ്രസ് ഒളിച്ചുകളിയും: ഇരട്ടത്താപ്പ്

PARAYATHE-VAYYA-Swapna
SHARE

സ്വപ്നസുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നു. തെളിവുകള്‍ പുറത്തുവിടുമെന്ന് ആവര്‍ത്തിച്ചു വെല്ലുവിളിക്കുന്നു. പക്ഷേ പ്രതികരണങ്ങളുമില്ല, ആരോപണം അവാസ്തവമാണെങ്കില്‍ ഉണ്ടാകേണ്ട നിയമനടപടികളുമില്ല.  സി.പി.എമ്മിലെ ഉന്നതനേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമം ഉന്നയിക്കുമ്പോള്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും പ്രതികരണമില്ല. മാനനഷ്ടക്കേസു കൊടുക്കുമെന്നു പോലും ഒരു മറുപടിയില്ല. എന്താണ് കേരളം മനസിലാക്കേണ്ടത്? മുഖ്യമന്ത്രിയും നേതാക്കളും സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടി വരുന്നത് സമൂഹവും അവഗണിക്കണമെന്നാണോ? 

സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ ആരോപണങ്ങള്‍ക്ക് അതിന്റേതായ വിശ്വാസ്യതയേയുള്ളൂ. പക്ഷേ ആ ആരോപണങ്ങള്‍ നിഷേധിക്കുന്നതുപോകട്ടെ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ പോലും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുമ്പോഴും മാനനഷ്ടക്കേസു പോലും ഇതുവരെ ഒരു കോടതിയിലുമെത്തിയിട്ടില്ല. സ്വപ്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കുക തന്നെയാണ്. തെളിവുകള്‍ പുറത്തു വിടാന്‍ സമയമാകുന്നതുവരെ സ്വപ്ന പറയുന്നതു വിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ  ആരോപണം നേരിടുന്നവരുടെ നിശബ്ദത അത്ര നിഷ്കളങ്കമാണെന്നും വിശ്വസിക്കാനാകില്ല. കാരണം സ്പ്രിങ്ക്ളര്‍ കരാര്‍ എവിടെ നിന്നു വന്നു, ആരുടെ താല്‍പര്യത്തില്‍ വന്നു എന്നു കേരളത്തിനിപ്പോഴും അറിയില്ല. അന്വേഷിച്ച ആദ്യസമിതിയുടെ റിപ്പോര്‍ട്ട് അട്ടിമറിച്ച് രണ്ടാം അന്വേഷണം വന്നത് ആരുടെ താല്‍പര്യത്തിനാണെന്നും കേരളം അറിഞ്ഞിട്ടില്ല. പാതി മാത്രമറിയുന്ന വസ്തുതകള്‍ പൂര്‍ത്തിയാക്കി ഈ പുകമറ മാറ്റാന്‍ സര്‍ക്കാരിനോ സി.പി.എമ്മിനോ താല്‍പര്യമില്ല. അഥവാ കഴിയുന്നുമില്ല. കോടതിയുെട മുന്നിലിരിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാകില്ലെന്ന്  സ്വപ്ന പറയുന്നതൊന്നും വിശ്വസനീയമല്ല. കാരണം പറയണമെന്ന് തീരുമാനിച്ചതൊക്കെ പറയാന്‍ സ്വപ്നയ്ക്ക് കോടതിയോ കേസോ ഒന്നും പ്രശ്നമാകുന്നില്ല. മുഖ്യമന്ത്രിക്കോ കുടുംബത്തിനോ എതിരെയോ ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ടോ ഏതെങ്കിലും ഒരു കോടതിയില്‍ കേസ് നിലനില്‍ക്കുന്നതായി നമുക്കും അറിയില്ല. 

അതുകൊണ്ട് സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കേണ്ടത് സ്വപ്ന മാത്രമാണ്. പക്ഷേ സി.പി.എമ്മിലെ നേതാക്കള്‍ക്കെതിരെ അവരുന്നയിച്ച ആരോപണങ്ങള്‍ അങ്ങനെ തള്ളിക്കളയാവുന്നതല്ല. ഒരു ജനപ്രതിനിധിയും നേതാവും  ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പ്രധാന സി.പി.എം നേതാക്കളില്‍ നിന്നുണ്ടായതെന്നും സ്വപ്ന സുരേഷ് ഉന്നയിക്കുന്നു.  കടകംപള്ളി സുരേന്ദ്രനും പി.ശ്രീരാമകൃഷ്ണനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നസുരേഷ് ഉന്നയിച്ചത്. പ്രതികരിക്കേണ്ടെന്നാണ് സി.പി.എമ്മിന്റെ തീരുമാനമെന്നാണ് വിശദീകരണം. 

തെളിവുകളില്ലാത്തതുകൊണ്ട് പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് സി.പി.എമ്മിന്റെ അനൗദ്യോഗിക വിശദീകരണം. തെളിവുകളില്ലാതെ പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന സ്വപ്നസുരേഷിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സി.പി.എം തയാറാണോ? സമാന്തരമായി   ഉത്തരാധുനികതയുടെ ചുവടു പിടിച്ച് ന്യായവാദങ്ങള്‍ ചമയ്ക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. താല്‍പര്യം പ്രകടിപ്പിക്കുന്നത് ഉത്തമ മര്യാദയല്ലേ, അതിക്രമം നടത്തിയിട്ടില്ലല്ലോ  എന്ന്. കാണുന്ന മാത്രയില്‍ പുരുഷന്റെ ലൈംഗികതാല്‍പര്യത്തിന് മറുപടി പറയേണ്ടവരാണ് സ്ത്രീകള്‍ എന്ന രാഷ്ട്രീയബോധമുള്ളവര്‍ മിണ്ടാതിരിക്കണം. കാരണം നിയമം തന്നെ ഗുരുതരമായ കുറ്റമായി കാണുന്ന ലൈംഗികാതിക്രമത്തെയാണ് രാഷ്്ട്രീയന്യായീകരണം ചമയ്ക്കുന്നവര്‍ നിസാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. 

എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ഉയര്‍ന്ന ഗുരുതരമായ, ക്രിമിനല്‍ ആരോപണങ്ങളില്‍ എന്തു നിലപാടെടുക്കണമെന്ന് കോണ്‍ഗ്രസില്‍ വന്‍ ആശയക്കുഴപ്പമായിരുന്നു. പക്ഷേ സി.പി.എം നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമശ്രമമെന്ന് ആരോപണമുയരുമ്പോഴേക്കും ധാര്‍മിക ബോധം സടകുടഞ്ഞുണര്‍ന്നു. തിരിച്ച് എല്‍ദോസിന്റെ കേസില്‍ കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കാനിറങ്ങുന്ന സി.പി.എമ്മുകാര്‍ സ്വന്തം നേതാക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ പൂര്‍ണ നിശബ്ദത ആചരിക്കുന്നു. ആരോപണങ്ങള്‍ അവഗണിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെന്നാണ് പ്രതികരണം. ഒരു സ്ത്രീ ഉന്നതനേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള  ഭരണകക്ഷിക്കെങ്ങനെയാണ് അത് അവഗണിക്കാന്‍ കഴിയുക?

ഭരണപക്ഷ–പ്രതിപക്ഷനേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ ഒരേ സമയത്തു പുറത്തു വന്നത് വളരെ നന്നായി. ലൈംഗികാതിക്രമം, ലൈംഗികചൂഷണം  എന്നീ ഗുരുതരമായ  പ്രശ്നങ്ങളില്‍ നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെ ഇരട്ടത്താപ്പും ആത്മാര്‍ഥതയില്ലായ്മയും ഒറ്റയടിക്ക് മനസിലാക്കാന്‍ കേരളത്തിന് ഒരു അവസരം കൂടിയായി. സ്ത്രീപക്ഷരാഷ്ട്രീയവും ഉയര്‍ത്തി ഇനിയും ഈ വഴി വരണം. സ്ത്രീകള്‍ക്ക് അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശത്തിന്റെ അടിസ്ഥാന അര്‍ഥം പോലും മനസിലാകാത്തവരാണ് നാടിനെ മുന്നോട്ടു നയിക്കുമെന്നവകാശപ്പെടുന്നത്. 

MORE IN PARAYATHE VAYYA
SHOW MORE